നാൽപ്പത്തിരണ്ടു വർഷംമുൻപുള്ള ഒരു മീനം പതിമ്മൂന്ന്. രാത്രി കനത്തുതുടങ്ങിയിരിക്കുന്നു. കാറ്റുകൊള്ളാനായി വട്ടംകൂടിയിരുന്നവരുടെ അരികിലൂടെ ഒരു കൊച്ചുപെൺകുട്ടി നടന്നുനീങ്ങി, വെള്ളമിറ്റുവീഴുന്ന മുടിയും വസ്ത്രവുമായി. അവർ അവളെ പിടിച്ചുനിർത്തി. -നീ ഏതാ മോളേ? വെള്ളത്തിൽ വീണോ? അവൾ തിരിഞ്ഞുനിന്ന് അകലങ്ങളിലേക്ക്‌ കൈചൂണ്ടി. -അമ്മയും അനിയത്തിയും കടലിൽ മരിച്ചു. വല്യമ്മയോട് പറയാൻ പോകുകയാണ്.

അഞ്ചു വയസ്സുതികയാത്ത അവളെ വാരിയെടുത്തുകൊണ്ടവർ അടുത്തവീട്ടിലേക്ക് ഓടി. മണ്ണുകളഞ്ഞു കുളിപ്പിച്ചു. ആ വീട്ടിൽനിന്നൊരു ഉടുപ്പുവാങ്ങി ധരിപ്പിച്ചു.  ഒരാൾക്കും അവളെ അറിയില്ലായിരുന്നു. ഒടുവിൽ എത്തിയ  ഒരാൾ കരഞ്ഞുകൊണ്ട് ചോദിച്ചു -അയ്യോ കമലമ്മയുടെ മോൾ സീമയല്ലേ? കടലമ്മയുടെ മകളായി അന്നവൾ
  *   *   *   *   *   *   *    *   *   *    *    *   *    *
അച്ഛൻ അന്ന് അക്കരവീട്ടിലായിരുന്നു... രണ്ട് ആങ്ങളമാരുടെ നടുവിൽ കിടന്നുറങ്ങുകയായിരുന്ന എന്നെ അമ്മ വിളിച്ചുണർത്തി. ഒക്കത്ത് അനിയത്തിയും ഉണ്ടായിരുന്നു.
വല്യമ്മയുടെ വീട്ടിൽപ്പോകാം. അമ്മ പറഞ്ഞു. റോഡിൽ എത്തിയപ്പോൾ അമ്മ പറഞ്ഞു. നമ്മുക്കിനി ജീവിക്കണ്ട, മരിക്കാം."റോഡ് തീരുന്നത് കടലിലാണ്. അമ്മ ഞങ്ങളെയുംകൊണ്ട് കടലിലേക്കു ചാടി. തിരയ്ക്കൊപ്പം ഞാൻ തീരത്തേക്ക് അടിഞ്ഞു എന്നാണ് പിന്നീടു കേട്ടത്. കുറച്ചു നടന്നപ്പോൾ ആൾക്കാർ പിടിച്ചുനിർത്തി.

ഒന്നാം ക്ളാസിൽ ഹെഡ് മാസ്റ്റര്‍ സീമയെ കമലം എന്നാക്കി. കമലമ്മയുടെ മകൾ കമലം. ദാനം കിട്ടിയ ജീവിതത്തിൽ  അവൾ കടലമ്മയെപ്പോലെയായി. ആഴങ്ങളിൽ ദുഃഖം ഒളിപ്പിച്ചു ചിരിക്കാൻ പഠിച്ചു. ‘‘കരഞ്ഞുതീർക്കില്ല ഞാൻ; കടലമ്മ തിരിച്ചുതന്ന ജീവിതമാ’’ -ചിരിച്ചുകൊണ്ട് കമലം പറയുന്നു.

പുത്തൻമണ്ണേൽ കമലം എന്ന സീമ ഇന്ന് അഴീക്കൽ പഞ്ചായത്തിലെ നാലാം വാർഡ്‌ അംഗമാണ്, അധ്യാപികയാണ്, ജില്ലയിലെ ഏക ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ക്യൂറേറ്ററാണ്, സാമൂഹികപ്രവർത്തകയും. തിരക്കിലേക്ക് കടക്കുന്നതിനുമുമ്പ്, വീട്ടിൽ ആഹാരം ഉണ്ടാക്കുന്നതിനിടയിൽ കമലം സംസാരിച്ചു. നാലു സഹോദരന്മാരായിരുന്നു എനിക്ക്.

അച്ഛൻ വീണ്ടും വിവാഹിതനായി. പിന്നെ ഒരു അനിയത്തികൂടെ ഉണ്ടായി. ചായക്കച്ചവടമായിരുന്നു അച്ഛന്. അതു തകർന്നതോടെ ഞങ്ങളെല്ലാവരും പലവഴിക്കായി. ഞാൻ കുഞ്ഞമ്മയുടെയും കൊച്ചച്ഛന്റെയും വീട്ടിൽനിന്നാണ് 10 വരെ പഠിച്ചത്. ഒൻപതിൽ പഠിക്കുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. പക്ഷേ, എല്ലാം കടിച്ചിറക്കി. 
ലംസംഗ്രാന്റ് കിട്ടിയതുകൊണ്ട് ബി.എഡ്.വരെ പഠിച്ചു. ട്യൂഷനെടുത്ത് ചെലവിനുള്ള തുക കണ്ടെത്തി.

ഇതിനിടയിൽ വിവാഹം. ഭർത്താവ് വിമൽ വി. രാജിന് ജോലി നഷ്ടപ്പെട്ടത് വീണ്ടും പ്രതിസന്ധിക്കിടയാക്കി. രണ്ടു മക്കളാണ് കമലത്തിന്. വിനോയ്‌ വി. രാജും വിശാഖ് വി. രാജും. രണ്ടുപേരും എൻജിനീയറിങ് വിദ്യാർഥികളാണ്. സുനാമിയെത്തുടർന്ന്  കേരള കൗൺസിൽ ഓഫ് ചർച്ചസ് ട്രോമ കൗൺസിലർ പരിശീലനത്തിനായി കമലത്തെ അയച്ചു. ചർച്ചസ് ആക്‌സിലറി ഫോർ സോഷ്യൽ ആക്ഷന്റെ (കാസ) പ്രവർത്തകയുമായി.

സുനാമിക്കുശേഷം ഹൈസ്കൂളായി ഉയർത്തിയ അഴീക്കൽ സ്കൂളിൽ ദിവസവേതനത്തിന് 2016 വരെ ജോലിചെയ്തു. സ്കൗട്ട് യൂണിറ്റിന്റെ മേധാവിയുമാണ്. 2016-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പി.യും കമലത്തെ സമീപിച്ചു. യു.ഡി.എഫ്. സ്ഥാനാർഥിയായി. 178 വോട്ടിന്റെ ഭൂരിപക്ഷം നേടി സി.പി.എമ്മിന്റെ കോട്ട പിടിച്ചെടുത്തു. ഊണുകഴിഞ്ഞ്  അഴീക്കൽ സ്കൂളിൽ സ്കൗട്ട് യൂണിറ്റിനടുത്തേക്ക്. മൂന്നുമണിയോടെ ആലപ്പാട് പഞ്ചായത്തോഫീസിൽ. പെൻഷൻ കിട്ടാനുള്ളവരുടെ ലിസ്റ്റുമായി മെമ്പർ. എല്ലാം ശരിയാക്കി ദിവ്യാ ട്യൂഷൻ സെന്ററിലേക്ക്. കമലം എന്ന അധ്യാപികയുടെ  യാത്ര തുടരുകയാണ്...