രണകൂടത്തിനെതിരെയും അതിന്റെ നടപടികള്‍ക്കെതിരെയും സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ എത്ര ഹീനമായ മാര്‍ഗവും നടപ്പാക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സോണി സോറി എന്ന ആദിവാസി സ്ത്രീയുടെ ജീവിതം. ലോക്കപ്പിലെയും ജയിലറകളിലെയും കഠിനപീഡനങ്ങളുടെ പരമ്പരയാണ് അവരെ മനുഷ്യാവകാശപ്പോരാളിയാക്കിയത്. ആരെയും ഞെട്ടിക്കുന്നതാണ്, ആരുടെയും കരളലിയിക്കുന്നതാണ് സോണി മാതൃഭൂമി ആഴ്ച്ചപ്പതിപ്പുമായി പങ്കുവച്ച അനുഭവങ്ങൾ.

ദക്ഷിണ ബസ്തറിലെ ദന്തേവാഡയിലെ ആദിവാസി കുടുംബത്തിലായിരുന്നു സോണിയുടെ ജനനം. വലുതായപ്പോള്‍ മറ്റു മക്കളെ പോലെ സോണിയെയും അവളുടെ അച്ഛന്‍ പശുവിനെ മേയ്ക്കാന്‍ വിട്ടു. "പശുവിനെ മേയ്ച്ചു മടങ്ങുന്ന വഴിയിലായിരുന്നു ഗ്രാമത്തിലെ സ്‌കൂള്‍. സ്‌കൂളില്‍ കുട്ടികള്‍ക്ക് കഞ്ഞി കൊടുക്കാറുണ്ടായിരുന്നു. അതുകൊണ്ട് കുട്ടികളുടെ പിന്നാലെ നടന്ന് ഞാന്‍ പറയും ലേശം കഞ്ഞി തന്നാല്‍ പാത്രം കഴുകിത്തരാമെന്ന്.

mathrubhumi weekly
മാതൃഭൂമി ആഴ്ചപ്പതിപ്പ്
വാങ്ങാം

കുറേനാള്‍ അവരുടെ പിന്നാലെ നടന്ന് കഞ്ഞി കുടിച്ചു. അധ്യാപകന്‍ അത് ശ്രദ്ധിച്ചു. സ്‌കൂളില്‍ വന്നാല്‍ എത്ര വേണമെങ്കിലും കഞ്ഞി തരാമെന്ന് വാഗ്ദാനവും ചെയ്തു. അധ്യാപകന്‍ പിന്നീട് അച്ഛനോട് സംസാരിക്കുകയും അച്ഛന്‍ സ്‌കൂളിലേക്ക് അയക്കുകയും ചെയ്തു". ഇങ്ങനെയായിരുന്നു സോണിയുടെ വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത് . പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം ആദിവാസികള്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയിലൂടെ അവര്‍ക്ക് അധ്യാപികയായി ജോലി ലഭിച്ചു.

അങ്ങനെ അധ്യാപികയായി ജോലി ചെയ്യുന്ന സമയത്താണ് സോണി ആദ്യമായി മാവോയിസ്റ്റുകളെ നേരിട്ട് കാണുന്നത്. അതും സോണിയെ കാണണമെന്ന് മാവോവാദികള്‍ ആവശ്യപ്പെടുകയായിരുന്നു. 'ആദിവാസിക്കുട്ടികളെ പഠിപ്പിക്കുന്ന ആദിവാസി അധ്യാപിക എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന'ആ കൂടിക്കാഴ്ചയില്‍ അവര്‍ പറഞ്ഞു- സോണി ഓര്‍മിക്കുന്നു.

ആദ്യകാലത്ത്, സോണിയും കുടുംബവും താമസിച്ചിരുന്നിടത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം കേട്ടുകേള്‍വി മാത്രമായിരുന്നു. ബസ്തറില്‍ അവരുടെ സാന്നിധ്യമുണ്ടെന്ന് കേട്ടിരുന്നു. -സോണി പറയുന്നു. എന്നാല്‍ 2009 ഓടെ സ്ഥിതിഗതികള്‍ മാറി.

സ്‌കൂളുകളില്‍ സേന വന്ന് തമ്പടിക്കുക പതിവായി. ഗ്രാമീണരെ തല്ലിച്ചതച്ചു. സൈന്യം സ്‌കൂളുകളെ തങ്ങളുടെ കേന്ദ്രങ്ങളാക്കി. ആ നടപടി ഇഷ്ടപ്പെടാത്ത മാവോയിസ്റ്റുകള്‍ സൈന്യം ഇനി സ്‌കൂളുകള്‍ താവളങ്ങളായി ഉപയോഗിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരിക സോണിയായിരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഈ ഭീഷണിയാണ് സൈന്യത്തെ സ്‌കൂള്‍ താവളമാക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി കളക്ടറെ കാണാന്‍ സോണിയെ പ്രേരിപ്പിച്ചത്.

ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക വകമാറ്റി ചിലവഴിച്ച അവധേശ് ഗൗതം എന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ശബ്ദിച്ചതാണ് സോണി മാവോയിസ്റ്റ് അനുഭാവിയാണെന്ന പ്രചാരണത്തിന് വഴി വയ്ക്കുന്നത്. അവധേശായിരുന്നു ആരോപണങ്ങള്‍ക്കു പിന്നില്‍.

തുടര്‍ന്ന് അവധേശിന്റെ വീടിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് സോണിയുടെ ഭര്‍ത്താവ് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിലെ കൊടും പീഡനങ്ങള്‍ക്ക് ഒടുവില്‍ സോണിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു. പരാതിയില്‍ സോണിയുടെ പേരും ഉണ്ടായിരുന്നു. സോണി മാവോയിസ്റ്റാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ പരമ്പരയായിരുന്നു പിന്നീട് നടന്നത്.

അവധേശ് ഗൗതമിന്റെ വീട്ടിലെ ആക്രമണം, കോണ്ടാഗാവിലെ മാവോയിസ്റ്റ് ആക്രമണം, കുവാകോണ്ടാ പോലീസ് സ്റ്റേഷന്‍ ആക്രമണം അങ്ങനെ നിരവധി കേസുകളില്‍ അവര്‍ പ്രതി ചേര്‍ക്കപ്പെട്ടു. എസ്സാര്‍ കോര്‍പറേഷനും മാവോയിസ്റ്റുകള്‍ക്കും ഇടയിലെ ഇടനിലക്കാരി എന്ന പേരും ഇതിനിടെ സോണിക്ക് ചാര്‍ത്തിക്കൊടുത്തു.

2011 ഒക്ടോബര്‍ നാലിന് ഡല്‍ഹിയില്‍ വച്ച് സോണി അറസ്റ്റ് ചെയ്യപ്പെട്ടു. ഛത്തീസ്ഗഢിലെ സ്ഥിതികള്‍ അറിയാമായിരുന്ന സോണി തന്നെ അവിടെക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഛത്തീസ്ഗഢിലെക്കു തന്നെ അവരെ അയച്ചു. 

ക്രൂരമായ പീഡനങ്ങളാണ് സോണി സോറിക്ക് നേരിടേണ്ടി വന്നത്. മാനുഷികപരിഗണനയുടെ എല്ലാ അതിര്‍ത്തിയും ലംഘിക്കുന്നവയായിരുന്നു ഓരോന്നും. വിവസ്ത്രയാക്കിയ ശേഷമായിരുന്നു ചോദ്യം ചെയ്യലുകള്‍.

"എന്റെ നേര്‍ക്ക് ബലാല്‍സംഗത്തിന്റെ ശ്രമങ്ങളുണ്ടായി. തുടര്‍ന്ന് അവര്‍ യോനിക്കുള്ളിലും മലദ്വാരത്തിലും കല്ലുകള്‍ നിറച്ചു. കല്ലുകള്‍ ഓരോന്നായി കുത്തിക്കയറ്റി. ചോര നിര്‍ത്താതെ ഒഴുകുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം എന്റെ ബോധം മറഞ്ഞു. രാത്രിയും പകലെന്നുമില്ലാതെ, അടഞ്ഞ മുറിയില്‍ എന്നെ അവര്‍ പീഡിപ്പിച്ചു കൊണ്ടിരുന്നു. ശരീരഭാഗങ്ങളെ പരാമര്‍ശിച്ച് പച്ചത്തെറി വിളിച്ചുമുള്ള ചോദ്യംചെയ്യലുകൾ. ദന്തേവാഡ എസ് പി അങ്കിത് ഗാര്‍ഗിന്റെ നേതൃത്വത്തിലായിരുന്നു പീഡനങ്ങളെല്ലാം.

ക്രൂരമര്‍ദനത്തിന്റെ അകമ്പടിയോടെ ആയിരുന്നു ഇവയെല്ലാം. "തീവ്രമായ വേദനയ്ക്കു പിന്നാലെ തോന്നിയത് വല്ലാത്ത നാണക്കേടായിരുന്നു. എങ്ങനെ ലോകത്തോട് ഇതൊക്കെ വിളിച്ചു പറയും എന്നോര്‍ത്തു. ഇനി പറഞ്ഞാല്‍ത്തന്നെ നാളെ പുറത്തിറങ്ങുമ്പോള്‍ ലോകം മുഴുവന്‍ അവജ്ഞയോടെ നോക്കിച്ചിരിക്കും. കളിയാക്കും. പലതവണ ഇതിങ്ങനെ ആലോചിച്ചു"- സോണി പറയുന്നു.

എന്നാല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട രണ്ട് പെണ്‍കുട്ടികളാണ് സോണിയെ ശബ്ദം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്. "നക്‌സലൈറ്റുകള്‍ എന്ന് ആരോപിച്ച് പോലീസ് പിടികൂടിയവരായിരുന്നു അവര്‍ ഇരുവരും. കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ നിലയിലുള്ളതായിരുന്നു ഇരുവരുടെയും ശരീരം. ഒരാളുടെ മുലക്കണ്ണുകള്‍ കടിച്ചു പറിച്ചു കളഞ്ഞിരുന്നു. മറ്റേയാളുടേത് മുറിച്ചു മാറ്റിയ നിലയിലും. അതില്‍ ഒരാള്‍ പറഞ്ഞു ചേച്ചി പഠിച്ചവളാണ്. പൊരുതാനാകും".

അവര്‍ നല്‍കിയ ഊര്‍ജമാണ് താന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് തുറന്നു പറയാന്‍ സോണിയെ പ്രേരിപ്പിച്ചത്. കത്തുകളിലൂടെയാണ് ജയിലിലെ ക്രൂരപീഡനങ്ങളെ കുറിച്ച് സോണി പുറം ലോകത്തെ അറിയിച്ചത്. സംഭവം ചര്‍ച്ചയായി. തുടര്‍ന്ന് കോടതിയുടെ ഇടപെടലിലൂടെ അവര്‍ക്ക് ചികിത്സ ലഭ്യമാവുകയും ചെയ്തു. ജയില്‍വാസത്തിനിടെ കണ്ട നിസ്സഹായരുടെ മുഖങ്ങളാണ് സോണി സോറി എന്ന വ്യക്തിയെ രാകി മൂര്‍ച്ചപ്പെടുത്തിയത്.

പുറത്തെത്തിയപ്പോള്‍ കണ്ടത് ജയിലിന് അകത്തേതിനു സമാനമായ മനുഷ്യാവകാശ ലംഘനപരമ്പരകളായിരുന്നു. സോണിയുടെ വാക്കുകളിലൂടെ "കൃഷിപ്പണിക്ക് പോകുന്ന സ്ത്രീകളെ സേനയിലുള്ളവര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യും. കുഞ്ഞിന് പാലു കൊടുക്കാന്‍ സമയമായെന്നു പറഞ്ഞാല്‍ ഇത്ര ചെറുപ്പത്തില്‍ നിനക്ക് കുഞ്ഞോ എന്നാകും മറു ചോദ്യം. എന്നാല്‍ കാണട്ടെ എന്നു പറഞ്ഞ് ബ്ലൗസ് വലിച്ചു കീറി മുലകള്‍ അമര്‍ത്തി പാലൊഴുക്കും. കുഞ്ഞിന്റെ അടുത്തെത്തുമ്പോള്‍ കൊടുക്കാന്‍ പാലില്ലാത്ത വണ്ണം തോക്കിന്റെ വശങ്ങള്‍ കൊണ്ട് അമര്‍ത്തും".

ഇത്തരം വിഷയങ്ങള്‍ പുറത്തു പറയാന്‍ സ്ത്രീകള്‍ക്ക് മടിയായിരുന്നു ആദ്യകാലത്ത്. പക്ഷെ ഇന്നവര്‍ മാധ്യമങ്ങളുടെ മുന്നില്‍ വന്നുനിന്നു പോലും അവര്‍ സംസാരിക്കും. സോണി പറയുന്നു. അതിന് അവരെ പ്രാപ്തയാക്കിയത് സോണി സോറിയുടെ ഇടപെടലുകളും. പീഡനം അനുഭവിക്കുന്നവര്‍ അല്ലെങ്കില്‍ അനുഭവിച്ചവരെ അതേപ്പറ്റി തുറന്നു പറയാന്‍ പ്രേരിപ്പിക്കുക- ഈ ആക്ടിവിസമാണ് സോണി പിന്തുടരുന്നത്. ഇത്തരം തുറന്നു പറച്ചിലുകളെ അവഗണിക്കാന്‍ ഒരു മാധ്യമത്തിനും ആവില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. 

രാഷ്ട്രീയപ്രവേശം, മാവോയിസ്റ്റുകളോടുള്ള നിലപാടുകള്‍, കുടുംബം-കുട്ടികള്‍, അഗ്നിയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കുറിച്ചും സോണി സോറി ആഴ്ചപ്പതിപ്പിൽ സംസാരിക്കുന്നുണ്ട്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ വായിക്കാം.