തൃശ്ശൂര്‍: അരനൂറ്റാണ്ടുമുമ്പ് വടക്കാഞ്ചേരിയിലെ ഭാഗ്യലക്ഷ്മി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കഥയെഴുതി. സൈനിക ക്യാമ്പ് ജീവിതത്തെക്കുറിച്ച്. 'ഒരു ജവാനിയുടെ  ആത്മകഥ' ഉത്തരേന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍പോലും വന്‍ ചലനങ്ങളുണ്ടാക്കി. പട്ടാളക്യാമ്പുകളിലെ വേര്‍തിരിവിനെതിരേ സാധാരണക്കാരിയായ വീട്ടമ്മ നടത്തിയ പോരാട്ടത്തിന്റെ ആ കഥയാണിത്. 

പട്‌നയിലെ ധാനാപുരില്‍നിന്നാണ് ലക്ഷ്മി എന്നപേരില്‍  കോഴിക്കോട് 'മാതൃഭൂമി'യിലേക്ക് ഭാഗ്യലക്ഷ്മി കഥയയച്ചത്. അത് വെളിപ്പെടുത്തിയതാകട്ടെ ജവാന്മാരുടെ ഭാര്യമാര്‍ പട്ടാളക്യാമ്പില്‍ അനുഭവിക്കുന്ന പച്ചയായ ദുരിതങ്ങളും. 1963 ഓഗസ്റ്റ് 11-ന് ആഴ്ചപ്പതിപ്പില്‍ കഥ പ്രസിദ്ധീകരിച്ചു. ഇതിന്റെ കോപ്പി 'മാതൃഭൂമി'യില്‍നിന്ന് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവും ജവാനുമായ പി.എസ്. ശങ്കറിന്റെ വിലാസത്തില്‍ പട്ടാളക്യാമ്പിലേക്ക് അയച്ചു.

ആഴ്ചപ്പതിപ്പ് കിട്ടിയതാകട്ടെ ക്യാമ്പിലെ മലയാളിയായ പട്ടാള ഉദ്യോഗസ്ഥനും. പട്ടാളക്യാമ്പിനെക്കുറിച്ച് തുറന്നെഴുതിയത് ആരാണെന്ന് മനസ്സിലായ ഉദ്യോഗസ്ഥന്‍ ശങ്കറിനെ മേജറുടെ അടുത്തേക്ക് വിളിപ്പിച്ചു. മലയാളം അറിയാത്ത മേജര്‍ക്ക് ഉദ്യോഗസ്ഥന്‍ അപ്പോഴേക്കും ഹിന്ദി തര്‍ജ്ജമ ചെയ്തുനല്‍കിയിരുന്നു.

"ആഴ്ചപ്പതിപ്പ് പ്രതീക്ഷിച്ചിരുന്ന എന്നെ തേടിയെത്തിയത് കഥ ക്യാമ്പില്‍ ചര്‍ച്ചയായ വാര്‍ത്തയാണ്. ഭര്‍ത്താവ് ഞാന്‍ എഴുതിയതിനെ വിമര്‍ശിച്ച് ഒരക്ഷരം പറഞ്ഞില്ല. എനിക്ക് ധൈര്യം തന്നു. വരുന്നത് വരട്ടെ എന്നനിലയില്‍ ഞാനും നിന്നു. ഒരു സ്ത്രീ ക്യാമ്പിനെക്കുറിച്ചെഴുതിയത് അവര്‍ക്ക് ഇഷ്ടമായില്ല. പിന്നെ കുറേ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നു" - ഭാഗ്യലക്ഷ്മി പറയുന്നു. 

ഇന്നാണ് ഇത്തരമൊരു കഥയെഴുതിയതെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകും. നാസിക്കിലെ പട്ടാളക്യാമ്പില്‍ മരിച്ച റോയ് മാത്യുവിന്റെ ശവസംസ്‌കാരച്ചടങ്ങ് ടി.വി.യില്‍ ചൂണ്ടിക്കാട്ടി ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

സമ്മര്‍ദങ്ങളും പ്രതിഷേധങ്ങളും

Bhagyalekshmi"വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആഘോഷങ്ങളിലാണ് ക്യാമ്പിലെ എല്ലാവരും കുടുംബസമേതം ഒത്തുചേരുക. കലാപരിപാടികളും ഭക്ഷണവും ഇതിന്റെ ഭാഗമായുണ്ടാകും. ഞാനും ഭര്‍ത്താവിനൊപ്പം പോയി. വലിയ ഹാളില്‍ തീന്‍മേശയില്‍ അലങ്കാരപാത്രങ്ങളില്‍ ഭക്ഷണം തയ്യാറായിരിക്കുന്നു. 

ഞാന്‍ അതിലൊരു തീന്‍മേശയില്‍ ഇരുന്നു. അപ്പോള്‍ ഒരു പട്ടാളക്കാരന്‍ ഓടിവന്നു പറഞ്ഞു, ഇവിടെ ഇരിക്കരുത്. നിങ്ങള്‍ക്കിരിക്കാന്‍ മറ്റൊരു ഭാഗത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥന്മാര്‍ക്കുള്ളതാണ്. ഞങ്ങള്‍ക്കായി ഒരുക്കിയ മേശ കണ്ടപ്പോള്‍ എനിക്ക് ദേഷ്യമാണോ സങ്കടമാണോ വന്നതെന്നറിയില്ല.

മണ്‍പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത്. തീരെ വൃത്തിയില്ലാത്തൊരു സ്ഥലം. ഓഫീസര്‍മാര്‍ക്ക് ഒരു രീതി, ജവാന്മാര്‍ക്ക് മറ്റൊരു രീതി. ഈ സംഭവമാണ് 'ഒരു ജവാനിയുടെ ആത്മകഥ'യിലേക്ക് വഴിതുറന്നത്. കഥയെത്തുടര്‍ന്ന്  അടുത്തവര്‍ഷം ആഘോഷങ്ങളില്‍നിന്ന് സ്ത്രീകള്‍ വിട്ടുനിന്നു. അത് എനിക്കു നല്‍കിയ സന്തോഷം ചെറുതൊന്നുമല്ല. ചര്‍ച്ചകള്‍ക്കൊടുവിലാണ് ക്യാമ്പിലെ വേര്‍തിരിവിന് കുറച്ചെങ്കിലും പരിഹാരമുണ്ടായത്" -ഭാഗ്യലക്ഷ്മി പറയുന്നു.

തിരിച്ച് കേരളത്തിലേക്ക്


ഒരുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിനുവഴങ്ങി ഭര്‍ത്താവ് ശങ്കര്‍ സേനയില്‍ നിന്ന് സ്വയം വിരമിച്ചു. രണ്ടുപെണ്‍മക്കളുമായി മദ്രാസിലെത്തി. പിന്നീട് കുറച്ചുവര്‍ഷം അവിടെ അദ്ദേഹം ജോലിചെയ്തു. 1968-ല്‍ കേരളത്തില്‍ തിരിച്ചെത്തി. 

നാട്ടിലെത്തിയശേഷം ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകയായി. ജില്ലാപഞ്ചായത്ത് അംഗം, മഹിളാ അസോസിയേഷന്‍ ഭാരവാഹി എന്നീ നിലകളില്‍ കൂടുതല്‍ യാത്രകള്‍ നടത്താനും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയില്‍ വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസ് ആരംഭിക്കാനും സ്ത്രീകള്‍ക്ക് ബസ്‌ഡ്രൈവിങ് പരിശീലനം നല്‍കാനും വനിതാഹോസ്റ്റല്‍ സ്ഥാപിക്കാനും മുന്‍കൈയെടുത്തു.

 മാറേണ്ടത് സ്ത്രീവിരുദ്ധത

പീഡനകഥകള്‍ തുടര്‍വാര്‍ത്തകളാകുന്ന നാട്ടില്‍ സ്ത്രീതന്നെയാണ് അവള്‍ക്ക് സംരക്ഷണമൊരുക്കേണ്ടതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സ്വയംപ്രതിരോധിക്കാന്‍ തയ്യാറാകണം. മുമ്പ് പീഡനങ്ങള്‍ കുറവായതാണോ പുറത്തറിയാത്തതാണോ എന്നറിയില്ല.  ടി.വി.സീരിയലുകള്‍ മിക്കതും സ്ത്രീവിരുദ്ധമാണ്. സിനിമയ്ക്ക് നല്‍കുന്നപോലെ സീരിയലുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കണം. മൂന്നുതവണ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ഇവര്‍, സ്ത്രീകളോടും കുട്ടികളോടുമുള്ള ആ രാജ്യത്തിന്റെ സമീപനം നമ്മള്‍ ഉള്‍ക്കൊള്ളണമെന്ന് ഓര്‍മിപ്പിക്കുന്നു. 

 കുടുംബം


രാഷ്ട്രീയ-സാമൂഹികരംഗത്ത് 81-ാം വയസ്സിലും സജീവമാണ് ഭാഗ്യലക്ഷ്മി. ജില്ലാ ലൈബ്രറികൗണ്‍സില്‍, മഹിളാ അസോസിയേഷന്‍ എന്നിവയിലും സജീവം. 12 വര്‍ഷംമുമ്പ് ഭര്‍ത്താവ് ശങ്കര്‍ മരിച്ചു. വടക്കാഞ്ചേരി കരുമത്ര പാലിശ്ശേരി വീട്ടില്‍ മകള്‍ക്കൊപ്പമാണ് താമസം. മക്കള്‍: സതി, സുനിത(ഓസ്‌ട്രേലിയ).