എന്റെ പേര് ഗീത. വാഴച്ചാല്‍ ഊരില്‍ താമസിക്കുന്നു. വാഴച്ചാല്‍ ഊരിന്റെ മൂപ്പത്തിയായിട്ട്‌ രണ്ടുവര്‍ഷത്തോളമായി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എതിരായി തുടക്കം മുതല്‍ സമരരംഗത്ത് മുന്നിട്ടുനില്‍ക്കുന്നു. ആദിവാസികളുടെ (കാടര്‍ വിഭാഗം) വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നു. സമരമുഖത്തേക്ക് വരാന്‍ എന്നെ പ്രേരിപ്പിച്ചത് ആദിവാസികളായ എന്റെ സമൂഹത്തിലുള്ളവര്‍ അനുഭവിച്ച വേദനകളും യാതനകളുമാണ്. 

പറമ്പിക്കുളം മുതല്‍ ഇപ്പോള്‍ വാഴച്ചാല്‍ വരെ ഓരോ അണക്കെട്ടിന്റെ പേരില്‍ മാറിത്താമസിച്ചവരാണ് കാടര്‍ ആദിവാസികള്‍. ഇപ്പോള്‍ തന്നെ ഡാമുകള്‍ ചാലക്കുടിപ്പുഴയില്‍ ഉള്ളതായിട്ടാണ് ഞങ്ങളുടെ അറിവ്.  ഈ അറിവുകളെല്ലാം തന്നത് എന്റെ അച്ഛനും അപ്പൂപ്പന്മാരും വൃദ്ധരായ ആളുകളുമാണ്. ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ എന്റെ സമൂഹത്തില്‍ നിന്ന് ഇതുവരെ ആരും ഉയര്‍ന്നുവന്നിട്ടില്ല. എന്നും എപ്പോഴും എവിടെയും തഴയപ്പെടുന്ന ജനവിഭാഗമാണ് ആദിവാസികള്‍. 

കാടിനും പുഴയ്ക്കും വേണ്ടി ജീവിക്കുന്ന ആളുകളാണ്. കാടര്‍ വിഭാഗത്തിന്റെ ഉപജീവനമാര്‍ഗം  എന്നുപറയുന്നത് കാട്ടിലെ മലഞ്ചരക്കുകളായ തേന്‍, തെള്ളി, കൂവ, ചീവയ്ക്ക, ഇഞ്ചി, മഞ്ഞള്‍, കണ്ണിമാങ്ങ, ഇഞ്ച എന്നിവയുടെ വില്പനയാണ്. പിന്നെ പുഴയിലെ മീന്‍പിടുത്തവും. ഇപ്പോള്‍ വനസംരക്ഷണ സമിതിയിലും അംഗങ്ങളാണ്. എല്ലാ ഊരിലും വനസംരക്ഷണ സമിതികളുണ്ട്. കൂടാതെ ഏത് മേഖലയിലും ചൂഷണത്തിന് വിധേയരായവരാണ്.

ഊരുമൂപ്പത്തി ആയതിന് ശേഷം എനിക്ക് ഒത്തിരി പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വന്നിട്ടുണ്ട്. അപ്പോഴാണ് പല പ്രശ്‌നങ്ങളും ഇത്ര രൂക്ഷമാണെന്ന് മനസ്സിലാകുന്നത്. വിദ്യാഭ്യാസം ഇല്ലാത്തതുമൂലം ശരിക്കും ഒരുകാര്യം മനസ്സിലാക്കിക്കൊടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. 

അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ കാടര്‍ സമുദായത്തിന്റെ ഉറവിടം നശിച്ചു എന്നുതന്നെ പറയാം. എണ്ണത്തില്‍ ഏറ്റവും കുറവുള്ള ജനവിഭാഗവുമാണ് കാടര്‍ ആദിവാസികള്‍.