Nangeli
നങ്ങേലിയുടെ ത്യാഗം ചിത്രം മൂന്ന് (സെപ്റ്റംബര്‍ 2013)
ചിത്രകാരന്‍ : ടി. മുരളി കണ്ണൂര്‍

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന സംഘടിത മാസികയില്‍ പ്രസിദ്ധീകരിച്ച ദിവ്യ ദിവാകറിന്റെ കവിത സോഷ്യല്‍ മീഡിയയില്‍ ഒരു സുഹൃത്ത് പങ്കു വച്ചു. പെണ്ണുങ്ങളുടെ മുലകളെ കുറിച്ചായിരുന്നു കവിത. 
'മുല കണ്ടാല്‍ കാമം വരുന്നവരോട്... 
നാണം കൊണ്ട് ഓടിയൊളിക്കുന്നവരോട്
സദാചാരത്തിന്റെ വാളുകൊണ്ട്
മുലച്ഛേദം നടത്തുന്നവരോട്'

എന്ന് തുടങ്ങുന്ന കവിതാ പോസ്റ്റിന് താഴെ നിറഞ്ഞ കമന്റുകളില്‍ ഭൂരിഭാഗവും 'മുല' എന്ന വാക്കിനോട് മലയാളികള്‍ പുലര്‍ത്തുന്ന അസഹിഷ്ണുത വ്യക്തമാക്കുന്നതായിരുന്നു. മുല എന്ന വാക്ക് പരസ്യമായി ഉപയോഗിക്കാന്‍ മലയാളികള്‍ക്ക് ചമ്മലാണ്. അത് അസഭ്യമാണത്രെ. പക്ഷേ, പെണ്ണുങ്ങളെ അവഹേളിക്കാനും തെറി പറയാനും ഈ വാക്ക് ഉപയോഗിക്കാന്‍ ഒരു മടിയും ഇല്ല. 

നിഘണ്ടുവില്‍ ഉള്ളതും ഇല്ലാത്തതുമായ നിരവധി വാക്കുകള്‍ സൗകര്യപൂര്‍വം ഉപയോഗിക്കാന്‍ നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയെന്നാല്‍ വാത്സല്യത്തിന്റെ നിറകുടമാകണമെന്ന് സ്ഥാപിച്ചെടുക്കാന്‍ തത്രപ്പെടുന്ന സമൂഹത്തിന് മുല മാറിടവും അമ്മിഞ്ഞയുമാണ്. വളരെ ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ മുലകള്‍ സ്തനങ്ങളായി പരിണമിക്കും. കൊങ്ക, മുന്തൂക്കം, മൊത്ത, പൊന്ത... അങ്ങനെ പോകുന്നു വാക്കുകളുടെ നിര. 

നല്ല 'വിവരവും വിദ്യാഭ്യാസവുമുള്ള ' പെങ്കൊച്ച് എന്ന് പറഞ്ഞാല്‍ നല്ല ഫ്രണ്ടും ബായ്ക്കുമുള്ള പെങ്കൊച്ച് എന്നാണ് അര്‍ത്ഥമെന്ന് തന്റെ കോളേജുകാലത്തെ കമന്റടികള്‍ ഓര്‍ത്തുകൊണ്ട് ഒരു സുഹൃത്ത് പറഞ്ഞു. 'സൈസ് ചെറുതാണെങ്കില്‍ പൊടിക്കുപ്പി. വലുതാണെങ്കില്‍ റേഷന്‍ ചാക്കെന്ന്' പറയാറുണ്ടെന്ന് മറ്റൊരു സുഹൃത്ത് തന്റെ അറിവ് പങ്കു വച്ചു.  ഇങ്ങനെ നിരവധിയായ മുല അറിവുകളിലൂടെയാണ് ഓരോരുത്തരുടെയും കൗമാരയൗവനങ്ങള്‍ കടന്നു പോകുന്നത്. 

ഭയത്തില്‍നിന്ന് അശ്ലീലതയിലേക്ക് 

നെഞ്ചിന് മുകളില്‍ പെട്ടെന്നൊരു കാലത്ത് എന്തോ ഒന്ന് വളരുന്നത് അത്ഭുതത്തോടെ ആസ്വദിച്ച കൗമാരമായിരുന്നില്ല എന്റേത്. എന്റെ ഓട്ടങ്ങളെ, ശരീരത്തിന്റെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന ഒരു വളര്‍ച്ച എന്നതില്‍ക്കവിഞ്ഞ് മറ്റൊരു അത്ഭുതവും അതുണ്ടാക്കിയില്ല. മറിച്ച്, ഭയങ്ങളായിരുന്നു അധികവും. പരിചയക്കാരനായ അങ്കിള്‍ എന്തിനാണ് എന്റെ നെഞ്ചിലേക്ക് തുറിച്ച് നോക്കുന്നതെന്നും, ഇടയ്ക്ക് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ എന്തിനാണ് നെഞ്ചിലൂടെ അയാളുടെ കൈകള്‍ അനാവശ്യമായി ചലിച്ചിരുന്നതെന്നും അന്ന് മനസിലായതുമില്ല. പക്ഷേ, അയാളുടെ തൊടലുകളും പിടിക്കലുകളും ഭയമുണ്ടാക്കിയിരുന്നു എന്ന് മാത്രം ഓര്‍മയുണ്ട്. ആരോടും പറഞ്ഞില്ലെങ്കിലും അയാളുടെ വീട്ടില്‍ ഒറ്റയ്ക്ക് പോകുന്നത് ഞാന്‍ തന്നെ നിറുത്തി. 'പെണ്ണിനിപ്പോ വല്ലാത്ത ഗമയായിപ്പോയല്ലോ', 'വല്ല്യ പെണ്ണായപ്പോ അങ്കിളിനെയൊക്കെ വേണ്ടാതായി' തുടങ്ങിയ ഡയലോഗുകളെ അമ്മയുടെയോ ചേച്ചിമാരുടെയോ പിന്നില്‍ മറഞ്ഞ് കേള്‍ക്കാത്ത ഭാവം നടിച്ചതുമെല്ലാം അന്നത്തെ ഭയത്തില്‍ രക്ഷപ്പെടാന്‍ കണ്ടെത്തിയ പ്രതിരോധമാര്‍ഗങ്ങളായിരുന്നു. 

സ്‌കൂളിന്റെയും കോളേജിന്റെയും സുരക്ഷിതസമയക്രമങ്ങളില്‍ നിന്ന് മാറി യാത്ര ചെയ്യേണ്ടി വന്ന കാലം തൊട്ടാണ് 'മുല' എന്നത് അശ്ലീലമാണോ എന്ന ചിന്ത തുടങ്ങിയത്. അതുവരെ ആ വാക്ക് ഭയമായിരുന്നു ഉണ്ടാക്കിയിരുന്നത്. 'നിന്റെ .... പിടിച്ചോട്ടെ', 'വലിയ ... നിന്റെ', 'എന്താ ...' .... എന്നൊക്കെയുള്ള അപരിചതരുടെ കമന്റടികള്‍ കൂടി ആയപ്പോള്‍ ഭയത്തിനൊപ്പം 'മുല' എന്നത് തെറി വാക്കായാണ് അനുഭവപ്പെട്ടു തുടങ്ങി.  

ഉള്ളവര്‍ക്ക് അതിലേക്കുള്ള അപരിചതരുടെ നോട്ടം അസ്വസ്ഥത സൃഷ്ടിക്കുന്നു. അതേസമയം, അര്‍ബുദം ബാധിച്ച് മുറിച്ച് മാറ്റിയവര്‍ക്ക് അതിന്റെ ശൂന്യാവസ്ഥയിലേക്കുള്ള തുറിച്ചുനോട്ടമാണ് അസ്വസ്ഥതാജനകം. ഉള്ളതും ഇല്ലാത്തതും ഒരേ സമയം പ്രശ്‌നമാകുന്ന പ്രത്യേക അവസ്ഥാ വിശേഷം. ഏത് വാക്ക് ഉപയോഗിക്കണമെന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഓരോരുത്തരും നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ വ്യത്യസ്തകമാകാം. എന്നാല്‍, പൊതു ഇടത്തില്‍ 'മുല' എന്ന വാക്ക് തെറിയായും അശ്ലീലമായും മുദ്രകുത്തപ്പെടുന്ന സംവിധാനം തുടരുമ്പോള്‍ ഇത്രയും അശ്ലീലമായ ഒന്നിനെയാണോ തന്റെ ശരീരം ചുമക്കുന്നതെന്ന് ന്യായമായും പെണ്‍ശരീരം വ്യാകുലപ്പെടാം. 

വാര്‍ത്താമുറിയില്‍ പുറത്താക്കപ്പെടുന്ന മുലകള്‍

പൊതുസമൂഹത്തിന് സ്വീകാര്യമായ പദപ്രയോഗങ്ങളും ഭാഷയുമാണ് പൊതുവെ വാര്‍ത്തകള്‍ക്ക് ഉപയോഗിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ അല്‍പം കൂടി ഗൗരവത്തില്‍ ഭാഷയെ സമീപിക്കാന്‍ ശ്രമിക്കാറുമുണ്ട്. കൊലപാതകം, പിടിച്ചുപറി, ആത്മഹത്യ, അഴിമതി, കോഴ വാങ്ങല്‍, പെണ്‍വാണിഭം എന്നിങ്ങനെ കാക്കത്തൊള്ളായിരം വാര്‍ത്തകള്‍ വന്നുപോകുന്ന വാര്‍ത്താമുറിയില്‍ പല വാര്‍ത്തകള്‍ക്കും ചില ഭംഗിപിടിപ്പിക്കലുകള്‍ നടക്കും. സംസാരഭാഷയില്‍ നിന്ന് പത്രഭാഷയിലേക്ക് ഒരു കൂടുമാറ്റം. നാലാള്‍ കേള്‍ക്കേ ഉറക്കെ പറയാന്‍ കഴിയുന്ന ഈ വാര്‍ത്താഭാഷയ്ക്ക് ഒരു വിധം സ്വീകാര്യതയും ലഭിക്കുന്നുണ്ട്. സഭ്യമല്ലാത്ത വാക്കുകളോ മതവികാരത്തെയോ ദേശീയതയെയോ വ്രണപ്പെടുത്തുന്ന പദപ്രയോഗങ്ങളോ ഒഴിവാക്കിയാണ് വാര്‍ത്തകള്‍ എഴുതപ്പെടുന്നത്. ഇങ്ങനെ ഒഴിവാക്കപ്പെട്ട വാക്കുകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വാക്കുകളില്‍ ഒന്നാണ് മുല. ദൈനംദിന വാര്‍ത്തകളെ തല്‍ക്കാലത്തേക്ക് മാറ്റി നിറുത്തിയാലും ഫീച്ചറുകളിലും മറ്റ് ലേഖനങ്ങളിലുമൊക്കെ 'മുല' എന്ന വാക്ക് കയറിക്കൂടിയാല്‍ അസ്വസ്ഥമാകുന്ന വാര്‍ത്താമുറികള്‍ തന്നെയാണ് നമുക്കുള്ളത്.  

കഴിഞ്ഞദിവസം പൊന്നാനി എം.ഇ.എസ് കോളേജിലെ മാഗസിന് 'മുല മുറിക്കപ്പെട്ടവര്‍' എന്ന തലക്കെട്ട് നല്‍കിയതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത് കേരളം കണ്ടതാണ്. ചിത്രകാരന്‍ ടി.മുരളിയുടെ ശ്രദ്ധേയമായ നങ്ങേലി പെയിന്റിങ്ങുകളിലൊന്നായിരുന്നു മാഗസിന്റെ കവര്‍ചിത്രം. പേരും, മുല മുറിക്കുന്ന നങ്ങേലിയുടെ ചിത്രവും അശ്ലീലമെന്ന് പറഞ്ഞാണ് സദാചാര വിലക്ക്. 

'മുലകള്‍' എന്ന് മലയാളത്തില്‍ ഗൂഗിള്‍ സേര്‍ച്ച് നടത്തിയാല്‍ സംസ്‌കാരസമ്പന്നരും സദാചാരവാദികളുമായ മലയാളികള്‍ 'ബൂലോക'ത്തിന് സംഭാവന നല്‍കിയിരിക്കുന്ന മുല സാഹിത്യം തെളിഞ്ഞു വരും. മുല എന്ന് കേട്ടാല്‍, ഒന്ന് കണ്ടാല്‍ വിറളി പിടിക്കുന്ന ആണത്തമാണോ മലയാളിക്കുള്ളത്? ഏത് ശീലങ്ങളെയും പോലെ ഭാഷയിലെ ശീലങ്ങളും പൊളിച്ചടുക്കാവുന്നതേ ഉള്ളൂ. ഒരു സ്ത്രീയെ പരസ്യമായി അവഹേളിക്കാന്‍ മാത്രം ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് മുല എന്ന വാക്കിനെ രക്ഷപ്പെടുത്തണമെങ്കില്‍ നമ്മള്‍ പെണ്ണുങ്ങളെങ്കിലും ഈ വാക്കിനെ സ്വാതന്ത്ര്യത്തോടു കൂടി ഉപയോഗിക്കണ്ടേ?