സാനിറ്ററി പാഡുകള്‍ക്ക് നികുതി ഒഴിവാക്കുക എന്ന നിവേദനവുമായി ലോക്‌സഭാ എം പി സുസ്മിതാ ദേവ്. "ടാക്‌സ് ഫ്രീ വിങ്‌സ്" എന്നാണ് നിവേദനത്തിന്റെ പേര്. പരിസ്ഥിതിയെയും സ്ത്രീകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാത്ത സാനിറ്ററി നാപ്കിനുകളുടെ നിര്‍മാണത്തിനും വിതരണത്തിനും നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.

അസമിലെ സില്‍ച്ചര്‍ മണ്ഡലത്തെയാണ് കോണ്‍ഗ്രസ് എം പിയായ സുസ്മിത പ്രതിനിധീകരിക്കുന്നത്. നികുതി ഒഴിവാക്കുന്നതോടെ സാനിറ്ററി നാപ്കിനുകള്‍ക്ക് വില കുറയും. ഇത് കൂടുതല്‍ സ്ത്രീകള്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കാന്‍ സഹായകമാകും. ആര്‍ത്തവകാലത്തെ ശുചിത്വം സ്ത്രീകള്‍ക്ക് ഗുണകരമാവുകയും ചെയ്യും.

പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നവയാണ്. അതുകൊണ്ട്‌ ഇത്തരം നാപ്കിനുകള്‍ക്ക് നിയന്ത്രിതമായ നിരക്കില്‍ നികുതി ഏര്‍പ്പെടുത്താം. 12% സ്ത്രീകള്‍ മാത്രമാണ് ഇന്ത്യയില്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത്.

"പന്ത്രണ്ട് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഈടാക്കുന്നത്. ഓരോ സംസ്ഥാനത്തിലും ഇത് വ്യത്യസ്തമാണ്. ഇനി ഗ്രാമീണമേഖലയില്‍നിന്നുള്ള കണക്കെടുത്താല്‍ രണ്ട് ശതമാനം സ്ത്രീകള്‍ മാത്രമാണ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്.

രാജ്യത്തെ എഴുപത് ശതമാനം സ്ത്രീകള്‍ക്കും സാനിറ്ററി പാഡുകള്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയില്ല- ടാക്‌സ് ഫ്രീ വിങ്‌സ് ചൂണ്ടിക്കാണിക്കുന്നു. പന്ത്രണ്ട് മാസവും സ്ത്രീകള്‍ നികുതി നല്‍കേണ്ടി വരികയാണ്. 39 വര്‍ഷത്തോളമായി ഇത് തുടരുകയാണ്. എങ്ങനെയാണ് ഇതിനെ ന്യായീകരിക്കാന്‍ സാധിക്കുക?"- സുസ്മിത ആരായുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ് നിവേദനം സമര്‍പ്പിക്കുകയെന്ന് സുഷ്മിത പറഞ്ഞു. സാനിറ്ററി നാപ്കിനുകള്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ വരുന്നത് ഉറപ്പാക്കാന്‍ സാധിക്കും. കാരണം ആര്‍ത്തവസമയത്ത് സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കുന്ന പ്രവണത രാജ്യത്തിന്റെ പലഭാഗത്തും നിലനില്‍ക്കുന്നുണ്ട്.

നിവേദനത്തിന് ഏഴായിരത്തില്‍ അധികം ആളുകള്‍ ഇതിനോടകം ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കാന്‍ ഒരുങ്ങുന്ന സമയത്ത് സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നത്.