ഡല്‍ഹിയില്‍ ഗുണ്ടകളുടെയും പോലീസിന്റെയും മര്‍ദനമേല്‍ക്കേണ്ടിവന്നപ്പോഴും ജാര്‍ഖണ്ഡില്‍ മാവോതീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടപ്പോഴും ജെ.എന്‍.യു.വില്‍ വിദ്യാര്‍ഥിനിയായ മകള്‍ അപരാജിതയെ ഐ.എസ്. തീവ്രവാദിയെന്നു വിളിച്ച് ആക്ഷേപിച്ചപ്പോഴും ആനിരാജ പതറിയില്ല സ്ത്രീസമരങ്ങളില്‍ ദേശീയതലത്തില്‍ ഇടപെടുന്ന വനിതാ നേതാവാണ് കണ്ണൂരിന്റെ  മണ്ണില്‍ വളര്‍ന്ന ആനിരാജ

ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടില്‍ തോമസിന്റെയും മറിയയുടെയും മകള്‍ ആനി തോമസ് എന്ന പേര് ഇപ്പോള്‍ പലര്‍ക്കും ഓര്‍മ കാണില്ല. കാരണം അവര്‍ ഇന്ന് സി.പി.ഐ.യുടെ ദേശീയ മഹിളാ ഫെഡറേഷന്റെ അഖിലേന്ത്യ സെക്രട്ടറി ആനിരാജയാണ്. സി.പി.ഐ.യുടെ അഖിലേന്ത്യാ നേതാവും എം.പി.യുമായ ഡി.രാജയുടെ ഭാര്യ. ഇന്ത്യയിലെ സാധാരണ സ്ത്രീകളുടെ അരവയര്‍പോരാട്ടം നയിക്കുന്ന വനിത. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ എ.ഐ.എസ്.എഫ്. നേതാവും വിദ്യാര്‍ഥിപോരാളിയുമായ അപരാജിതയുടെ അമ്മ.

1970 കാലഘട്ടത്തില്‍ മലയോരമേഖലയിലെ ദരിദ്രമായ ചുറ്റുപാടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടിയേന്തി സമരം നയിച്ച ഇത്തിരി കറുത്ത് കൊലുന്നനെയുള്ള പെണ്‍കുട്ടി പ്രതിസന്ധികളെ അവഗണിച്ചാണ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. ഒരു കമ്യൂണിസ്റ്റാവുമ്പോള്‍ സാധാരണ ക്രിസ്തീയ കുടുംബത്തില്‍ നിന്നുണ്ടാകുന്ന ശക്തമായ എതിര്‍പ്പിനെ തട്ടിമാറ്റിയായിരുന്നു ആനിതോമസ് സി.പി.ഐ.യുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫി.ന്റെ ചെങ്കൊടിയേന്തിയത്. പാര്‍ട്ടിവിശ്വാസം മാത്രമല്ല. പാവപ്പെട്ടവര്‍, ദളിതര്‍ തുടങ്ങിയവരോടുള്ള വിവേചനത്തെ തന്റെ സ്വന്തം ജീവിതം കൊണ്ട് ചോദ്യം ചെയ്തവളാണ് ആനി തോമസ്. ആനി അങ്ങനെയാണ് ദളിതനും ഉറച്ച കമ്യൂണിസ്റ്റുകാരനുമായ ഡി.രാജയെ വിവാഹം കഴിച്ച് ആനിരാജയാവുന്നത്. ഇന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ, സവര്‍ണഫാസിസത്തിനെതിരെ പോരാടുന്ന അവര്‍ കണ്ണൂരിന്റെ മകളായിരുന്നു എന്ന് പലരും അറിയുന്നില്ല.

രാഷ്ട്രീയത്തിലേക്ക് എന്തുകൊണ്ടാണ് കറുത്തവരെ ഇങ്ങനെ അകറ്റുന്നത് എന്ന ചിന്ത എന്റെ മനസ്സിലും നിറഞ്ഞു. അപ്പോള്‍ ഒരു തീരുമാനമെടുത്തു. കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഒരു ദളിതനെ മാത്രം. നിറം അവഗണനയുടെയും പീഡനത്തിന്റെയും പ്രതീകമാകുന്നുവെന്ന് മനസ്സിലാക്കിയത് നിറത്തിലും ഒരു രാഷ്ട്രീയമുണ്ടെന്ന തിരിച്ചറിവാണ് യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലമായിരുന്നതിനാല്‍ കമ്യൂണിസ്റ്റു രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് വരുന്നതില്‍ കുടുംബത്തില്‍ പ്രത്യേകിച്ച് അമ്മവീട്ടുകാര്‍ക്കും അമ്മാമന്‍മാര്‍ക്കുമൊക്കെ വലിയ എതിര്‍പ്പായിരുന്നു. അമ്മയുടെ വീട്ടുകാരില്‍ പലരും കന്യാസ്ത്രീകളും അച്ചന്‍മാരും. പുറമെ കടുത്ത കോണ്‍ഗ്രസുകാരും. പൊതുയോഗത്തില്‍ സംസാരിക്കുന്നതുപോലും കടുത്ത എതിര്‍പ്പും പ്രതിഷേധവുമായി. പക്ഷേ ആനിയുടെ അച്ഛന്‍ തോമസ്് കര്‍ഷകസംഘം പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് അച്ഛന്റെ ഭാഗത്തുനിന്ന് പൊതുവെ എതിര്‍പ്പില്ലായിരുന്നു. കരിക്കോട്ടക്കരി സെയ്ന്റ് തോമസ് എച്ച്.എസില്‍ പഠിക്കുമ്പോള്‍ സി.പി.ഐ.യുടെ വിദ്യാര്‍ഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മൂന്നു സഹോദരങ്ങളും രാഷ്ട്രീയത്തിലുണ്ടായിരുന്നു. അവരുടെ പിന്തുണയും ധൈര്യമായി.

ഇരിട്ടിയില്‍ നടന്ന പാരലല്‍ കോളേജ് സമരത്തില്‍ ആനി തോമസ് മുന്‍നിരയില്‍ തന്നെ പങ്കെടുത്തു. സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരെയുള്ള പോരാട്ടത്തെ പോലീസ് ക്രൂരമായാണ് നേരിട്ടത്. പോലീസ് ജീപ്പിടിച്ച് അവര്‍ക്ക് അന്ന് പരിക്കേറ്റു. വീട്ടിലെ സാമ്പത്തികസ്ഥിതി കാരണം തുടര്‍ന്ന് പഠിക്കേണ്ട എന്ന തീരുമാനമുണ്ടായി. പക്ഷേ സഹോദരന്‍ കെ.ടി.ജോസഫ് എതിര്‍ത്തു. പറ്റില്ല, അവള്‍ പഠിക്കട്ടെ, ഞാന്‍ പിന്മാറാം. അങ്ങനെയാണ് ആനി തുടര്‍ന്നു പഠിക്കുന്നത്. ദേവമാത പാരലല്‍ കോളേജില്‍ ബി.എ.ക്ക്. 

Annie

പാര്‍ട്ടി മഹിളാസംഘത്തിന്റെ ജില്ലാ സെക്രട്ടറിയായി ആയിടയ്ക്കാണ് ചുമതല വരുന്നത്. സെക്രട്ടറിയായിരുന്ന നന്ദിനി സഖാവിന് അസുഖം കാരണം നീണ്ട അവധിയെടുക്കേണ്ടിവന്നതിനാല്‍ ആ ചുമതല തലയിലായി. ആ സമയത്താണ് സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ കാന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ പോരാളിയായ യശോദ ടീച്ചറുമായി അടുപ്പമുണ്ടാവുന്നത്. അത് വലിയ അനുഭവമായെന്ന് ആനി പറയുന്നു. കുറേക്കാലം കീച്ചേരിയില്‍ ടീച്ചറുടെ വീട്ടില്‍ താമസമായി. ഇരുപത്തിരണ്ടാം വയസ്സില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അംഗം. രാഷ്ട്രീയതാത്പര്യം തിരിച്ചറിഞ്ഞ മുന്‍ മുഖ്യമന്ത്രി കൂടിയായ പി.കെ.വാസുദേവന്‍ നായര്‍ വീട്ടില്‍ വന്ന് അച്ഛനോട് മകളെ രാഷ്ട്രീയത്തില്‍ സജീവമാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് മഹിളാസംഘം വടക്കന്‍ മേഖലാ സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി.

അതിനിടെ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമാര്‍ച്ച് നടന്നു. ബിരുദധാരികളായ 51 പെണ്‍കുട്ടികള്‍ ചേര്‍ന്ന് 33 ദിവസം നീണ്ട കാല്‍നടയാത്ര. വലിയ മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റിയ യാത്രയായിരുന്നു അത്. അന്നത്തെ മഹിളാസംഘത്തിന്റെ യുവനേതാവ് ആര്‍.ലതാദേവിയാണ് മാര്‍ച്ച് നയിച്ചത്. ജാഥ വന്‍ വിജയമായതിനെത്തുടര്‍ന്ന്് പാര്‍ട്ടി 12 പെണ്‍കുട്ടികളെ ആറുമാസത്തേക്ക് മോസ്‌കോയിലേക്ക് രാഷ്ട്രീയപഠനത്തിനായി അയച്ചു. ആനിക്കും യാത്രയില്‍ ഇടം കിട്ടി. മോസ്‌കോ അനുഭവം തന്നെ ഒരുപാട് സ്വാധീനിച്ചെന്ന് അവര്‍ പറയുന്നു.

വിവാഹത്തെക്കുറിച്ചു പലരും പറയുമ്പോള്‍ത്തന്നെ മനസ്സില്‍ ഒരു തീരുമാനം എടുത്തിരുന്നു. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ഒരു ദളിത് യുവാവിനെയായിരിക്കണം എന്ന്. അതിന് കാരണവുമുണ്ട്. സ്‌കൂള്‍ കാലഘട്ടത്തിലും മറ്റും സുഹൃത്തുക്കുള്‍ പലരും കണ്‍വേര്‍ട്ടഡ് ക്രിസ്ത്യാനികളായിരുന്നു. അതില്‍ അന്നമ്മ എന്ന നല്ല കഴിവുള്ള കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയെ മറ്റു സഹപാഠികള്‍ പലപ്പോഴും പറച്ചി എന്നുവിളിച്ച് കളിയാക്കാറുണ്ടായിരുന്നു. അവരുടെ കറുപ്പിനെക്കുറിച്ചും അവര്‍ പരിഹസിക്കും. കുട്ടികള്‍ പലപ്പോഴും കല്യാണത്തെ കുറിച്ച് പറയുമ്പോള്‍ ചരിച്ചുകൊണ്ട് പറയും ഞങ്ങള്‍ക്കാര്‍ക്കും കറുത്തചെക്കന്‍മാരെ വേണ്ട. കറുത്തവര്‍ മുതലാളിത്തത്തിന്റെ അല്ലെങ്കില്‍ സവര്‍ണതയുടെ ഒരു ചൂഷണപ്രത്യയശാസ്ത്രമാണെന്ന് തന്റെ രാഷ്ട്രീയം ചെറുപ്പത്തിലെ പഠിപ്പിച്ചതായി ആനിരാജ പറയുന്നു.

ഡി.രാജയെ പരിചയപ്പെടുന്നു

വനിതാ മാര്‍ച്ചിന്റെ സമാപന സമ്മേളനം തിരുവനന്തപുരത്ത് നടക്കുമ്പോഴാണ് എ.ഐ.വൈ.എഫിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന തമിഴ്‌നാട് സ്വദേശി ഡി.രാജയെ കാണുന്നത്. തമിഴും ഇംഗ്ലീഷും അത്ര പിടിയില്ലാത്തതിനാല്‍ അധികം സംസാരിക്കാനൊന്നും പറ്റിയില്ല. യാദൃച്ഛികമായി എപ്പോഴോ കൂട്ടുകാര്‍ക്കിടയില്‍നിന്ന് ആ ചോദ്യം വന്നു. രാജസഖാവിനെ കല്യാണം കഴിച്ചൂടെയെന്ന്. എനിക്കെതിര്‍പ്പില്ലായിരുന്നു. ശുദ്ധനായ കമ്യൂണിസ്റ്റ്. ധീരനായ നേതാവ്, താഴ്ന്നവരുടെ ലോകത്തില്‍നിന്ന് പോരാടി നേതൃത്വത്തിലേക്ക് വന്നയാള്‍. കറുത്തവന്‍, ദളിതന്‍ മറ്റെന്ത് നോക്കണം. പക്ഷേ പാര്‍ട്ടിയുടെ അനുമതി വേണം. രാജയുമായുള്ള കല്യാണക്കാര്യം ചര്‍ച്ചയായപ്പോള്‍ ഇക്കാര്യത്തില്‍ തമിഴ്‌നാട് ഘടകവും കേരളഘടകവും തമ്മില്‍ ആലോചിച്ചു ചിരിച്ചുകൊണ്ട് ആനിരാജ പറയുന്നു. കേരളത്തില്‍ ചിലര്‍ സ്വകാര്യമായി എതിര്‍ത്തു. കേരളത്തിന്റെ ശക്തയായ വനിതാകാഡര്‍ തമിഴ്‌നാടിന് പോകുന്നു എന്നായിരുന്നു കാരണം. പി.കെ.വി. ഇടപെട്ടു. സാരമില്ല. നടക്കട്ടെ അദ്ദേഹം പറഞ്ഞു. അന്യമതസ്ഥനായിരുന്നതിനാല്‍ എന്റെ വീട്ടില്‍ അമ്മയ്ക്കായിരുന്നു എതിര്‍പ്പ്. പക്ഷേ നേരത്തേ എന്റെ രാഷ്ട്രീയത്തെ എതിര്‍ത്ത ഒരു അമ്മാമന്‍ കൂടെ നിന്നത് എന്നെ അത്ഭുതപ്പെടുത്തി.

ഒരുദിവസം ഡി.രാജ എന്നെ പെണ്ണുകാണാന്‍ വന്നു. 1990 ജനുവരി ഏഴിന് കണ്ണൂര്‍ ചേംബര്‍ ഹാളിലായിരുന്നു വിവാഹം. മതപരമായ ചടങ്ങില്ല. താലിമാലയില്ല. ആഘോഷമില്ല. എല്ലാവര്‍ക്കും നാരങ്ങവെള്ളം. പലരും ബെറ്റുവെച്ചു. തമിഴ്‌നാട്ടില്‍നിന്ന് ഒരാഴ്ചകൊണ്ട് ഇവള്‍ തിരിച്ചെത്തും. ഇവള്‍ തലതെറിച്ചവളാണല്ലോ. തമിഴത്തി അമ്മായിഅമ്മ നേതാവിനെ അടിച്ചിറക്കും. അങ്ങനെ പോയി കുശുകുശുപ്പ്.

വെല്ലൂരിനു സമീപം ചിത്താത്തൂര്‍ ഗ്രാമത്തില്‍ പാലാര്‍ നദിക്കരയിലായിരുന്നു രാജയുടെ വീട്. വീട് എന്നു പറയാനൊന്നും പറ്റില്ല. സ്വന്തമായി ഭൂമിയില്ല. നാറുന്ന കുപ്പക്കൂനയ്ക്ക് സമീപം പുറമ്പോക്ക് സ്ഥലത്ത് പ്ലാസ്റ്റികും തകരവും മറച്ച ഒരു കുടില്‍. അവിടെ രാജയുടെ അച്ഛനും അമ്മയും ആറുമക്കളും. വീട്ടിലെ സൗകര്യം മനസ്സിലായല്ലോ ആനി ചോദിക്കുന്നു.

വീട്ടില്‍ എത്തുന്നതിനുമുന്‍പ് തമിഴ്‌നാട് പാര്‍ട്ടി ഓഫീസില്‍ സ്വീകരണമുണ്ടായിരുന്നു. സി.പി.ഐ. നേതാവ് എ.ബി.ബര്‍ദന്‍, പാര്‍ട്ടി തമിഴ്‌നാട് സെക്രട്ടറി നല്ലകണ്ണ് തുടങ്ങിയ നേതാക്കള്‍ ചടങ്ങിനെത്തി. വിവാഹം കഴിഞ്ഞു നാലാംനാള്‍ സഖാവ് ചൈനയിലേക്ക് പോയി. 15 ദിവസം കഴിഞ്ഞാണ് വന്നത്. എനിക്കാണെങ്കില്‍ തമിഴ് അറിയില്ല.
 
അമ്മായിഅമ്മ ആദ്യം ചെയ്തത് ഒരു സ്‌ളേറ്റ് വാങ്ങിക്കൊണ്ടുവരികയായിരുന്നു. പിന്നെ എന്നോട് തമിഴ് പഠിക്കാന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അവിടെയും കഷ്ടപ്പാട് തന്നെയായിരുന്നു. പലദിവസവും പട്ടിണി. രാജ സഖാവ് പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനവുമായി ഡല്‍ഹിയില്‍. ഗര്‍ഭിണിയായ ഞാനും ഡല്‍ഹിയിലെത്തി. പാര്‍ട്ടി ഓഫീസിലെ ചെറിയ സാഹചര്യത്തിലായിരുന്നു താമസം. ഒരിക്കല്‍ ചെറിയ മോളുമായി പാര്‍ട്ടി ഓഫീസില്‍ നില്‍ക്കുന്ന എന്നെ കണ്ട സി.പി.ഐ. നേതാവ് ഗീതാമുഖര്‍ജി അവരുടെ സൗകര്യമുള്ള കെട്ടിടം ഞങ്ങള്‍ക്ക് വിട്ടുതന്നു. അവര്‍ ഞങ്ങളുടെ മുറിയിലേക്ക് മാറി. അവരുടെ സമീപനം എന്നെ അത്ഭുതപ്പെടുത്തി.

രണ്ടുപേര്‍ക്കും ജോലിയെടുക്കാതെ ഡല്‍ഹിയല്‍ ജീവിക്കാന്‍ പറ്റില്ലെന്നായി. ഞാന്‍ അവിടെ പല ജോലിയും എടുത്തു. ബി.എഡ്. ബിരുദമെടുത്തു. അധ്യാപികയായി, കെ.ടി.ഡി.സി. റസ്റ്റോറന്റില്‍ പാത്രം കഴുകി. ആകാശവാണിയില്‍ വാര്‍ത്ത വായിച്ചു. കുട്ടികള്‍ക്ക് ട്യൂഷന്‍, വിവര്‍ത്തക ഒരേസമയം അഞ്ചുജോലിയെടുത്തിരുന്നു. വീണ്ടും പൊതുപ്രവര്‍ത്തനത്തിലേക്ക്. 

ഡല്‍ഹിയില്‍ എസ്.ആര്‍.പി.യുടെ ഭാര്യ  രത്മയുടെ കൂടെയായി പ്രവര്‍ത്തനം. അതിനിടെ ഡി.രാജ തമിഴ്‌നാട്ടില്‍നിന്ന് എം.പി.യായി. ഞാന്‍ അതോടെ സമ്പൂര്‍ണ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങി. ഇന്ത്യയില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ യാത്രചെയ്യുക, ഹിന്ദിപഠിക്കുക, സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക. ഇതായിരുന്നു ലക്ഷ്യം. അത് ഇപ്പോഴും തുടരുന്നു.

Annie
ചിത്രം: ലതീഷ് പൂവ്വത്തൂര്‍

ഫാസിസ്റ്റുകാലത്തെ സ്ത്രീജീവിതം
വളരെ ഭീഷണമായ കാലഘട്ടമാണ് നമുക്കുമുന്നില്‍. ഫാസിസത്തിന്റെ കാലഘട്ടം. അതില്‍ സ്ത്രീകളാണ് ബലിയാടാവുന്നത്. പോരാടിയേ തീരു ആനി പറയുന്നു.ഫാസിസ്റ്റുകാലത്തെ സ്ത്രീജീവിതത്തിന്റെ ദുരന്തവും വേദനയും അറിയണമെങ്കില്‍ ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പോകണം. 
ഡല്‍ഹിയിലെ നാലായിരത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന പാവക്കൂത്ത് കോളനിയെന്നറിയപ്പെടുന്ന കട്പുത്തല്‍ പോലീസും ഗുണ്ടകളും ചേര്‍ന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കടുത്ത പനിയെ അവഗണിച്ചും ആനിരാജ അവിടെയെത്തി. പ്രതിഷേധത്തില്‍ അവര്‍ക്ക് അടിവയറ്റില്‍ ചവിട്ടേറ്റത് വലിയ വാര്‍ത്തയായിരുന്നു.

ജാര്‍ഖണ്ഡില്‍ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാസഖാക്കള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്്. ഗ്രാമവാസികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ മാവോവാദികള്‍ അനുവദിക്കില്ല. തങ്ങളുടെ പാര്‍ട്ടി സഖാവായ മുയ്യ എന്ന സ്ത്രീയെ മാവോവാദികള്‍ 12 ദിവസം കെട്ടിയിട്ടു. ഭര്‍ത്താവിനെ പിടികൂടി. 5000 രൂപ തന്നില്ലെങ്കില്‍ വെടിവെച്ച് കൊല്ലുമെന്നും പറഞ്ഞു. 4000 രൂപ മാത്രമേ അവര്‍ക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞുള്ളു. ഫലം ക്രൂരമായിരുന്നു. കൂട്ടത്തില്‍ പെട്ട ഒരു കൊച്ചുകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതേസമയം മാവോവാദികളെ സഹായിക്കുന്നത് ഞാനാണെന്ന് ബി.ജെ.പി. അനുകൂലമാധ്യമങ്ങള്‍ പറയുന്നു ആനിരാജ ചിരിച്ചുകൊണ്ട് പറഞ്ഞു.

തന്റെ മകളും ജെ.എന്‍.യു. വിദ്യാര്‍ഥിനിയുമായ അപരാജിതയെ സമൂഹമാധ്യമത്തില്‍ അക്രമിക്കാനും എതിരാളികള്‍ മുതിര്‍ന്നു ആനിരാജ പറയുന്നു. 
ജെ.എന്‍.യു. യൂണിറ്റ് പ്രസിഡന്റാണ് അപരാജിത. കനയ്യകുമാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ജെ.എന്‍.യു. ഹോസ്റ്റലില്‍ രാത്രി പോലീസ് റെയ്ഡുണ്ടായപ്പോള്‍ അര്‍ധരാത്രി ഹോസ്റ്റലില്‍നിന്നിറങ്ങി പ്രതിഷേധിക്കാന്‍ ആനിരാജയാണ് മകളോട് ആവശ്യപ്പെട്ടത്. അത് ഐ.ഐ.എസ്.എഫുകാരുടെ ഉത്തരവാദിത്തമാണ് ആനിരാജ പറയുന്നു.

Content Highlights: Annie Raja, CPI, D.Raja. JNU, AISF, Aparajitha, Kanhaiya Kumar