ചോരക്കുഞ്ഞിന്റെ ആദ്യത്തെ ചിരി, അവന്‍ കമിഴ്ന്നു വീഴുന്ന സമയം.... അമ്മയുടെ ജീവിതത്തിലെ തിരിച്ചുകിട്ടാത്ത നിമിഷങ്ങള്‍! നെഞ്ചിലെ ചൂടേറ്റുറങ്ങിയ പൊന്നോമന പെട്ടെന്നൊരു ദിവസം മറ്റൊരമ്മയുടെ സ്വന്തമാവുക! പിഞ്ചിളം കൈകളും കുഞ്ഞിക്കണ്ണുകളുമായി അഞ്ചു മാസം അരികില്‍ കിടന്നത് സ്വന്തം കുഞ്ഞല്ലെന്ന് തിരിച്ചറിയുക!

വാക്കുകള്‍ക്കപ്പുറത്തുള്ള പേറ്റുനോവിന്റെ വേദനയും നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ സ്വന്തം കുഞ്ഞിനെ പറിച്ചെടുത്ത് മറ്റൊരമ്മയ്ക്ക് നല്‍കിയപ്പോഴുള്ള പ്രാണവേദനയും ഒരുമിച്ച് അനുഭവിക്കുകയാണ് റംസിയും ജസീറയും. ചലച്ചിത്രങ്ങളില്‍ മാത്രം കണ്ട നിമിഷങ്ങള്‍ ഇവരുടെ ജീവിതത്തിലൂടെ കടന്നുപോകുകയായിരുന്നു ഇത്രയും നാള്‍.

ഒരിക്കലും മറക്കാന്‍ കഴിയാത്ത വേദനയുടെ ആഴങ്ങളിലൂടെ കടന്നുപോയ ഈ അമ്മമാര്‍ പ്രതികരിക്കാന്‍ വാക്കുകളില്ലാതെ ഉഴറുകയാണ്. താന്‍ മാനസികമായി അനുഭവിച്ച യാതനകള്‍ ഓര്‍ത്തെടുക്കാന്‍ ജസീറ ഒരിക്കലും തയ്യാറായിരുന്നില്ല. ഇനിയൊരമ്മയും നൊന്തു പ്രസവിച്ച കുഞ്ഞിനെ പിരിഞ്ഞിരിക്കരുതെന്നും ആസ്പത്രി അധികൃതര്‍ക്ക് ഇതൊരു പാഠമാകണമെന്നും വ്യക്തമാക്കിക്കൊണ്ട് റംസി തന്റെ അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്. 

കൊല്ലം മെഡിസിറ്റി ആസ്പത്രി, ആഗസ്റ്റ് 22, 2016:

കൊല്ലം മയ്യനാട് ആക്കോലില്‍ചേരി മുളയ്ക്കവിള വീട്ടില്‍ റംസിയും ഉമയനെല്ലൂര്‍ മൈലാപ്പൂര്‍ കുന്നുവിളവീട്ടില്‍ ജസീറയും രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. മഞ്ഞ ടവലില്‍ പൊതിഞ്ഞ് റംസിയുടെ ഉമ്മ സുബൈദയുടെ കൈയില്‍ കുഞ്ഞിനെ ആസ്പത്രി അധികൃതര്‍ നല്‍കുന്നു. കുഞ്ഞിന്റെ കൈയില്‍ അമ്മയുടെ പേരെഴുതിയ ടാഗ് ഉണ്ടായിരുന്നില്ല. അവര്‍ കുഞ്ഞിനെ പൊതിയാന്‍ നല്‍കിയത് പച്ച ടവല്‍ ആയിരുന്നു.

ജസീറയ്ക്ക് കുഞ്ഞിനെ ലഭിക്കുന്നത് റംസിയുടെ ഉമ്മ നല്‍കിയ പച്ച ടവലില്‍ പൊതിഞ്ഞ്. കുഞ്ഞിന്റെ കൈയിലെ ടാഗില്‍ റംസി എന്ന് എഴുതിയിരുന്നു. ടവല്‍ മാറിപ്പോയതാണെന്ന് ആസ്പത്രി അധികൃതരുടെ ഭാഷ്യം. ജസീറ സംശയം പ്രകടിപ്പിച്ചതേയില്ല. രണ്ടുപേരും കുഞ്ഞിനെ സ്വീകരിച്ചു; പക്ഷേ റംസിയുടെ ഉമ്മയുടെ മനസ്സില്‍ സംശയം ബാക്കി. ആഗസ്റ്റ്‌ 26ന് റംസിയെ ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നു. രേഖകളില്‍ കുഞ്ഞിന്റെ രക്തഗ്രൂപ്പ് 'ഒ' പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

'ഇവന്‍ എന്റെയല്ലല്ലോ; ഇവനെ ഞാന്‍ മറ്റൊരാള്‍ക്ക് കൊടുക്കണമല്ലോ.....ടെന്‍ഷന്‍'

report
ഡി.എന്‍.എ ടെസ്റ്റ് റിപ്പോര്‍ട്ട്‌

ദിവസങ്ങള്‍ കഴിയുന്തോറും റംസിയുടെ മനസ്സിലും സംശയം കൂടിവരികയായിരുന്നു. കുഞ്ഞ് എന്താണ് ഇങ്ങനെ ചെറുതായിപ്പോയത്? പ്രസവസമയത്തെ എന്തെങ്കിലും പ്രശ്‌നം കൊണ്ടായിരിക്കുമോ? എന്തായാലും വളരെയധികം ശ്രദ്ധയും പരിചരണവും നല്‍കിയാണ് കുഞ്ഞിനെ തുടക്കം മുതലേ റംസി വളര്‍ത്തിയത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ഉഷാറായി. പിന്നെ കമിഴ്ന്നു വീണു. അവന്റെ അടുത്തുകൂടി നടന്നുപോകുമ്പോള്‍ അമ്മയെ തിരിച്ചറിഞ്ഞ്് ശ്രദ്ധ ആകര്‍ഷിക്കാനായി കരയാന്‍ തുടങ്ങുമായിരുന്നു. അത്രയ്ക്ക് അടുപ്പം അമ്മയും കുഞ്ഞും തമ്മില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. 

'ഞങ്ങളുടെ കുഞ്ഞല്ല എന്ന സംശയം ഒരിക്കലും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. കുത്തിവെപ്പിനായി കൊണ്ടുപോയപ്പോള്‍ രക്തഗ്രൂപ്പില്‍ മാറ്റം വന്നപ്പോഴാണ് ഞങ്ങള്‍ മൂന്ന് പ്രാവശ്യം രക്തഗ്രൂപ്പ് പരിശോധിച്ചത്. ഇങ്ങനെ സംഭവിക്കാന്‍ അഞ്ച് ശതമാനം ചാന്‍സ് ഉണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞത്. മൂന്ന് പ്രാവശ്യവും റിസല്‍ട്ടില്‍ മാറ്റം വ്യക്തമായപ്പോള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുകയായിരുന്നു'. കുഞ്ഞ്  സ്വന്തമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞപ്പോള്‍ അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നാണ് റംസി വ്യക്തമാക്കുന്നു.

Mother'sday
റംസിയും കുഞ്ഞും: ഫോട്ടോ: അജിത് പനച്ചിക്കല്‍

'ആ കുഞ്ഞിനെ കാണുമ്പോളും എടുക്കുമ്പോളുമെല്ലാം എന്റെയല്ലല്ലോ എന്നൊരു തോന്നല്‍. മറ്റാര്‍ക്കോ കൊടുക്കേണ്ടി വരുമല്ലോ എന്നറിഞ്ഞുകൊണ്ട് ജീവനു തുല്യം സ്‌നേഹിക്കേണ്ടി വരുന്ന അവസ്ഥ ഇനി ഒരു അമ്മയ്ക്കും ഉണ്ടാകരുത്.  കുഞ്ഞ് കരയുമ്പോഴും ചിരി കാണുമ്പോഴുമെല്ലാം മനസ്സില്‍ വെപ്രാളം. ഉണ്ണാനും ഉറങ്ങാനും പറ്റാത്ത അവസ്ഥ. എപ്പോഴും മനസ്സില്‍ ടെന്‍ഷന്‍. എന്നാല്‍ മനസ്സില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത മകനെക്കുറിച്ചുള്ള വേദന വേറെയും. അവന്‍ ഭക്ഷണം കഴിച്ചോ? അവന് അസുഖം വന്നാല്‍ എന്തുചെയ്യും?' എല്ലാം ആലോചിച്ച് നീറിപ്പുകഞ്ഞ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ പോലും റംസിക്ക് കഴിയുന്നില്ല. 

ramsi
റംസിയും ഭര്‍ത്താവും സ്വന്തം കുഞ്ഞും: ഫോട്ടോ: അജിത് പനച്ചിക്കല്‍

രക്തബന്ധത്തിനപ്പുറമുള്ള ആത്മബന്ധം

'ഞാന്‍ പ്രസവിച്ച കുഞ്ഞിനെ ആദ്യമായി കാണുന്നത് ശിശുക്ഷേമ സമിതിയില്‍ വെച്ചാണ്. അപ്പോള്‍ അവന് ഏകദേശം ആറു മാസം പ്രായമാണ്. അന്നത്തെ ദിവസം ഞങ്ങള്‍ ഉറങ്ങിയിട്ടില്ല. ഒപ്പം കിടന്ന പൊന്നോമനയെ മറ്റൊരാള്‍ക്ക് കൈമാറിയതിന്റെ  വേദന വാക്കുകള്‍ക്കതീതമാണ്. സ്വന്തം കുഞ്ഞാണെങ്കില്‍ കട്ടിലില്‍ എന്റെ കൈയെത്തും ദൂരത്ത്. എന്നിട്ടും വല്ലാത്തൊരു നഷ്ടബോധം.'

പെറ്റമ്മയാണെങ്കിലും അവന്റെ കുഞ്ഞുകണ്‍കളില്‍ താന്‍ അന്യയായിരുന്നെന്ന് റംസി പറയുമ്പോള്‍ മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വികാരമാണ് വാക്കുകളിലൂടെ പുറത്തുവരുന്നത്. 

സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷമായിരുന്നില്ല റംസിയുടെ മനസ്സില്‍. കൈയിലുണ്ടായിരുന്ന കുഞ്ഞിനെ കൊടുത്തപ്പോളാണ് ഏറ്റവും കൂടുതല്‍ വിഷമിച്ചതെന്ന് ഇവര്‍ പറയുമ്പോള്‍ അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികമായ അടുപ്പമെന്താണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. 

മുറിച്ചുമാറ്റാന്‍ കഴിയാതെ......മനസ്സിലെന്നും

baby
റംസിക്ക് ആദ്യം ലഭിച്ച കുഞ്ഞും തിരികെ ലഭിച്ച സ്വന്തം കുഞ്ഞും

രണ്ടു കുഞ്ഞുങ്ങളും തമ്മില്‍ ഉറക്കത്തിന്റെ കാര്യത്തിലും ഭക്ഷണകാര്യത്തിലുമൊക്കെ വ്യത്യാസമുണ്ടായിരുന്നെന്നത് രണ്ട് അമ്മമാരുടെയും ഉറക്കം കെടുത്തി. ഒരാള്‍ക്ക് ഉറക്കം തീരെ കുറവായിരുന്നു. കതക് അടച്ചിട്ട് ഒരുപാട് സമയമെടുത്താണ് റംസി തനിക്ക് തിരിച്ചുകിട്ടിയ സ്വന്തം കുഞ്ഞിനെ ഉറക്കിയത്. എപ്പോളും ബഹളം വെക്കുന്ന സ്വഭാവക്കാരനായിരുന്നു അവന്‍. എന്നാല്‍ ജസീറയുടെ കുഞ്ഞ് അല്‍പ്പം ശാന്തനായിരുന്നു. അവനെ അഞ്ചു മാസം ഇണക്കി  വളര്‍ത്തിയ റംസിയെ തിരിച്ചു കിട്ടിയ സ്വന്തം കുഞ്ഞ് വല്ലാതെ കഷ്ടപ്പെടുത്തി. 

'കുഞ്ഞിനെ തിരിച്ചുകിട്ടിയ ശേഷം ആദ്യത്തെ രണ്ടു മൂന്നാഴ്ച വല്ലാതെ ബുദ്ധിമുട്ടി. രാത്രി ഉറക്കമില്ല. കരച്ചിലും ബഹളവും. പാല്‍ കുടിക്കാന്‍ ഭയങ്കര വാശി. മുഖത്തോട്ടു തന്നെ നോക്കിയിരിക്കും. അവന്‍  അന്വേഷിച്ചിരുന്നത് ഞങ്ങളുടെ മുഖമായിരുന്നില്ല. വേറെ ഏതൊക്കെയോ മുഖങ്ങളായിരുന്നു കുഞ്ഞ് തിരഞ്ഞുകൊണ്ടിരുന്നത്'. 

ജസീറയ്ക്ക് വേറെ രണ്ടുകുട്ടികള്‍ കൂടിയുണ്ട്. റംസിയുടെ കൈയിലുള്ള കുഞ്ഞാണ് അവരുടെ യഥാര്‍ഥ അനുജനെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ക്ക് പുതിയ കുഞ്ഞിനെ വേണ്ടായിരുന്നു. വൈകാരികമായി പല പ്രശ്‌നങ്ങളും അവര്‍ക്കുണ്ടായി.

'കാണണമെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ ജസീറയുടെ വീട്ടില്‍പ്പോയി കുഞ്ഞിനെ കാണുകയായിരുന്നു.  വീഡിയോ വഴി കുഞ്ഞുങ്ങള്‍ക്ക് പരസ്പരം കാണാനുള്ള സംവിധാനവും ഞങ്ങള്‍ ചെയ്തിട്ടുണ്ട്. സമയമുള്ളപ്പോളൊക്കെ ആദ്യത്തെ കുഞ്ഞിനെ പോയിക്കാണാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.' ഈ ബന്ധം അറുത്തുമുറിച്ച് മാറ്റാന്‍ കഴിയുന്നതല്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് റംസി സംസാരിക്കുന്നത്.

'ഉമ്മാ, മ്മളെ പൊന്നു എന്തിയേ?'

ramsi
മുഹമ്മദ് ഇഹ്‌സാനും ആദ്യം ലഭിച്ച കുഞ്ഞും

റംസിയുടെ ആദ്യത്തെ കുട്ടിയായ മുഹമ്മദ് ഇഹ്‌സാന്‍ തനിക്കൊരു കുഞ്ഞനുജനെ കിട്ടിയ സന്തോഷത്തിലായിരുന്നു അഞ്ചു മാസം. തന്നോടൊപ്പം കളിച്ചതും ചിരിച്ചതും മറ്റൊരു വീട്ടിലെ കണ്‍മണിയാണെന്ന് അവനോട് ആരും പറഞ്ഞതുമില്ല; അവന്‍ അറിഞ്ഞതുമില്ല. രണ്ടു പേരും കളിച്ചും ചിരിച്ചും നാളുകള്‍ മുന്നോട്ടു പോകുകയായിരുന്നു.

പെട്ടെന്നൊരു ദിവസം ഉമ്മയും ഉപ്പയും മറ്റൊരു കുഞ്ഞുമായി മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. 'പൊന്നു എവിടെപ്പോയി?' എന്ന അവന്റെ ചോദ്യത്തിനു മുന്നില്‍ 'ഇത് നമ്മുടെ പൊന്നു തന്നെയാണ്' എന്നാണ് ഉമ്മ മറുപടി പറഞ്ഞത്. എങ്കിലും രണ്ടു മൂന്നു ദിവസം പുതിയ അതിഥിയെ ഇഹ്‌സാന്‍ അകറ്റി നിര്‍ത്തി. പിന്നെപ്പിന്നെ കളിയും ചിരിയുമായി അവര്‍ ഇഴുകിച്ചേര്‍ന്നു. 

കണ്ണേ മടങ്ങുക; നിറകണ്‍ചിരിയുമായി ഉപ്പ

പ്രസവിച്ച ശേഷം ആസ്പത്രി അധികൃതര്‍ കൈയില്‍ കൊടുക്കുന്ന കുഞ്ഞിനെയാണ് സ്വന്തം കുഞ്ഞായി എല്ലാ മാതാപിതാക്കളും കരുതുന്നത്. ഗള്‍ഫിലായിരുന്ന റംസിയുടെ ഭര്‍ത്താവ് മകനോടൊപ്പം ചെലവഴിച്ചത് രണ്ടു മാസമാണ്. അതും 'ആദ്യത്തെ കണ്‍മണി' യോടൊപ്പം.

വീണുകിട്ടിയ ഇത്തിരി സമയം കൊണ്ട് താന്‍ സ്‌നേഹിച്ചതും കൊഞ്ചിച്ചതും മറ്റൊരാളുടെ കുഞ്ഞാണെന്ന് പിന്നീടാണ് അനീഷ് അറിയുന്നത്. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വന്തം കുഞ്ഞിനെ തിരികെ വാങ്ങാന്‍ ഗള്‍ഫില്‍ നിന്നും ഉപ്പ വീണ്ടും തിരിച്ചു വന്നു.

സ്വന്തം കുഞ്ഞിനെ വാരിപ്പുണരുന്നതിനേക്കാള്‍ സ്വന്തമെന്നു കരുതി സ്‌നേഹിച്ച കുരുന്നിനെ കൈമാറുന്നതിന്റെ വിഷമമായിരുന്നു ഉപ്പയുടെ മനസ്സില്‍. നിറകണ്ണുകളോടെയാണ് ആ കുഞ്ഞിനെപ്പിരിഞ്ഞ് ഉപ്പ വീണ്ടും ഗള്‍ഫിലേക്ക് പോയത്.

'ഇതല്ല എന്റെ അമ്മ.....പിഞ്ചുപൈതങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ ഈ യാഥാര്‍ഥ്യം?'

'അതെന്റെ മോനല്ല; ഇതെന്റെ മോനല്ല എന്നൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. രണ്ടു പേര്‍ക്കും ഒരേ പ്രായം. 'പൊടിമോന്‍' എന്നായിരുന്നു ആദ്യത്തെ കുഞ്ഞിനെ ഞാന്‍ വിളിച്ചിരുന്നത്. അങ്ങനെ തന്നെയാണ് ഇവനെയും ഞാന്‍ വിളിക്കുന്നത്.' അമ്മയെന്നു പറയുന്ന രണ്ടക്ഷരം എല്ലാ നന്മകളുടെയും കൂടിച്ചേരല്‍ തന്നെയാണെന്ന് റംസിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. 

ഇതുപോലൊരു വിഷമം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. 'ഇതല്ല എന്റെ അമ്മ, മറ്റൊരാളാണ്' എന്ന് ഉള്‍ക്കൊള്ളാന്‍ പിഞ്ചുപൈതങ്ങള്‍ക്ക് പറ്റുമോ? കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് എങ്ങനെ മനസ്സിലാക്കാന്‍ കഴിയും?  അമ്മമാരുടെ ഹൃദയത്തില്‍ തറയ്ക്കുന്ന ഈ ചോദ്യങ്ങള്‍ ആസ്പത്രി അധികൃതര്‍ ഉള്‍ക്കൊള്ളാതെ പോകുന്നതിലാണ് റംസിക്ക് ഏറെ വിഷമം. 

Mother'sday
ശിശുക്ഷേമ സമിതിയില്‍ വെച്ച് കുഞ്ഞിനെ തിരികെ ലഭിച്ചപ്പോള്‍

ആസ്പത്രി അധികൃതര്‍ക്ക് തെറ്റ് തിരുത്താമായിരുന്നു

'തുടക്കത്തില്‍ത്തന്നെ അവര്‍ക്ക് തെറ്റ് തിരുത്താമായിരുന്നു. ഞങ്ങള്‍ പരാതിയുമായി ചെന്നപ്പോള്‍ അവര്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിടുകയായിരുന്നു.ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ആസ്പത്രി അധികൃതര്‍ പറഞ്ഞത്. പ്രസവശേഷം കുടുംബാംഗങ്ങള്‍ക്ക് കുഞ്ഞിനെ കൈമാറുമ്പോള്‍ പ്രസവിച്ച അമ്മയുടേത് തന്നെയാണെന്ന് ഉറപ്പു വരുത്തണം. ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. കുഞ്ഞിനെ മാറിക്കഴിഞ്ഞപ്പോളുണ്ടായ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചതാണ്. ഇനി ഒരു ആസ്പത്രിയിലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. അധികൃതര്‍ക്ക് ഇതൊരു പാഠമായിരിക്കണം. നൊന്തുപ്രസവിച്ച കുഞ്ഞിനെ ആറു മാസം അമ്മയില്‍ നിന്നകറ്റിയവര്‍ തക്കതായ ശിക്ഷ അര്‍ഹിക്കുന്നുണ്ട്്. ഞങ്ങള്‍ അനുഭവിച്ച ത്യാഗം മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയുമെങ്കില്‍ ന്യായമായ നഷ്ടപരിഹാരം തരേണ്ടതാണ്.   

പ്രതികാരബുദ്ധിയല്ല ഈ വാക്കുകളില്‍ തെളിയുന്നത്. ത്യാഗവും സഹനവും എന്തെന്നറിഞ്ഞ അമ്മമനസ്സിന്റെ വേദന മാത്രമാണ്. അമ്മയെക്കുറിച്ച് ഏത്ര എഴുതിയാലും എന്തോ ഒരു പോരായ്മയുള്ളതായി നമുക്ക് തോന്നും . അത്ര വലിയ സത്യമാണ് 'അമ്മ'  എന്ന രണ്ടക്ഷരമെന്ന് നമ്മെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഈ അമ്മമാരുടെ അനുഭവം.