Lawrence’s temple for his mom!
അമ്പത്തൂരിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച
വിഗ്രഹത്തിനു മുന്നില്‍ രാഘവാ
ലോറന്‍സും അമ്മയും

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് തന്റെ അമ്മയ്ക്കായി ചെന്നൈയില്‍ ക്ഷേത്രം തുറന്നു. അമ്മയുടെ വിഗ്രഹവും ഇവിടെ പ്രതിഷ്ഠിച്ചു. മാതൃദിനമായ ഞായറാഴ്ച, അമ്മ കണ്‍മണിയുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം തുറന്നുകൊടുത്തത്.

ചെന്നൈ അമ്പത്തൂരില്‍ രാഘവേന്ദ്രസ്വാമി ക്ഷേത്രത്തിനുസമീപമായാണ് ക്ഷേത്രം."അമ്മ ജീവിച്ചിരിക്കെ അവര്‍ക്കായി ക്ഷേത്രം പണിയണമെന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇത് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചത് ജീവിതത്തിലെ സൗഭാഗ്യമായി കാണുന്നു" -രാഘവ ലോറന്‍സ് പറഞ്ഞു.

'ക്ഷേത്രം ഈ ഭൂമിയിലെ എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കുന്നു. എന്നെ ഞാനാക്കിയത് അമ്മയാണ്, അമ്മയുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളുമാണ്. എല്ലാ അമ്മമാരും ഇങ്ങനെത്തന്നെ. അതിനാല്‍ സര്‍വവും ത്യജിച്ച് മക്കളെ സ്‌നേഹിക്കുന്ന ലോകത്തെ എല്ലാ അമ്മമാര്‍ക്കുമുള്ള എന്റെ സമ്മാനമാണ് ക്ഷേത്രം. ഭൂമിയിലെ യഥാര്‍ഥ ദൈവം അമ്മയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

ദേവീവിഗ്രഹത്തിനുമുന്നില്‍ ശുഭ്രവസ്ത്രധാരിയായി ധ്യാനിച്ചിരിക്കുന്ന അമ്മയുടെ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ക്ഷേത്രോദ്ഘാടനവേളയില്‍ പാവപ്പെട്ട 1000 വയോധികമാര്‍ക്ക് സാരി സമ്മാനിച്ചു.

സിനിമാരംഗത്ത് രാഘവ ലോറന്‍സ് ഒന്നുമല്ലാതിരുന്ന സമയത്ത് സഹായിച്ച സംഘടന സംവിധായകന്‍ സൂപ്പര്‍ സുബ്ബരായനാണ് ക്ഷേത്രം ഉദ്ഘാടനംചെയ്തത്. സുബ്ബരായന്റെ കാര്‍ കഴുകുന്ന ജോലിയായിരുന്നു തുടക്കത്തില്‍ ലോറന്‍സിന്. അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കി രജനീകാന്താണ് സിനിമയിലേക്കുള്ള വഴികാട്ടിയത്.

അഭിനയത്തോടൊപ്പം സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരനാണ് രാഘവ ലോറന്‍സ്. നൃത്തരംഗങ്ങളിലൂടെ സിനിമയിലെത്തിയ അദ്ദേഹം മാസ്, മുനി, കാഞ്ചന തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.