"ഹിമാലയമാണ് എന്നെ എന്നും മോഹിപ്പിക്കുന്നത്. എത്രയോവട്ടം ഹിമാലയത്തിന്റെ പല ഭാഗങ്ങളിലേക്കും പോയി. ഇപ്പോഴും ഹിമാലയം വിളിച്ചുകൊണ്ടേയിരിക്കുന്നു. അതിനനുസരിച്ച് ഞാൻ വിളി കേൾക്കുന്നു’’ -പന്നിയങ്കരയിലെ വീട്ടിലിരുന്ന്‌ വത്സലാ മോഹൻ പറയുമ്പോൾ മനസ്സ് അങ്ങുദൂരെ ഹിമവാന്റെ മടിത്തട്ടിലെത്തി.

ഹിമാലയൻ ട്രക്കിങ്

അതിദുർഘടമായ ഹിമാലയൻ പാതകൾ നടന്നുകയറാനാണ് വത്സലാമോഹന് പ്രിയം. അതുകൊണ്ടുതന്നെ ഇതുവരെ നടത്തിയ യാത്രകളിൽ ഹിമശൈലങ്ങളും ഹിമാലയൻ കാടുകളും നടന്നുകയറിയ അനുഭവമാണ് ഇവർക്ക് കൂടുതലുള്ളതും.  വിവാഹശേഷം ഭർത്താവ് മോഹൻ നായർക്കൊപ്പമായിരുന്നു ആദ്യയാത്രകൾ. ഭർത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് തുറമുഖനഗരങ്ങൾ സന്ദർശിക്കാൻ തുടങ്ങിയതോടെയാണ് യാത്രയോടുള്ള പ്രണയം തുടങ്ങിയത്.

പിന്നീട് സംഘമായി യാത്രതുടങ്ങി. 2001-ലാണ് ആദ്യമായി ഹിമാലയത്തിന്റെ സൗന്ദര്യത്തിലേക്ക് നടന്നുകയറിയത്. 33 ദിവസംനീണ്ട കാശി-ചതുർധാം യാത്രയായിരുന്നു അത്. ഗംഗയും യമുനയും സരസ്വതിയും വന്നുചേരുന്ന ത്രിവേണിസംഗമത്തിൽനിന്ന് തുടങ്ങി കാശി, ഗയ, അയോധ്യ എന്നീ ഇടങ്ങൾ പിന്നിട്ടുള്ള യാത്ര. ഗംഗോത്രി, ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങളിലെല്ലാം പോയി. ഗംഗ, യമുന, സരസ്വതി നദികളുടെ ഉദ്‌ഭവസ്ഥാനവും അന്ന് കണ്ടു. 

മൂന്നുവർഷം കഴിഞ്ഞപ്പോൾ അമർനാഥിലേക്ക് പോയി. പഹൽഗാമിൽനിന്ന് തുടങ്ങിയ യാത്രയിൽ 36 കിലോമീറ്റർ മൂന്നുദിവസംകൊണ്ടാണ് നടന്ന് പൂർത്തിയാക്കിയത്. ‘‘രാത്രി ടെൻറുകെട്ടിയാണ് താമസം. അവിടെയുള്ള ആളുകൾ ഭക്ഷണം നൽകും. പലരും ശ്വാസതടസ്സവും മറ്റുകാരണങ്ങൾകൊണ്ടും യാത്ര മതിയാക്കി. എങ്കിലും ഞങ്ങൾ മുന്നോട്ടുതന്നെ പോയി യാത്ര പൂർത്തിയാക്കി’’ -വത്സല പറഞ്ഞു.

2005-ലെ കൈലാസയാത്രയ്ക്കിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. അന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും അടുത്തവർഷം വീണ്ടും പോയി. 24,000 അടിയോളം ഉയരത്തിൽ മൈനസ് ഡ്രിഗി താപനിലയിൽ അന്ന് മൂന്നുദിവസം ട്രക്കിങ് നടത്തി. 54 കിലോമീറ്ററാണ് നടന്നുകയറിയത്. പ്രദക്ഷിണത്തിനിടെ ജാംബിയാങ് കൊടുമുടി കയറി കൈലാസത്തെ ഏറ്റവും അടുത്തുനിന്ന് ദർശിച്ച ആദ്യസ്ത്രീയെന്ന സർട്ടിഫിക്കറ്റും അന്ന് നേപ്പാളിലെ ടൂർ സംഘാടകരിൽനിന്ന് കരസ്ഥമാക്കി.

valsala mohan

2012-ൽ നടത്തിയ പഞ്ചകേദാർ യാത്രയായിരുന്നു ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതെന്ന് വത്സല പറയുന്നു. ‘‘ഉക്കിമഠിലുണ്ടായ മേഘവിസ്ഫോടനത്തിന്റെയും ഉത്തരകാശിയിലെ വെള്ളപ്പൊക്കത്തിന്റെയുമെല്ലാം ശേഷിപ്പുകൾ നിറഞ്ഞതായിരുന്നു ആ യാത്ര. എന്നിട്ടും സുഹൃത്ത് സരളയ്ക്കൊപ്പം അന്തർഹിമാലയങ്ങളിലൂടെ സഞ്ചരിച്ചു. 

മഞ്ഞുമൂടിയ ഹിമാലയത്തിനപ്പുറം പുൽമേടുകളും മരങ്ങളും നിറഞ്ഞതായിരുന്നു വഴി. പൊട്ടിവീണ മരങ്ങൾക്കിടയിലൂടെ പഹാഡികളുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് സഞ്ചരിച്ചത്. വഴികൾ പലതും ഇല്ലാതായതോടെ അധികദൂരം സഞ്ചരിക്കേണ്ടിയും വന്നു. എങ്കിലും യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞത് നേട്ടമായി’’ -വത്സലാമോഹൻ അന്നത്തെ യാത്ര ഓർത്തെടുത്തു. 

സിക്കിം, ഭൂട്ടാൻ, അസം, മേഘാലയ, അരുണാചൽപ്രദേശ് എന്നീ ഭാഗങ്ങളിലുള്ള ഹിമാലയം തീർത്തും വ്യത്യസ്തമാണ്. കാർഗിൽ, ലഡാക്ക്, സിയാച്ചിൻമേഖല, കർദുങ്‌ല പാലസ്, വാഗാ അതിർത്തി, നാഥുലപാസ് എന്നീ പട്ടാളക്യാമ്പുകളിലൂടെയുള്ള യാത്രകളും അവിസ്മരണീയമായിരുന്നു. ഹിമാലയം മനോഹരമാണ്. എങ്കിലും മാനസസരോവറിനോടും പൂക്കളുടെ താഴ്‌വരയോടും ഒരിത്തിരി ഇഷ്ടക്കൂടുതലുണ്ട് വത്സലയ്ക്ക്.

വിസ്മയമായി അങ്കോർവാട്ട്

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പിന്നിട്ട വത്സല മറ്റു രാജ്യങ്ങളും യാത്രയിൽനിന്ന് ഒഴിവാക്കാറില്ല. കംബോഡിയയിലെ അങ്കോർവാട്ട് ക്ഷേത്രമാണ് തന്നെ അദ്‌ഭുതപ്പെടുത്തിയതെന്ന് വത്സല പറഞ്ഞു. ‘‘എങ്ങനെ മനുഷ്യന് സാധിക്കും ഇത്തരമൊരു നിർമാണമെന്നത് ഇന്നും വിസ്മയമുണ്ടാക്കുന്നു. ബാലിയിലെ ജനങ്ങൾ സംസ്കാരത്തെ മുറുകെപ്പിടിക്കുന്നവരാണ്.’’

vatsala mohan
വത്സലാ മോഹന്‍ ബാലിയിലെ ക്ഷേത്രത്തിനു മുന്നില്‍

വിയറ്റ്‌നാമും ശ്രീലങ്കയും ബാങ്കോക്കുമെല്ലാം ഇവർക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. യുനസ്കോയുടെ പൈതൃകപട്ടികയിലുള്ളതും ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലുള്ളതുമായ സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. ചരിത്രശേഷിപ്പുകളെക്കുറിച്ചും നാടുകളെക്കുറിച്ചും കൂടുതലറിയാൻ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ ഗ്രാമീണമേഖലകളിലേക്കുകൂടി പോകാറുണ്ട് . 

യാത്രകൾ അവസാനിക്കുന്നില്ല

ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ അടുത്തതിനെക്കുറിച്ചുള്ള ആലോചന തുടങ്ങും. ഒപ്പം യാത്രാക്കുറിപ്പുകളും തയ്യാറാക്കും. ഇത്തരത്തിലുള്ള യാത്രാ അനുഭവങ്ങളുമായി പുസ്തകങ്ങളും  പ്രസിദ്ധീകരിച്ചിട്ടുണ്ട് വത്സല.

‘‘മുമ്പ് യാത്രക്കിടെ ചെറിയ കുറിപ്പുകൾ തയ്യാറാക്കുമായിരുന്നു. ഇപ്പോൾ അതൊഴിവാക്കി. ഒക്കെ ഓർമയുണ്ടാവും. ഇനി എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ യാത്രയിലെടുത്ത വീഡിയോ കാണും. എങ്കിലും പുസ്തകമെഴുതുന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്’’ -വത്സല പറഞ്ഞു. 
വർഷത്തിൽ ചുരുങ്ങിയത് മൂന്നുതവണയെങ്കിലും യാത്രനടത്തും. ഏറ്റവും കുറഞ്ഞത് 15 ദിവസമെങ്കിലുമെടുക്കും. അടുത്ത ഹിമാലയൻ യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു വത്സല.

‘‘ഒരുപാടുതവണ ഹിമശൃംഗങ്ങളിലേക്ക് പോയി. മാർച്ചിലാണ് അടുത്ത യാത്ര. വയസ്സ് അറുപത് കഴിഞ്ഞു. എങ്കിലും ഇതുവരെ യാത്രയ്ക്കിടെ ഒരു മരുന്നുപോലും കഴിക്കേണ്ടിവന്നിട്ടില്ല. ഇനിയും ഒരുപാട് സഞ്ചരിക്കണം. ഓരോ യാത്രയും വ്യത്യസ്തമാണല്ലോ’’ -വത്സലാമോഹൻ പറഞ്ഞു നിർത്തി, പുതിയ ദേശങ്ങളും ട്രക്കിങ്ങും സ്വപ്നംകണ്ടുകൊണ്ട്...