"അമ്മമ്മയുടെ കൈപ്പത്തി എന്റെ മൂര്‍ദ്ധാവ് തൊട്ടു കഴുത്തുവരെ മൃദുവായി സഞ്ചരിച്ചു. കണ്ണുകളെ ഒഴുകുവാന്‍ അനുവദിച്ചു കൊണ്ട് ചുറ്റിലും കൂടിനിന്നവരുടെ നേരെ നെറ്റി ഉയര്‍ത്തി പ്രത്യേകിച്ചും ആരോടുമല്ലാതെ അമ്മമ്മ മന്ത്രിച്ചു, കന്നിന് പുല്ലരിഞ്ഞു വച്ചിട്ട് പശുക്കള്‍ മരിക്കാറില്ലല്ലോ.അമ്മമ്മയുടെ കണ്ണുകള്‍ അടഞ്ഞു. വിരലുകള്‍ എന്റെ മൂര്‍ദ്ധാവില്‍ നിന്നടര്‍ന്നു. കൂടെ നിന്നവര്‍ പെട്ടന്നു വിതുമ്പാന്‍ തുടങ്ങി". 

താന്‍ മരിക്കുന്നതോടെ അനാഥനാകുന്ന, അഞ്ചാം ക്ലാസ്സുകാരന്‍ ചെറുമകന്റെ മൂര്‍ദ്ധാവില്‍ കൈയമര്‍ത്തി ആശ്വസപ്പെടുത്തലെന്നോണമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ഉച്ച ഒരാള്‍ക്കണ്ണാടി' എന്ന കഥയിലെ അമ്മമ്മ അങ്ങനെ പറഞ്ഞത്. എഴുത്തുകാരന്റെ പേനത്തുമ്പിലേക്ക് പൊടുന്നനെ എത്തിയതല്ല ഈ കഥാസന്ദര്‍ഭം. 

യഥാര്‍ഥ കഥയില്‍ അനാഥത്വത്തിലേക്ക് നടന്നു കയറിയത് അഞ്ചാം ക്ലാസ്സുകാരനായിരുന്നില്ല. എട്ടുവയസ്സുകാരന്‍ ചന്ദ്രന്‍ നായരായിരുന്നു, എഴുത്തുകാരന്റെ അച്ഛന്‍. മരണക്കിടക്കയില്‍ അദ്ദേഹത്തിന്റെ അമ്മയും. ചന്ദ്രന്‍ നായരും അദ്ദേഹത്തിന്റെ അമ്മ കാര്‍ത്ത്യായനി അമ്മയും തമ്മിലുള്ള ബന്ധമാണ് 'ഉച്ച ഒരാള്‍ക്കണ്ണാടി' എന്ന കഥയെഴുതാന്‍ എഴുത്തുകാരന് പ്രചോദനമായത്. "കന്നിന് പുല്ലരിഞ്ഞു വച്ചിട്ട് പശുക്കള്‍ മരിക്കാറില്ലല്ലോ" എന്ന കാര്‍ത്ത്യായനി അമ്മയുടെ വാക്കുകള്‍ കഥയിലെ അമ്മമ്മയും ആവര്‍ത്തിച്ചു. 

"മരണത്തിലൂടെ താന്‍ തനിച്ചാക്കി പോകുമ്പോള്‍ മകന്‍ തളരാതിരിക്കാനായിരുന്നു ആ അമ്മ അങ്ങനെ പറഞ്ഞത്. സ്വന്തം അമ്മയെ കുറിച്ച് എന്റെ അച്ഛനുള്ള ഏറ്റവും തീവ്രമായ ഓര്‍മയായിരുന്നു ആ വാക്കുകള്‍. അച്ഛന്റെ ആ ഓര്‍മയെ കഥയുടെ വേഷമണിയിക്കുകയാണ് ഉച്ച ഒരാള്‍ക്കണ്ണാടിയിലൂടെ ഞാന്‍ ചെയ്തത്".

"കഥാബീജമായത്‌ എന്റെ അച്ഛന്, അദ്ദേഹത്തിന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മകളാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ എന്റെ അച്ഛന് അദ്ദേഹത്തിന്റെ മാതാപിതാക്കളെ നഷ്ടമായി. അച്ഛന്‍ ഉള്‍പ്പെടെ പതിനാറു മക്കളെയാണ് എന്റെ മുത്തശ്ശി പ്രസവിച്ചത്. ഏറ്റവും മുതിര്‍ന്ന ആളും എന്റെ അച്ഛനും തമ്മില്‍ മുപ്പത് വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പതിനാറു മക്കളില്‍ ഒമ്പതുപേര്‍ മരിച്ചു. ബാക്കിയുണ്ടായത് ഏഴുപേര്‍.

biriyaniഅവരില്‍ സഹോദരിമാരെ വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്തിരുന്നു. അമ്മ മരിക്കുമ്പോള്‍ അച്ഛന് എട്ടുവയസ്സാണ്. അച്ഛന്‍ നേരത്തെ മരിച്ചു. താന്‍ കൂടി മരിച്ചു പോയാല്‍ പിന്നെ മകന് ആരു തുണയുണ്ടാകുമെന്ന് ആ അമ്മ ഏറെ വിഷമിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പായി അച്ഛന്റെ അമ്മ അദ്ദേഹത്തിന്റെ മൂര്‍ദ്ധാവില്‍ കൈവച്ച് ഇങ്ങനെ പറഞ്ഞു: കിടാവിന് പുല്ലരിഞ്ഞു കൊടുത്ത ശേഷമല്ല അമ്മപ്പശു മരിക്കുക." 

ചന്ദ്രപ്രകാശ് എന്ന സെയില്‍സ് മാനും അയാളുടെ അമ്മമ്മയും തമ്മിലുള്ള ബന്ധമാണ് 'ഉച്ച ഒരാള്‍ക്കണ്ണാടി'. അമ്മ മരിച്ച ശേഷം അമ്മമ്മയാണ് അയാളെ വളര്‍ത്തുന്നത്. 

"എന്നെ പ്രസവിച്ചു കഴിഞ്ഞ ഉടനെ അമ്മ മരിച്ചു. കുറച്ചു കാലം ഇങ്ങനെ കഴിഞ്ഞുകൂടിയതിന്റെ പേരില്‍ ഈ ലോകത്തിനു കൊടുക്കാനുണ്ടായിരുന്ന വാടകയായിരുന്നു ഞാന്‍. അത് ഒരു കാലണപോലും കുറയാതെ എന്റെ രൂപത്തില്‍ അമ്മമ്മയെ ഏല്‍പിച്ച് അമ്മ പോയി. ചില്ലറ കിട്ടാത്തവന്റെ നിസ്സഹയതയോടെ എന്നെ ചുമലില്‍ കിടത്തി അമ്മമ്മ വെറും പൊടിമണ്ണില്‍ നിന്നു". അമ്മയുടെ മരണത്തെയും തുടര്‍ന്നുള്ള ജീവിതത്തെയും കുറിച്ച് ചന്ദ്രപ്രകാശ് പറയുന്നത് ഇങ്ങനെയാണ്‌..

അമ്മമ്മ പകര്‍ന്ന വാക്കുകളിലൂടെയും ഓര്‍മകളുടെ പെട്രോള്‍ ബാങ്ക് നല്‍കുന്ന ഊര്‍ജത്തിലും ഓരോ നിമിഷവും ശക്തനാവുകയാണ് കഥയിലെ ചന്ദ്രപ്രകാശ് എന്ന മനുഷ്യന്‍.  ഒരുപക്ഷേ എഴുത്തുകാരന്റെ ചാലകശക്തിയും തന്റെ അമ്മൂമ്മ തന്നെയായിരിക്കാം.