Arunaക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മുംബൈയിലെ ഗോവാലിയ ടാങ്ക്  മൈതാനത്തില്‍ തടിച്ചുകൂടിയ ജനങ്ങളോട് പിരിഞ്ഞുപോകാന്‍ പട്ടാളക്കാര്‍ ആജ്ഞാപിച്ചു. അപ്പോള്‍ ഒരു പെണ്‍കുട്ടി വേദിയിലേക്ക് ഓടി എത്തി. ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റുചെയ്യപ്പെട്ട വിവരം ആ കുട്ടി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് ആ പെണ്‍കുട്ടി മൂവര്‍ണ പതാക ഉയര്‍ത്തി. പട്ടാളക്കാര്‍ സ്തബ്ധരായി നിന്നു. 'അരുണ' എന്ന പേര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ നിമിഷം. ബ്രിട്ടീഷുകാര്‍ക്കെതിരെ സധൈര്യം പോരാടിയ അരുണ ആസഫലി. 

ലാഹോര്‍, നൈനിത്താള്‍ എന്നിവിടങ്ങളില്‍ പഠിച്ചതിനുശേഷം കല്‍ക്കത്തയിലെ ഗോഖലെ സ്മാരക വിദ്യാലയത്തില്‍ അധ്യാപികയായി. അരുണ ഉപ്പുസത്യാഗ്രഹകാലത്താണ് ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗാന്ധി ഇര്‍വിന്‍ ഉടമ്പടിയെത്തുടര്‍ന്ന് തടവറയിലെ രാഷ്ട്രീയതടവുകാരെല്ലാം മോചിതരായി. എന്നാല്‍, ലാഹോറില്‍ തടവിലായിരുന്ന അരുണയെ ബ്രിട്ടീഷ് സര്‍ക്കാര്‍ വിട്ടയച്ചില്ല. ഗാന്ധിജിയുടെ ഇടപെടലോടെയാണ് അരുണയെ ജയില്‍മോചിതയാക്കുന്നത്.

ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് 'ഇന്ത്യന്‍ റസിസ്റ്റന്‍സ് മൂവ്‌മെന്റ് എന്ന സംഘടന രൂപവത്കരിച്ചു. ഒളിവിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം അറസ്റ്റിലായപ്പോള്‍ അരുണയടക്കമുള്ള സോഷ്യലിസ്റ്റ് നേതാക്കളാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ ധീരമായി നയിച്ചത്.

അരുണയുടെ അറസ്റ്റ് സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമായിമാറിയപ്പോള്‍ അരുണയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5,000 രൂപ ഇനാമായി പ്രഖ്യാപിച്ചു. 
1946 ജനുവരി 26-ന് അറസ്റ്റ് വാറണ്ട് പിന്‍വലിക്കപ്പെടുന്നതുവരെ അവര്‍ ഒളിജീവിതം തുടര്‍ന്നു. സമര രംഗത്ത് ജ്വലിച്ചുനിന്ന അരുണ 1947-ല്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1955-ല്‍ ഡല്‍ഹിയിലെ ആദ്യ മേയറായി അരുണയെ തിരഞ്ഞെടുത്തു.   1996 ജൂലായ് 29-ന് അരുണ ആസഫലി നിര്യാതയായി.