Chediyamma‘‘എനിക്കിപ്പോ വയസ്സ് 84 കഴിഞ്ഞു. ന്നാല്ലും കുഞ്ഞിനേക്കാളും ആരോഗ്യണ്ട്. വെയിലുകൊണ്ടാൽ ആമ്പൽ വാടുന്നപോലെ ഞാൻ വാടാറില്ല’’ -പല്ലില്ലാത്ത മോണകാട്ടി അന്നമ്മച്ചേടത്തി ചിരിച്ചു. പ്രായത്തിന്റെ അവശതകളിൽ ഉഴലുന്ന വാർധക്യങ്ങൾക്കുമുന്നിൽ പയറുമണിപോലെ തുള്ളിച്ചാടിനടക്കുകയാണ് ഈ മുത്തശ്ശി. 
നാട്ടറിവുകളുടെയും പച്ചമരുന്നുചികിത്സയുടെയും കലവറയാണ് അന്നമ്മച്ചേടത്തി. ഓർമകൾക്ക് ഔഷധച്ചെടികളുടെ വീര്യം; നടപ്പിലും നിൽപ്പിലുമെല്ലാം ചുറുചുറുക്ക്.

കുട്ടിക്കാലത്ത് വല്യപ്പൻ  പകർന്നുകൊടുത്ത പച്ചമരുന്നുകൂട്ടുകളുടെ അറിവ് ഓർമയിൽ അതുപോലെയുണ്ട്. നിന്നനിൽപ്പിൽ അറുനൂറിലേറെ ചെടികളുടെ പേരും ഗുണവും പറഞ്ഞുതരും ചെടിയമ്മ. പൂർവികരെപ്പോലെ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും ഈ മുത്തശ്ശിക്ക് മടിയില്ല. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവർ ചികിത്സയ്ക്കായി ഇവരുടെ അടുത്തെത്തുന്നു. ആയുർവേദത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയവർ മുതൽ തുടക്കക്കാരായ നഴ്‌സിങ് വിദ്യാർഥികളടക്കമുള്ളവർക്ക് ചെടിയമ്മ ക്ലാസെടുക്കുന്നു.

പഠിച്ച് ഡോക്ടർപട്ടം വാങ്ങാതെ വാർധക്യത്തിൽ ‘ഡോക്ടർ’ പദവിയിലെത്തിയ ആളാണ് ചെടിയമ്മ. ഗൃഹപാഠത്തിന്റെയും നാട്ടറിവുകളുടെയും അമ്മയായി ചെടിയമ്മ അറിയപ്പെടാൻ നിമിത്തമായതിനുപിന്നിൽ ഒരാളുണ്ട്, പ്രിയപ്പെട്ട മകൻ. കോട്ടയം ജില്ലയിലെ ആനിക്കാട്ടുനിന്ന് കോഴിക്കോടിന്റെ  മലയോരമേഖലയായ വാലില്ലാപ്പുഴയിലേക്ക് കുടിയേറിയതാണ് അന്നമ്മച്ചേടത്തിയുടെ കുടുംബം. കുടിയേറ്റത്തിന്റെ കാലത്ത് ദാരിദ്ര്യത്തിന്റെ കണ്ണീർ ഒരുപാട് കുടിച്ചിട്ടുമുണ്ട്‌. 

അന്നമ്മച്ചേടത്തിക്ക് ആറുമക്കളാണ്. മൂന്ന്‌ ആണും മൂന്ന് പെണ്ണും. അതിൽ ഇളയവനാണ് ബെന്നി എന്ന തോമസ് സെബാസ്റ്റ്യൻ. പ്രാരബ്ധങ്ങളോട് പടവെട്ടുന്ന നാളിലാണ് ബെന്നിക്ക് അർബുദം  പിടിപെടുന്നത്. തനിക്ക് വല്യപ്പൻ പറഞ്ഞുതന്ന പച്ചമരുന്നിന്റെ  കൂട്ടുകൾ അവനിൽ പരീക്ഷിച്ചു. മരണസമയത്ത് അമ്മയുടെ കൈ മുറുകെപിടിച്ച്‌ ബെന്നി പറഞ്ഞു, ‘അമ്മതന്ന മരുന്നുകൾ എന്റെ രോഗത്തിന് ശമനമുണ്ടാക്കിയിരുന്നു, അത് തുടർന്നിരുന്നെങ്കിൽ എനിക്ക് കുറച്ചുനാൾകൂടി ജീവിക്കാമായിരുന്നു’.

തന്നെപ്പോലുള്ളവർക്ക് അമ്മ മരുന്നുകൊടുക്കണമെന്നും ബെന്നി ആവശ്യപ്പെട്ടു. ഈ വാക്കുകളാണ് അന്നമ്മച്ചേടത്തി എന്ന സ്ത്രീയെ ‘ചെടിയമ്മ’യായി മാറ്റിയത്. 
മുക്കത്തെ ബി.പി. മൊയ്തീൻ സേവാമന്ദിരത്തിലായിരുന്നു തുടക്കം. പിന്നീട് നിരവധിസ്ഥാപനങ്ങളിൽ ക്ലാസുകളെടുത്തു. കാലിക്കറ്റ്  സർവകലാശാലയുടെ ഫോക്ക്‌ലോർ വിഭാഗത്തിലെ റിസോഴ്‌സ് പേഴ്‌സണാണ് ചെടിയമ്മ. ഇപ്പോൾ  മുക്കത്തെ ഹൈലൈഫ് ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയിൽ ‘ഡോക്ടറാ’യി സേവനം ചെയ്യുന്നു. 

തനിക്കരികിലെത്തുന്ന രോഗികൾക്ക് അമ്മയായും മുത്തശ്ശിയായും ചിലപ്പോൾ അധ്യാപികയായുമെല്ലാം ചെടിയമ്മ വേഷപ്പകർച്ച നടത്തും. പണ്ട് താമസിച്ചിരുന്ന വീടിന്റെ മുറ്റത്ത് നിറയെ ചെടികൾ നട്ടുവളർത്തി. ഇവ നശിക്കാതിരിക്കാൻ വീട് അതുപോലെ നിലനിർത്തി. ചെടിയമ്മയുടെ പുഞ്ചിരിയിൽ നാട്ടുപൂക്കളുടെ വിശുദ്ധിയും നന്മയുമുണ്ട്. മാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾക്കിടയിൽ വേറിട്ട പാത സൃഷ്ടിച്ചുകൊണ്ട്  നമുക്കിടയിലൊരാളായി ചെടിയമ്മയുണ്ട്.