"അന്ത്യചുംബനം കൊടുക്കേണ്ടവര്‍ക്ക് അതാവാം" ളൂയിസച്ചന്റെ സ്വരം. 
ഊഴത്തില്‍ ആദ്യസ്ഥാനം ശമുവേലിനായിരുന്നു. വെളുത്ത തൂവാലയുമായി മൂത്തമകന്‍ തന്നെ സമീപിക്കുന്നത് നനഞ്ഞ നോട്ടത്തിലൂടെ തര്‍ത്ത്യാ അറിഞ്ഞു. ആത്മാവിനെ ഭ്രമിപ്പിച്ച വേദപുസ്തകവാക്യമാണ് ഓര്‍മ്മ വന്നത്. 

- യൗവനകാലത്ത് പിറക്കുന്ന മക്കള്‍ യോദ്ധാവ് പേറുന്ന അസ്ത്രം പോലെ. മക്കളെക്കൊണ്ട് ആവനാഴി നിറച്ചവന്‍ ഭാഗ്യവാന്‍. 
ഇതാ യൗവനകാലത്ത് തര്‍ത്ത്യായ്ക്ക് മകനായി പിറന്നവന്‍. മാതൃത്വത്തിന്റെ മകുടം ചൂടിച്ച് തര്‍ത്ത്യായെ ധന്യയാക്കിയവന്‍. അവനെ കൈയേറ്റി ലാളിച്ചതും അരുമയായി വളര്‍ത്തിയതുമോര്‍ത്ത് തര്‍ത്ത്യായ്ക്ക് നെഞ്ചു ചുരന്നു. 
ലോകത്തിലേക്കുള്ള അമ്മയുടെ കാഴ്ചയ്ക്കു മീതെ മകന്‍ വെള്ളയുറുമാല്‍ ഇട്ടു. 

പിന്നെ മൂര്‍ദ്ധാവില്‍ മുഖം ചേര്‍ത്ത് 'അമ്മേ' എന്ന് മെല്ലെ വിളിച്ചതും നിയന്ത്രണം തെറ്റി 'മോനേ ശമുവേലേ'യെന്ന് തര്‍ത്ത്യാ ഇടറിപ്പോയതും ദിഗ്ഭ്രമത്തില്‍ പെട്ടവണ്ണം ഒരുക്ഷണം ശാമുവേല്‍ നിന്നു. 
അപ്പോഴേക്കും അനര്‍ത്ഥം കാട്ടിയതെക്കുറിച്ച് ബോദ്ധ്യം വന്ന തര്‍ത്ത്യാ കൂടുതല്‍ ഏകാഗ്രതയോടെ ശ്വാസമടക്കി മരിച്ചവളെപ്പോലെ കിടന്നു.- 
വി ജെ ജെയിംസിന്റെ ജന്മാന്തരം എന്ന കഥയിലെ വരികളാണിവ

എണ്‍പത്തിനാലാം വയസില്‍ ഒരു സ്വപ്‌നത്തില്‍ വച്ചായിരുന്നു തര്‍ത്ത്യാമ ആദ്യമായി മരിച്ചത്. ആ സ്വപ്‌നത്തില്‍ നിന്നുണര്‍ന്നപ്പോഴാണ് തര്‍ത്ത്യാമയ്ക്ക് തന്റെ മക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ഒരുങ്ങുകയാണെന്ന് മനസിലായത്. ഒപ്പീസ് ചൊല്ലുന്ന അച്ഛന്റെ മുഖമാണ് അവര്‍ ആദ്യം കണ്ടത്. എന്നാല്‍ സംസാരിക്കാനോ കൈകാലുകള്‍ ചലിപ്പിക്കാനോ സാധിക്കാതെ തളര്‍ന്നു കിടന്നിരുന്ന ആ അമ്മയ്ക്ക് താന്‍ മരിച്ചില്ല എന്ന് വിളിച്ചു പറയാന്‍ സാധിക്കുമായിരുന്നില്ല. ഒരു അമ്മയുടെ മരണവും മനോഭാവവും മക്കളോടുള്ള സമീപനവും വേറിട്ട രീതിയില്‍ അവതരിപ്പിച്ച കഥയായിരുന്നു 'ജന്മാന്തരം'. 

തുടര്‍ന്ന് തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ തര്‍ത്ത്യാമ കാണുകയാണ്. മക്കള്‍ വരുന്നതും ഒപ്പീസ് ചൊല്ലുന്നതും നഗരികാണിക്കുന്നതും പള്ളിയില്‍ കൊണ്ടു പോകുന്നതുമെല്ലാം. അമ്മ മരിക്കാറായെന്ന് പറഞ്ഞാണ് അമേരിക്കയില്‍ നിന്ന് എത്തിയതെന്നും ഇനിയും വരാന്‍ സാധിക്കില്ലെന്നുമുള്ള മകന്റെ വാക്കുകളും അവര്‍ ഓര്‍ത്തെടുക്കുന്നു. ഒടുവില്‍ മക്കള്‍ക്ക് ഭാരമാകാതെ മരിക്കാന്‍ തര്‍ത്ത്യാമ തന്നെ തീരുമാനിക്കുന്നു. താന്‍ മരിച്ചില്ല എന്ന് പറയാന്‍ സാധിക്കുമായിരുന്നിട്ടും അവസാനം മക്കള്‍ക്ക് വേണ്ടി മരണത്തിലേക്ക് തിരിഞ്ഞു കിടക്കുകയാണ് ആ അമ്മ. 

ജീവിത പരിസരങ്ങളില്‍ കണ്ട പ്രായമായ കിടക്ക വിട്ട് എഴുനേല്‍ക്കാന്‍ സാധിക്കാത്ത അമ്മമാരുടെ അവസ്ഥയില്‍ നിന്നാണ് കഥയുടെ പിറവിയെന്ന് കഥാകൃത്ത് പറയുന്നു. "അത്തരം അമ്മമാരുടെ അവസ്ഥകള്‍ പലപ്പോഴും മനസിനെ ഉലച്ചിട്ടുണ്ട്. ഒപ്പം മരണത്തെക്കുറിച്ചും തത്വശാസ്ത്രപരമായി പലപ്പോഴും ചിന്തിച്ചിരുന്നു. ഈ രണ്ടു ചിന്തകളും കൂടിച്ചേര്‍ന്നതോടെ ജന്മാന്തരം എന്ന കഥ പിറക്കുകയായിരുന്നു. 

അനുഭവവും ഭാവനയും ചേരുമ്പോഴാണ് ഓരോ കഥകളും പിറവിയെടുക്കുന്നത്. അതിനാല്‍ തന്നെ ഏത് കഥയിലും അമ്മ എന്ന ഒരു കഥാപാത്രമുണ്ടെങ്കില്‍ അത് സ്വാഭാവികമായും നമ്മുടെ അമ്മയുടെ ജീവിതപരസരങ്ങളിലേക്ക് എത്തും. എന്നാല്‍ നേരിട്ട് അമ്മയെ ചിത്രീകരിക്കുകയല്ല ചെയ്യുന്നത്. നമ്മള്‍ അനുഭവിച്ച അമ്മയുടെ സ്നേഹം, അമ്മയുടെ ഭാവങ്ങള്‍ എന്നിവയെല്ലാം അറിയാതെ ആ അമ്മയില്‍ വന്നു പോകും. 

അത് ഒരു കഥാപാത്രത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കണം എന്നുമില്ല. എവിടെ അമ്മയെക്കുറിച്ച് പറഞ്ഞാലും അവിടെയെല്ലാം സ്വന്തം അമ്മയുടെ അംശങ്ങള്‍ അറിയാതെ വന്നുപോകും. ഒറ്റക്കാലന്‍ കാക്ക എന്ന എന്റെ കഥയില്‍ ഒരു അമ്മയുണ്ട്. ആ അമ്മയില്‍ എന്റെ അമ്മയുടെ അംഗങ്ങള്‍ കാണാന്‍ സാധിക്കും. കോളോജ് വിട്ടുവരുന്ന സമയത്ത് അമ്മ ഉണ്ടാക്കിത്തരാറുള്ള ഉള്ളിത്തോരന്റെ രുചി പോലും അതിലേക്ക് പകരാന്‍ ശ്രമിച്ചിട്ടുണ്ട്. പുറപ്പാടിന്റെ പുസ്തകത്തിലെ കുഞ്ഞൂട്ടിയുടെ അമ്മയിലും അമ്മയുടെ ഓര്‍മകള്‍ കാണാവുന്നതാണ്."