ശ്രീനഗർ: പൈലറ്റാവുക എന്ന തന്റെ  സ്വപ്‌നം പൂവണിയുന്നതിനോടൊപ്പം ചരിത്രത്തിന്റെ ഭാഗമാകാനിരിക്കുകയാണ് 21 കാരിയായ ആയിഷ അസീസ്. മിഗ്-29 യുദ്ധവിമാനം പറത്തുന്ന ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയാണ് കശ്മീർ സ്വദേശിനിയായ ആയിഷയെ കാത്തിരിക്കുന്നത്. ശബ്ദ വേഗത്തേക്കത്തിനപ്പുറം സഞ്ചരിക്കുന്നതാണ് മിഗ് 29 യുദ്ധവിമാനം. 

കഴിഞ്ഞ ആഴ്ച വിമാനം പറത്തുന്നതിനുള്ള ലൈസന്‍സ് ആയിഷയ്ക്ക് ലഭിച്ചു. മിഗ്-29 യുദ്ധവിമാനം പറത്താന്‍ പോകുകയാണ് ഞാന്‍, എനിക്ക് ശൂന്യതയുടെ ഏറ്റവും അറ്റത്ത് എത്തണം. അതിനായുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്.ലൈസന്‍സ് ലഭിച്ചതിന് ശേഷം ആയിഷ പ്രതികരിച്ചു.  

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ ആയിഷ പൈലറ്റ് പരിശീലനം തുടങ്ങിയിരുന്നു. 16-ാം വയസില്‍ ബോംബെ ഫ്‌ളെയിംഗ് ക്ലബ്ബില്‍ നിന്ന് സ്റ്റുഡന്റ്‌സ് ലൈസന്‍സ് സ്വന്തമാക്കി.  നാസയില്‍ നിന്ന് രണ്ടു മാസത്തെ പരിശീലനവും ലഭിച്ചു. നാസ പരിശീലനത്തിനായി തിരഞ്ഞെടുത്ത മൂന്ന് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു ആയിഷ. ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസാണ് ആയിഷയ്ക്ക് പ്രചോദനം. 

ആയിഷയുടെ മാതാവ് ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലക്കാരിയും പിതാവ് മുംബൈ സ്വദേശിയുമാണ്. 'ഞങ്ങള്‍ക്ക് ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളേക്ക് പോകണം. ഞാന്‍ അവളുടെ നേട്ടത്തില്‍ ഏറെ  അഭിമാനിക്കുന്നു. അവള്‍ എന്റെ ആരാധനാപാത്രവും പ്രചോദനവുമാണെന്ന്‌ ആയിഷ അസീസിന്റെ സഹോദരന്‍ അരീബ് ലോഖന്ദ്വാല പറഞ്ഞു.

എന്റെ സന്ദേശം കശ്മീരി പെണ്‍ക്കുട്ടികള്‍ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷത്ക്കരിക്കാനിടയാക്കും, നടക്കാത്താതായി ഒന്നുമില്ല. നിങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് ഉറപ്പായും നേടിയിരിക്കുമെന്നും ആയിഷ വ്യക്തമാക്കി.