ത് ന്യൂജെന്‍ അമ്മമാരുടെ കാലമാണ്. വളരെ ചെറുപ്പക്കാരായ അഭിനേതാക്കള്‍ പോലും ഒരു മടിയും കൂടാതെ അമ്മവേഷം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാലം. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മയായി അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലെ നായിക ഹന്ന റെജി കോശി. മോഡലിങ്ങില്‍ നിന്ന് സിനിമയില്‍ എത്തിയ ഈ കൊച്ചി സ്വദേശി ഡെന്റിസ്റ്റ്‌ കൂടിയാണ്.    

വീട്ടില്‍ ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും വികൃതിക്കുട്ടിയാണ് ഹന്ന. സുഹൃത്തുക്കള്‍ക്കിടയിലും അങ്ങിനെതന്നെ. തന്റെ കാഷ്വല്‍ ഡ്രസിങും മറ്റും കണ്ടപ്പോള്‍ ഇവര്‍ക്ക് അമ്മയായി അഭിനയിക്കാന്‍ കഴിയുമോ എന്ന് എല്ലാവരും സംശയിച്ചെന്ന് ഇരുപത്തിനാലുകാരിയായ ഹന്ന പറയുന്നു.  

ഈ റോളിന് വേണ്ടി നടത്തിയ  തയ്യാറെടുപ്പുകള്‍ 

രക്ഷാധികാരി ബൈജുവില്‍ അജിത എന്ന ഒരു വീട്ടമ്മയുടെ വേഷം ആയിരുന്നു. അമ്മയുടെ വേഷം ചെയ്യുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. കാരണം ഒരുപാട് പക്വതയും ശ്രദ്ധയും വേണ്ട ഒരു റോള്‍ ആണത്. അതുകൊണ്ടുതന്നെ വളരെയധികം ഹോം വര്‍ക് ചെയ്തു.

ശോഭന, രേവതി, സംയുക്താ വര്‍മ്മ, ഉര്‍വശി തുടങ്ങി ധാരാളം നടിമാര്‍ അനശ്വരമാക്കിയ അമ്മ കാരക്ടേഴ്സ് ഉണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പായി രഞ്ജന്‍ സര്‍ (ഡയറക്ടര്‍ രഞ്ജന്‍ പ്രമോദ് ) കുറച്ചു സിനിമകള്‍ കാണാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നെ അദ്ദേഹം തന്നെ'അജിത'എന്ന കാരക്ടറിനെ കുറിച്ച് എനിക്ക് ഒരു ക്ലാസ് തന്നെ തന്നു. പിന്നെ സെറ്റില്‍ എത്തുമ്പോള്‍ നമ്മുടെ കോസ്‌റ്യൂമും മേക്അപ്പും എല്ലാംതന്നെ ആ കാരക്ടറുമായി ചേരാന്‍ നമ്മെ മാനസികമായി തയ്യാറാക്കും.

hanna reji
രക്ഷാധികാരി ബൈജു എന്ന സിനിമയില്‍ നിന്ന് ഒരു രംഗം

'ഒരു ചലഞ്ച് ആയി എടുത്തു' 

ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മയായി അഭിനയിക്കേണ്ടി വരും എന്നുള്ള വിഷമമൊന്നും ഒരിക്കലും തോന്നിയില്ല. വീട്ടില്‍ എപ്പോഴും ഒരു കൊച്ചുകുട്ടിയായി നടക്കുന്ന എനിക്ക് ഇത് ഭംഗിയാക്കാന്‍ പറ്റുമോ എന്നായിരുന്നു ആവലാതി. എന്നാലും അതൊരു വെല്ലുവിളിയായി ഞാന്‍ ഏറ്റെടുത്തു. രഞ്ജന്‍ സാറും ബിജുച്ചേട്ടനും എല്ലാവരും എന്നെ ഒരുപാടു സഹായിച്ചു.   

'അമ്മയുടെ ജോലികള്‍ എളുപ്പമല്ല എന്ന് മനസിലായി' 

എനിക്ക് ഒരിക്കല്‍ പോലും കിണറ്റില്‍ നിന്ന് വെള്ളം കോരുകയോ അമ്മിക്കല്ലില്‍ അരയ്ക്കുകയോ വേണ്ടിവന്നിട്ടില്ല. പക്ഷെ, ഈ സിനിമയില്‍ ഇതെല്ലാം ഞാന്‍ ചെയ്യേണ്ടിയിരുന്നു. സാമ്പാര്‍ അടുപ്പത്തുവച്ചു ഇളക്കേണ്ടത് എങ്ങിനെയെന്ന് പോലും എല്ലാവരും പറഞ്ഞു തരികയായിരുന്നു.

അമ്മിക്കല്ലില്‍ തേങ്ങ അരക്കുന്നതിനിടയില്‍ ഡയറക്റ്റര്‍ കട്ട് പറഞ്ഞു. ഓര്‍ക്കാതെ ഞാന്‍ പെട്ടെന്ന് കണ്ണുതിരുമ്മി. ശരിക്കും വിഷമിച്ചു പോയി. അന്നാണെനിക്കു മനസിലായത് അമ്മയുടെ ജോലി ഒട്ടും എളുപ്പമല്ല എന്ന്. വളരെ 'കോണ്‍ഷ്യസ് ആയി ചെയ്യേണ്ട ജോലികളാണ് അവരുടേത്.

hanna reji'ടൈപ്പ് കാസ്‌റ്' ആകുമോ എന്ന പേടിയില്ല​

പൊതുവെ എല്ലാ ആക്ടേഴ്‌സിനും ഉള്ള ഒരു പേടിയാണിത്. എനിക്ക് അങ്ങിനെയൊരു ചിന്ത ഇല്ല എന്നുപറയുന്നില്ല. പരമാവധി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. 

സിനിമയിലെ അമ്മയും മകളും 

എന്നെക്കാളും എട്ടുവയസിനു താഴെയാണ് നക്ഷത്ര. ശരിക്കും കുറച്ചുദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ നല്ല ഫ്രണ്ട്‌സ് ആയി മാറി. സെറ്റില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഇതുകണ്ട് ഒരിക്കല്‍ അജുച്ചേട്ടന്‍ (അജു വര്‍ഗീസ്) ചോദിച്ചു ഇവര്‍ ശരിക്കും അമ്മയും മകളും ആണോ എന്ന്. ഇപ്പോഴും ആ ബന്ധം തുടരുന്നു.  

സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ' 

അങ്ങിനെ നോക്കിയാല്‍ എല്ലാ 'അമ്മ കാരക്ടേഴ്‌സും സ്‌പെഷ്യല്‍ ആണ്. അച്ചുവിന്റെ അമ്മയിലെ 'അമ്മ-മകള്‍ 'കെമിസ്ട്രി' വളരെ ഇഷ്ടമാണ്. 

ഞാനും എന്റെ അമ്മയും 

എല്ലാവര്‍ക്കും സ്വന്തം അമ്മ എപ്പോഴും സ്‌പെഷ്യല്‍ ആയിരിക്കും.സിനിമയില്‍ കണ്ട അമ്മ-മകള്‍ കഥകളേക്കാള്‍ ഏറെ ഇഷ്ടം ഞാനും എന്റെ അമ്മയും തമ്മിലുള്ള ബന്ധം ആണ്. മദേഴ്സ്  ഡേ ഒന്നും ഞങ്ങള്‍ ആഘോഷിക്കാറില്ല എങ്കിലും എപ്പോഴും ആ റിലേഷന്‍ഷിപ്പിന് ഒരു പുതുമ സൂക്ഷിക്കാറുണ്ട്.