സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമ്പോഴും നഗരങ്ങളില്‍ രാത്രിയിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി തങ്ങാന്‍ ഒരിടമില്ല. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച വണ്‍ഡേ ഹോം സംവിധാനങ്ങള്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. 

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് ഒരു ഷെല്‍ട്ടര്‍ ഹോം ഒരുക്കണമെന്ന ആവശ്യത്തില്‍ നിന്നാണ് വണ്‍ഡേ ഹോമുകളുടെ പിറവി. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച വണ്‍ഡേ ഹോമുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

ഇന്റര്‍വ്യൂ, മീറ്റിങ്, മത്സര പരീക്ഷകള്‍ എന്നിവയ്ക്കെല്ലാമായി ഈ നഗരങ്ങളില്‍ ധാരാളം സ്ത്രീകളെത്തുന്ന സാഹചര്യത്തിലാണ് വണ്‍ഡേ ഹോമുകള്‍ തുടങ്ങിയത്. ഒരു ദിവസം താമസ സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തില്‍ സ്ഥാപിച്ച ഇവിടെ 13 വയസ്സിന് മുകളിലുള്ളവര്‍ക്ക് അമ്പത് രൂപ നിരക്കില്‍ ഭക്ഷണമടക്കമുള്ള താമസ സൗകര്യം നല്‍കിയിരുന്നു.

എറണാകുളം ജില്ലയില്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് സമീപം 2010 ല്‍ തുടങ്ങിയ വണ്‍ഡേ ഹോം വൈകാതെ പൂട്ടി. ഇപ്പോഴിത് കേസില്‍ പെടുന്ന കുട്ടികളുടെ ഒബ്സര്‍വേഷന്‍ ഹോം ആക്കാനുള്ള നീക്കത്തിലാണ്.

ഹോസ്റ്റല്‍, പേയിങ്ങ് ഗസ്റ്റ് സംവിധാനങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഇന്റര്‍വ്യൂ പോലുള്ള ഒരു ദിവസത്തെ ആവശ്യങ്ങള്‍ക്ക് നഗരങ്ങളിലെത്തുന്നവര്‍ക്ക് രാത്രി കഴിഞ്ഞു കിട്ടാന്‍ പ്രയാസമാണ്. ഒരു മാസത്തെ പണം മുന്‍കൂറായി അടച്ചും, ലോക്കല്‍ ഗാര്‍ഡിയന്‍ പരിചയപ്പെടുത്തിയും വേണം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തരപ്പെടുത്താന്‍. പകരം സംവിധാനമായി സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്ന മഹിളാ മന്ദിരങ്ങളും ഇവരെ സഹായിക്കില്ല.

18 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റാരും നോക്കാനില്ലാത്ത സ്ത്രീകള്‍ക്കുള്ള ഇടമാണ് മഹിളാമന്ദിരങ്ങള്‍. ഉള്‍പ്രദേശത്തായിരുന്നതും സൗഹൃദ അന്തരീക്ഷം ഇല്ലാതിരുന്നതും കാക്കനാടുള്ള വണ്‍ഡേ ഹോമിന്റെ സൗകര്യം സ്ത്രീകള്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ കാരണമായതായി എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. വിനയന്‍ പറയുന്നു.

തിരുവനന്തപുരത്ത് വണ്‍ഡേ ഹോം പ്രവര്‍ത്തിച്ച സ്ഥലത്താണ് ഇപ്പോള്‍ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് എന്റെ കൂട് എന്ന പേരില്‍ വണ്‍ഡേ ഹോമിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന് കീഴിലുണ്ട്. ഇവിടെ മാസം പത്തോളം പേര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. രാത്രി താമസം, രാവിലെ ഭക്ഷണം എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ സൗജന്യമായാണ് എന്റെ കൂട് സംവിധാനത്തിന് കീഴില്‍ നല്‍കുന്നത്.

സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ വണ്‍ഡേ ഹോമുകളുടെ പ്രവര്‍ത്തനം പ്രധാന നഗരങ്ങളില്‍ ആവശ്യമാണെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറയുന്നു. ഇത്തരം സൗകര്യങ്ങള്‍ അപൂര്‍വമാണെന്നതും പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ തന്നെ സൗകര്യങ്ങള്‍ പരിമിതമാണെന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാറിന് താത്പര്യമുണ്ടെന്നും അവര്‍ അറിയിച്ചു.

കുടുംബശ്രീക്ക് കീഴിലുള്ള 'സ്നേഹിത', 'കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ്' ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ശാന്തിഭവന്‍' എന്നിവയാണ് ഇപ്പോള്‍ കൊച്ചിയിലുള്ള സ്ത്രീ അഭയ കേന്ദ്രങ്ങള്‍. ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാല്‍ ഇവിടങ്ങള്‍ വണ്‍ ഡേ ഹോമിന്റെ പ്രവര്‍ത്തനത്തിന് പകരമാവില്ല.