ശ്രുതി ചേര്‍ന്ന ചിത്രവീണ കാതിനു പകരുന്ന ഇമ്പം പറഞ്ഞറിയിക്കാനാകില്ല. അതേ മധുരമാണ് കേരളത്തിലെ ആദ്യ ചിത്രവീണാവാദിനി ഡി ഉഷാ വിജയകുമാറിന്റെ വാക്കുകള്‍ക്കും. ഒരേയൊരു കാര്യമേ അമ്മമാരോട് ഉഷയ്ക്കു പറയാനുള്ളു.നിങ്ങളുടെ ദേഷ്യവും ടെന്‍ഷനും കുഞ്ഞുങ്ങള്‍ക്കു മേല്‍ തീര്‍ക്കാതിരിക്കുക. കാരണം കുഞ്ഞുങ്ങള്‍ നിങ്ങളുടെ തന്നെ ഭാഗമാണ്. കുട്ടികളോട് ദേഷ്യപ്പെടുമ്പോള്‍ നഷ്ടമാകുന്നത് മാതൃത്വത്തിന്റെ മനോഹാരിതയാണ്- ഉഷ പറയുന്നു. 

കുട്ടികളെ വളര്‍ത്തുന്നതില്‍ ഇന്നത്തെ അമ്മമാര്‍ നേരിടുന്ന വെല്ലുവിളികളെ ചിത്രവീണയുമായാണ് ഉഷ താരതമ്യപ്പെടുത്തുന്നത്. അമ്മമാര്‍ അവര്‍ക്കു പറയാനുള്ളത് കുട്ടികളോട് പറയുകയാണ് പതിവ്. കുട്ടികള്‍ തിരിച്ചു പറയുന്നതിന് അധികം പേരും ചെവി കൊടുക്കാറില്ല. അതുപോലെ തന്നെയാണ് ചിത്രവീണയും. കച്ചേരിയില്‍ ചിത്രവീണയുടെ നാദത്തെ തിരിച്ചറിയുന്നതിനും അത്ര തന്നെ ശ്രദ്ധ നല്‍കണം.

വായിക്കാന്‍ വളരെബുദ്ധിമുട്ടുള്ള സംഗീത ഉപകരണമായ ചിത്രവീണ, പതിമൂന്നാം വയസ്സു മുതല്‍ കൈകാര്യം ചെയ്യുന്ന ആളാണ് ഉഷ. അധികം സ്ത്രീകളും വീട്ടമ്മമാരായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാലത്ത്, ചിത്രവീണയില്‍ പ്രഗത്ഭ്യം നേടുകയും ഒപ്പം തന്നെ, അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ ശരിയാം വണ്ണം പാലിക്കുകയും ചെയ്തു ഇവര്‍. 

ഈ  62-ാം വയസ്സിലും, ശബ്ദം പോലെ മാധുര്യമുള്ളതാണ് ഉഷയുടെ വ്യക്തിത്വവും. രണ്ട് മക്കളാണ് ഉഷയ്ക്ക്. കുട്ടിക്കാലത്ത് അവരെ സംഗീതം പഠിപ്പിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന ശേഷം അവര്‍ അവരുടെതായ തിരക്കുകളിലേക്ക് മുഴുകിപ്പോുകയും സംഗീതവുമായുള്ള ബന്ധം മുറിഞ്ഞുപോവുകയുമായിരുന്നു.

കേരളത്തിലെ ആദ്യ ചിത്രവീണവാദിനി എന്ന പദവിയെ അഭിമാനത്തോടെയാണ ഉഷ സ്വീകരിച്ചിട്ടുള്ളത്. ചിത്രവീണയ്ക്ക് സ്വീകാര്യത ലഭിക്കാനുള്ള ശ്രമങ്ങളില്‍ സജീവവുമാണ്. ചിത്രവീണാ വായനയിലെ രാജകുമാരിയെന്നു തന്നെ ഇവരെ വിശേഷിപ്പിക്കാം. പരമാവധി എല്ലാദിവസവും ചിത്രവീണ വായിക്കാനുള്ള സമയം ഉഷ കണ്ടെത്താറുമുണ്ട്. 

ഒരമ്മയെന്ന നിലയ്ക്ക് കുട്ടികള്‍ക്കു മേല്‍ നിങ്ങള്‍ക്ക് സ്വാധീനമുണ്ടാകും. ഇന്നത്തെ പല അമ്മമാരും ചെയ്യുന്നത് അവരുടെ ദേഷ്യവും വിഷമവും കുട്ടികള്‍ക്കു മേല്‍ തീര്‍ക്കുക എന്നതാണ്. രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുതിയകാര്യമല്ല. എങ്കിലും കുട്ടികള്‍ കുട്ടികളാണ് എന്ന കാര്യം മറക്കാതിരിക്കുക. ജോലിക്കാരായ അമ്മമാര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. എങ്കിലും അവയെ ശരിയായ താളത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് ഉഷ പറയുന്നത്. 

മണ്ണാര്‍ഗുഡി സാവിത്രി അമ്മയില്‍ നിന്നുമാണ് ചിത്രവീണാ വാദനത്തിന്റെ ആദ്യപാഠങ്ങള്‍ ഉഷ അഭ്യസിക്കുന്നത്. സാവിത്രി അമ്മയ്‌ക്കൊപ്പം നിരവധി ചിത്രവീണ കച്ചേരികളില്‍ പങ്കെടുത്തിട്ടുമുണ്ട്. 33 വര്‍ഷം കോഴിക്കോട് ഓള്‍ ഇന്ത്യ റേഡിയോയിലെ ജീവനക്കാരിയായിരുന്നു ഉഷ. കുടുംബവും ജോലിയും ഒപ്പം കൊണ്ടുപോകുന്നതില്‍ ഭര്‍ത്താവും എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു.  ചിത്രവീണയിലെ മികവിന് നിരവധി ദേശീയ പുരസ്‌കാരങ്ങളും ഉഷയെ തേടിയെത്തിയിട്ടുണ്ട്. ചിത്രവീണയോട് അത്രമേല്‍ ഇഷ്ടമുള്ളതിനാല്‍ കുറച്ച് കുട്ടികള്‍ക്ക് ഉഷ പരിശീലനം നല്‍കുന്നുമുണ്ട്. ഒരുപാട് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരാണ് അമ്മമാര്‍. അതുകൊണ്ടു തന്നെ നിങ്ങള്‍ ഒരമ്മയാണെന്നതില്‍ അഭിമാനിക്കൂ.