ജിഷ്ണു പ്രണോയ്ക്ക് നീതിയാവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും ഡി.ജി.പിയെ കാണാനെത്തിയപ്പോള്‍ പിന്തുണച്ചതിന് ജാമ്യമില്ലാ വകുപ്പില്‍ ജയിലില്‍ കഴിഞ്ഞ കെ.എം ഷാജഹാന്റെ മാതാവ് എല്‍.തങ്കമ്മ ആ ദിവസങ്ങള്‍ ഓര്‍ക്കുന്നു

'തീര്‍ത്തും അപ്രതീക്ഷിതമായാണ് ആ വാര്‍ത്തയറിഞ്ഞത്. ഒരു കുറ്റവും ചെയ്യാത്ത മകനെ അറസ്റ്റ് ചെയ്‌തെന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അപ്‌സെറ്റായിപ്പോയി'.. ജിഷ്ണു പ്രണോയ്ക്ക് നീതിയാവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും ഡി.ജി.പിയെ കാണാനെത്തിയപ്പോള്‍ പിന്തുണച്ചതിന് ജാമ്യമില്ലാ വകുപ്പില്‍ ജയിലില്‍ കഴിഞ്ഞ കെ.എം ഷാജഹാന്റെ മാതാവ് എല്‍.തങ്കമ്മ ഓര്‍ക്കുന്നു. 

'വിവരമറിഞ്ഞപ്പോ തന്നെ അവനെ കാണണമെന്നു തോന്നി. കസ്റ്റഡിയിലായിരുന്ന മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്രനേരമാണ് കാത്തിരുന്നതെന്നു പോലും ആ പരിഭ്രമത്തില്‍ മറന്നുപോയി. വൈകി തിരികെ മടങ്ങുമ്പോഴും തെറ്റി കസ്റ്റഡിയിലെടുത്തതാണെന്നേ കരുതിയുള്ളൂ. വിവരം ചോദിച്ച് വിട്ടയയ്ക്കുമെന്നും. അര്‍ദ്ധരാത്രി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയപ്പോഴും കുടുക്കിയതാണെന്നു കരുതാനുള്ള അറിവ് എനിക്കുണ്ടായിരുന്നില്ല. 

പോലീസ് കസ്റ്റഡിയിലായപ്പോഴും ജയിലിലായപ്പോഴും കസ്റ്റഡി പീഡനത്തെക്കുറിച്ചൊക്കെ ഓര്‍ത്ത് ഭയന്നാണ് തിരികെ വീട്ടിലെത്തിയത്. അപ്പോഴും അടുത്ത ദിവസം വിട്ടയയ്ക്കുമെന്ന് തന്നെ വിചാരിച്ചു. അടുത്ത ദിവസമാണ് അതിലെ കളികള്‍ മനസിലായത്. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. വളരെ മോശമായ കാര്യങ്ങള്‍ നടക്കുമെന്നു മനസിലായപ്പോള്‍ നിരാഹാരം കിടന്ന് സ്വയം അവസാനിപ്പിക്കാനാണ് തോന്നിയത്.'

മകനെ സ്വതന്ത്രനാക്കാത്ത പക്ഷം മരണം വരിക്കാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ കെ.എം ഷാജഹാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും തയ്യാറായില്ല തങ്കമ്മ. റബര്‍ ബോര്‍ഡില്‍ സയന്റിസ്റ്റായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചിട്ടും മേഖലയെ മാറ്റിമറിക്കുന്ന തന്റെ കണ്ടെത്തലിന് അനുമതി തേടി പോരാട്ടം തുടരുന്ന 79കാരിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒപ്പമുള്ളവരൊക്കെ നിസ്സഹായരായി.

ഒടുവില്‍ ജാമ്യം ലഭിച്ച വിവരമറിഞ്ഞപ്പോള്‍, ഇനിയെങ്കിലും നിരാഹാരമവസാനിപ്പിക്കാന്‍ മകള്‍ പറഞ്ഞെങ്കിലും 'അവന്‍ എടുത്തുതന്നാലേ കഴിക്കൂ' എന്നായിരുന്നു തങ്കമ്മയുടെ നിലപാട്. 'വിട്ടെന്നറിഞ്ഞെങ്കിലും പിന്നെയും എന്തെങ്കിലുമുണ്ടാകുമോ എന്ന ഭയമുണ്ടായി. ഒരു കുറ്റവും ചെയ്യാത്ത മകനെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള സെന്‍ട്രല്‍ ജയിലില്‍ അടച്ച സ്ഥിതിയ്ക്ക് പൂര്‍ണ്ണമായും വിട്ടയച്ചുവെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ആശങ്കകളൊക്കെ മാറി അവനെ നേരില്‍ കണ്ടപ്പോ, അവന്‍ തന്ന വെള്ളം കുടിച്ചപ്പോ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടായി'.

സര്‍ക്കാറിനും സി.പി.എമ്മിനുമെതിരെ നിരന്തരം രംഗത്തുള്ള ഷാജഹാനെ ഇനിയും കുടുക്കുമെന്ന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ആ അമ്മയുടെ മറുപടിയിങ്ങനെ: 'ഇനിയിപ്പോ അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. എങ്കിലും അക്കാര്യത്തില്‍ ഭയമുണ്ട്. ഇതില്‍ നിന്നൊക്കെ പിന്മാറി നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അവനോട് പറഞ്ഞിരുന്നു. പക്ഷേ, വകുപ്പിലുള്ളവരുടെ പോലും വിരോധം സമ്പാദിച്ചു പോരാടുന്ന എനിയ്ക്ക് അവനോട് അടങ്ങി വീട്ടിലിരിക്കണമെന്നു പറയാന്‍ ധാര്‍മ്മികമായി അവകാശമില്ലല്ലോ..'