ലയാള സിനിമയിലെ വ്യത്യസ്തമായൊരു അമ്മ മുഖമാണ് സേതുലക്ഷ്മി അമ്മയുടേത്. അഭ്രപാളിക്ക് അകത്തും പുറത്തും എന്നും സാധാരണക്കാരിയായ അമ്മയുടെ മുഖമാണ് സേതുലക്ഷ്മിയമ്മയ്ക്ക്. കസവില്‍ പൊതിഞ്ഞ ചന്ദനക്കുറിയിട്ട അമ്മവേഷങ്ങളുടെ ആഢ്യത്വത്തില്‍ സേതുലക്ഷ്മി അമ്മയെ നാം ഇതുവരെ കണ്ടുകാണില്ല. അതുകൊണ്ട് തന്നെ എവിടെയോ എപ്പൊഴോ കണ്ടുമറന്ന അമ്മ മുഖമായി, അല്ലെങ്കില്‍ നമ്മുടെ തന്നെ അമ്മയുടെ ഒരംശമായി സേതുലക്ഷ്മിയമ്മ മാറുന്നു.

എപ്പോഴും വിയര്‍പ്പു പടര്‍ന്ന നെറ്റിത്തടമായി കണ്ണില്‍ മക്കളെക്കുറിച്ചുള്ള ആധികള്‍ പേറുന്ന അമ്മ മുഖമായി ഈ അമ്മ നമ്മുടെ ഒരോ സിനിമാ പ്രേക്ഷകന്റെയും ഉള്ളിലുണ്ട്.  അഭ്രപാളിയില്‍ കെട്ടിയാടിയ അമ്മവേഷങ്ങളെക്കുറിച്ച്, ജീവിതത്തിലെ അമ്മ വേഷത്തെക്കുറിച്ച്, സ്വന്തം അമ്മയെക്കുറിച്ച് സേതുലക്ഷ്മി അമ്മ സംസാരിക്കുന്നു. 

 അമ്മയുടെ പ്രിയപ്പെട്ട 'അമ്മ 'കഥാപാത്രങ്ങള്‍

സിനിമയില്‍ ഇന്ദ്രജിത്ത് നായകനായ ലെഫ് റൈറ്റ് ലെഫ്റ്റിലെ കഥാപാത്രമാണ് ഏറെയിഷ്ടം. ലെഫ്‌റൈറ്റിലെ അമ്മ വേഷം എത്ര കാലം കഴിഞ്ഞാലും എനിക്ക് മറക്കാനാകില്ല. കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ അമ്മയെ പിരിഞ്ഞുപോകാന്‍ കഴിയാത്ത വിഷമത്തില്‍ ഇന്ദ്രജിത്ത് ചെയ്യുന്ന കഥാപാത്രം ബാത്ത്‌റൂമില്‍ കയറി വാതില്‍ അടച്ച് പൈപ്പ് തുറന്നിട്ട് പൊട്ടിക്കരയുന്നുണ്ട്. 

ഇതറിയാതെ ഞാന്‍ പുറത്തു നിന്നും കരയുന്നുണ്ട്. ഇന്നും ആളുകള്‍ കാണുമ്പോള്‍ പറയും, ആ സീന്‍ ഒരിക്കലും മനസില്‍ നിന്നും മാഞ്ഞു പോകില്ലെന്ന്.ദേ, കഴിഞ്ഞ ദിവസം കൂടി പറഞ്ഞതെയുള്ളു. സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി ഞാന്‍ കരയുന്നു. ഞാന്‍ കാണരുതെന്നു കരുതി കരഞ്ഞ ശേഷം മോന്‍ പുറത്ത് വന്ന എന്നോട് സംസാരിക്കുന്ന സീന്‍ എന്റെ മനസില്‍ നിന്നും ജനങ്ങളുടെ മനസില്‍ നിന്നും ഇന്നും മാഞ്ഞിട്ടില്ല.  ഈ സീനില്‍ ഞാന്‍ കരഞ്ഞത് ഗ്ലിസറിന്‍ ഇല്ലാതെയാണ്. 

അത്രയധികം ആ കഥാപാത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ എനിക്കായിട്ടുണ്ട്.  വീടില്ല, കൂടില്ല, ആരുമില്ല.. ഈ അവസ്ഥയില്‍ ഒരു മകന്‍ നഷ്ടപ്പെടുന്നത് ഒരമ്മയ്ക്കും സഹിക്കാനാകില്ല.'ഉട്ടോപ്യയിലെ രാജാവില്‍'  മമ്മൂട്ടിയുടെ വളര്‍ത്തമ്മയായും അഭിനയിച്ചിരുന്നു. ഈ വേഷവും  മനസില്‍ നിന്നും മായാതെ നില്‍ക്കുന്നതാണ്. മമ്മൂട്ടി മരിച്ചുവെന്നറിയുമ്പോള്‍ 'അയ്യോ' എന്നുറക്കെ കരയുന്നുണ്ട്. ഇതൊരു കോമഡി കരച്ചില്‍ പോലെയാണെങ്കിലും 'ഉട്ടോപ്യയിലെ രാജാവിലെ' അമ്മ വേഷവും ഏറെ പ്രിയപ്പെട്ടതാണ്.   ഇതുവരെ ചെയ്ത എല്ലാ അമ്മ കഥാപാത്രങ്ങളും എനിക്ക് ഒരുപാടിഷ്ടമാണ്. 

sethuleshmiyamma


ജീവിതത്തിലെ അമ്മ വേഷത്തെക്കുറിച്ച്

സിനിമയ്ക്ക് പുറത്തും ജീവിതത്തിലും ഞാന്‍ അമ്മയാണ്. അമ്മമാര്‍ മക്കളെ എപ്പോഴും സ്‌നേഹിച്ചുകൊണ്ടിരിക്കും. മക്കള്‍ വയസായാലും 'മോനെ മോളെന്നേ' അമ്മമാര്‍ വിളിക്കൂ.  മക്കള്‍ എത്ര മുതിര്‍ന്നാലും അമ്മമാരെ നോക്കി അമ്മയെന്നു വിളിക്കുമ്പോള്‍ കുഞ്ഞുനാളില്‍ വിളിച്ച അതേ പോലെയാണ് നമ്മള്‍ക്ക് അനുഭവപ്പെടുക. 

മക്കള്‍ വലുതാകുമ്പോള്‍ അവര്‍ നമ്മളെ  സ്‌നേഹിക്കുന്നില്ലേ എന്നു നമുക്ക് തോന്നും.  അതില്‍ നമ്മള്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല. അങ്ങനെയാണ് കാലം പോകുന്നത്. ഞാന്‍ മരിക്കുന്നത് വരെ എന്തൊക്കെ സംഭവിച്ചാലും. എന്റെ മക്കള്‍ എന്റെ മക്കളാണ്. ചിന്തിയ്ക്കുന്ന ഓരോ അമ്മമാര്‍ക്കും ഇതാണ് അനുഭവപ്പെടുക.  പക്വതയാകുന്നത് വരെ അമ്മയില്ലാത്ത ജീവിതത്തെക്കുറിച്ച് മക്കള്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല. പക്ഷേ വലുതായി കഴിയുമ്പോള്‍ മക്കള്‍ക്ക് അവരുടേതായ ജീവിതം ഉണ്ടാകും.അവര്‍ക്കും മക്കളുണ്ടാകും.

നമ്മള്‍ നമ്മുടെ മക്കളെ സ്‌നേഹിക്കുന്നത് പോലെയാണ് നമ്മുടെ മക്കള്‍ അവരുടെ മക്കളെ സ്‌നേഹിക്കുന്നത്. പക്ഷേ ചിലപ്പോഴൊക്കെ ചില അമ്മമാര്‍  മക്കളെക്കുറിച്ച് അവര്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ  പരാതി പറയുന്നത് കേള്‍ക്കാറുണ്ട്.  പക്ഷേ കുടുംബമായി കഴിയുമ്പോഴും അമ്മയെന്നുള്ള സ്‌നേഹം  ഓരോ മക്കളുടെ മനസിലും ഉണ്ടാകും. പക്ഷേ അവര്‍ക്ക് അവരുടെ മക്കളെ സ്‌നേഹിക്കേണ്ടതുകൊണ്ടും, അവരുടെ കാര്യം നോക്കേണ്ടത് കൊണ്ടും അമ്മമാരുടെ അടുത്ത് സ്‌നേഹം പ്രകടിപ്പിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. 

'വാ.. അമ്മ വന്ന്  ഇവിടിരിക്ക് 'എന്നൊക്കെ പറയാനെ ചിലപ്പോള്‍ സമയം ലഭിക്കൂ. ചില അമ്മമാര്‍ക്ക് തോന്നും, അവരുടെ മക്കളോടെ സ്‌നേഹമുള്ളു അവര്‍ക്ക്‌ നമ്മളോട് ഇല്ലെന്ന്. എനിക്കും ആദ്യമെ എന്റെ മകന്റെ അടുത്ത് ഇങ്ങനെയൊക്കെ തോന്നിയിരുന്നു. അവന് ഭാര്യയോടെ സ്‌നേഹമുള്ളു എന്നോട് ഇല്ലെന്ന്, പക്ഷേ പിന്നീട് ഞാന്‍ കാര്യങ്ങള്‍ മനസിലാക്കി. എനിക്ക് ആകെ ഒരു മരുമകളെ ഉള്ളു.അവളും എനിക്ക് എന്റെ മകളെ പോലെയാണ്. എല്ലാവരും ഈ രീതിയില്‍ ചിന്തിക്കണമെന്നാണ് എന്റെ അഭിപ്രായം. 

എനിക്ക് നാലു മക്കളാണ്. മൂന്ന് പെണ്ണും ഒരാണും. ഇതില്‍ എന്റെ മൂത്ത മകള്‍ മരിച്ചുപോയി. ആ കുട്ടിയ്ക്ക്  രക്താര്‍ബുദമായിരുന്നു.  ഞങ്ങള്‍ അറിയാന്‍ വൈകി. അപ്പോഴേക്കും ബ്ലഡിലാകെ വ്യാപിച്ചിരുന്നു.അവള്‍ ഹോമിയോ മരുന്ന് മാത്രമെ കഴിക്കുകയുണ്ടായിരുന്നുള്ളു.

ഒരു ഹോമിയോ ആസ്പത്രിയില്‍ പോയി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു -ഇനി ചികിത്സിച്ചിട്ട് പ്രയോജനം ഇല്ല, അവസാന സ്‌റ്റേജാണെന്ന്. പക്ഷേ എന്നില്‍ നിന്ന്‌ ഇതെല്ലാരും മറച്ചുവെച്ചു. എന്നോട് ആരും ഇക്കാര്യമൊന്നും പറഞ്ഞില്ല. ഡ്‌സ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവന്നു. എല്ലാ ശനിയാഴ്ച്ചയും ആശുപത്രിയില്‍ പോയി മരുന്നുവാങ്ങണമായിരുന്നു. അങ്ങനെ മൂന്ന് ശനിയാഴ്ച പോയി, നാലാമത്തെ ശനിയാഴ്ച മരുന്നുവാങ്ങാന്‍ അവളുണ്ടായില്ല.

അമ്മയുടെ അമ്മയെക്കുറിച്ച് 

എന്റെ അമ്മ ഒരു സാധാരണ വീട്ടമ്മയായിരുന്നു. ഞങ്ങള്‍ക്ക് ആഹാരമൊക്കെ പാകം ചെയ്തു തന്ന് വീട്ടിലെ കാര്യമൊക്കെ നോക്കി ജീവിക്കുന്ന ഒരു സാധാരണ അമ്മ. ഒരു സാധാരണ കുടുംബമായിരുന്നു. എന്റെ അച്ഛന്‍ മിലിട്ടറിക്കാരനായിരുന്നു. പറമ്പും  അതിലല്‍പ്പം കൃഷിയുമൊക്കെയുണ്ടായിരുന്നു.വലിയ അല്ലലില്ലാതെയാണ്  കഴിഞ്ഞുപോന്നത്. പക്ഷേ അച്ഛന്റെ ശമ്പളം എത്താന്‍ വൈകിയാല്‍ അല്‍പം ബുദ്ധിമുട്ടിയിരുന്നു. കാരണം പറമ്പില്‍ നിന്നുള്ള ആദായമെടുത്ത് കാര്യങ്ങള്‍ ചെയ്യന്‍ അമ്മയ്ക്ക് അറിയില്ലായിരുന്നു.

ഇന്നും എന്റെ  സങ്കടം എന്താണെന്നു വച്ചാല്‍ എന്റെ വലിയ വിജയങ്ങള്‍ കാണാന്‍ എന്റെ അമ്മ ഇല്ലാതെ പോയി. ഞങ്ങളുടേത് ഒരു നായര്‍ കുടുംബമായിരുന്നു. കലാകാരികളാകുന്നതിനോട് ബന്ധുക്കള്‍ക്ക് തീരെ താല്‍പര്യമില്ലായിരുന്നു.ആട്ടക്കാരികളെന്നാണ് കലാകാരികളെ വിളിച്ചിരുന്നത്.

ഡാന്‍സ് പഠിക്കുന്നത് പോലും അന്നൊക്കെ ഉള്‍കൊള്ളാന്‍  പോലും തയാറല്ലായിരുന്നു. ഇഷ്ടമില്ലാതിരുന്നിട്ടുകൂടി അമ്മ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി. 'മക്കളെ.. ആള്‍ക്കാരെകൊണ്ട് പറയിപ്പിക്കാതെ നന്നായി ജീവിക്കണേ..'എന്നൊക്കെ എപ്പോഴും പറയുമായിരുന്നു. 

ഞാന്‍ എന്റേതായ ജീവിതം കെട്ടിപ്പടുത്തപ്പോള്‍ എന്റെ ചിന്ത മുഴുവന്‍ എന്റെ മക്കളെക്കുറിച്ചായിരുന്നു. പക്ഷേ അമ്മ അപ്പോഴും എന്നെ ഓര്‍ത്തോണ്ടിരുന്നു.  ഇപ്പോള്‍ തിരിച്ചറിവു വന്നപ്പോള്‍ എനിക്ക് മനസിലായി എന്റെ മക്കളെക്കാളധികം എനിക്ക് എന്റെ അമ്മയോടാണ് സ്‌നേഹമെന്ന്.  ഇപ്പോള്‍ ഞാനെന്റെ അമ്മയെ ഒരുപാട്  സ്‌നേഹിക്കുന്നുണ്ട്.

   അമ്മമാരോട് ചെയ്യുന്നതിന്റെ ഫലം  നമ്മള്‍ മക്കള്‍ അനുഭവിക്കും. നമ്മള്‍ നമ്മുടെ മക്കളെ ജനിപ്പിച്ച് വളര്‍ത്താനും അനുഭവിച്ച കഷ്ടപ്പാട് ഓര്‍ത്താല്‍ മാത്രം മതി നമുക്ക് നമ്മുടെ അമ്മമാരെ സ്‌നേഹിക്കാന്‍.

 

അംഗീകാരങ്ങള്‍ കിട്ടുമ്പോള്‍ അമ്മാ എനിക്കിത് കിട്ടിയെന്ന് പറഞ്ഞ് കാണിക്കാന്‍, സന്തോഷത്തോടെ കെട്ടിപ്പിടിക്കാന്‍ അമ്മയില്ലാത്തത് വലിയൊരു ദു:ഖമാണ്. അമ്മയെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കാന്‍ കൊതിതോന്നാറുണ്ട്. മേലോട്ട് നോക്കി ഞാന്‍ സമാധാനിക്കും. എല്ലാം കണ്ട് അമ്മ ഈശ്വരന്‍മാരുടെ അടുത്തുണ്ടല്ലോ. അമ്മ ഞങ്ങളെ വളര്‍ത്താന്‍  വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു.

അമ്മ എന്റെ ദൈവമാണിന്ന്. ഗൗരിയെന്നാണ് എന്റെ അമ്മയുടെ പേര്. എന്റെ അമ്മ മരിക്കുന്ന സമയത്ത് അവസാനമായി പറഞ്ഞത് എന്റെ പേരാണ്.  ഞാന്‍ അടുത്തില്ലായിരുന്നു. എന്റെ സഹോദരങ്ങള്‍ക്ക് എല്ലാവര്‍ക്കും  വീടുണ്ടായിരുന്നു. എന്റെ കുട്ടിയ്ക്ക്  ഇതുവരെ വീടായില്ലെന്നു പറഞ്ഞ് അമ്മ എന്നെയോര്‍ത്ത്‌  മരണ സമയത്തുപോലും സങ്കടപ്പെട്ടു.

അമ്മമാര്‍ ദൈവമാണ്, ജീവിതത്തില്‍ എപ്പോഴെങ്കിലും ഏതെങ്കിലും മക്കള്‍ അമ്മമാരോട് അനിഷ്ടം കാണിച്ചാല്‍ അതിന്റെ ഫലം നമ്മള്‍ അനുഭവിക്കും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍  ഈ പറയുന്നത്. എല്ലാവരും എതിര്‍ത്തപ്പോഴും ഞാന്‍ എനിക്കിഷ്ടപ്പെട്ടൊരു വിവാഹം കഴിച്ചു.

ഇതിന്റെ പേരില്‍ അമ്മ രണ്ടുമാസത്തോളം ആസ്പത്രിയില്‍ കിടന്നു. ആ അമ്മയുടെ ദുഃഖം ഇന്നും ഞാന്‍ അനുഭവിക്കുന്നുണ്ട്. ആ ശാപമല്ലാതെ ലോകത്തില്‍ മറ്റൊരു ശാപവും ഞാന്‍ വാങ്ങിവെച്ചിട്ടില്ല.. ഞാനത് അനുഭവിച്ച് കഴിഞ്ഞപ്പോള്‍ ദൈവത്തിന്‌ എന്നെ മനസിലായി.

ജീവിതത്തിലും ജോലിയിലുമെല്ലാം ഉയര്‍ച്ചകളുണ്ടായി. എന്റെ തലയില്‍ ഇതൊക്കെ എഴുതി വച്ചിട്ടുണ്ടാകാം. പക്ഷേ അമ്മമാരോട് ചെയ്യുന്നതിന്റെ ഫലം  നമ്മള്‍ മക്കള്‍ അനുഭവിക്കും. നമ്മള്‍ നമ്മുടെ മക്കളെ ജനിപ്പിച്ച്  വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാട് ഓര്‍ത്താല്‍ മാത്രം മതി, നമുക്ക് നമ്മുടെ അമ്മമാരെ സ്‌നേഹിക്കാന്‍.

 സ്വന്തം അമ്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ സേതുലക്ഷ്മിയമ്മ ഒരു കൊച്ചുകുട്ടിയെ പോലെ ഏങ്ങലടിച്ചു കരഞ്ഞു.....