കാഞ്ചീവരം വേണോ ടസ്സര്‍ മതിയോ അതോ ഡ്യൂപിയന്‍ വേണോ? ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥയായ മേരി കേ കാള്‍സണ്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ ഏതുസാരി ധരിക്കണമെന്നുള്ളതാണ് മേരിയുടെ ആശയക്കുഴപ്പത്തിന്റെ കാരണം. 

ഇന്ത്യക്കാരോടൊപ്പമുള്ള ആഘോഷം ഇന്ത്യന്‍ സമ്പ്രദായപ്രകാരമാകട്ടെ എന്ന ചിന്തയാണ് മേരിയെ സാരി ധരിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ, ഒരുപാട് ആലോചനകള്‍ക്കു ശേഷം നാലുസാരികള്‍ മേരി തിരഞ്ഞെടുത്തു. പക്ഷെ അതില്‍ ഏതു ധരിക്കണമെന്ന സംശയം പിന്നെയും ബാക്കി.

അതോടെ ഏതു സാരിയെന്ന കാര്യം ഉറപ്പിക്കാന്‍ ഒരു മാര്‍ഗം കണ്ടുപിടിച്ചു. ട്വിറ്ററിലെ തന്റെ ഫോളോവേഴ്‌സിനോടു ചോദിക്കുക. അങ്ങനെ ജംദാനി, ഡ്യൂപിയന്‍, കാഞ്ചീവരം, ടസ്സര്‍ സാരികള്‍ ധരിച്ച ചിത്രം മേരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സാരി സെര്‍ച്ച് എന്ന ഹാഷ്ടാഗും കൊടുത്തു.

saree search

"ആദ്യമായാണ് മേരി ധരിക്കുന്നത്. ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങള്‍ക്കിഷ്ടപ്പെട്ട സാരിക്ക് വോട്ടു ചെയ്യുമോ" എന്ന അഭ്യര്‍ഥനയോടെ വീഡിയോയും മേരി ട്വിറ്ററില്‍ പോസ്റ്റ് ചെയിതിട്ടുണ്ട്. 

മേരിയുടെ അഭ്യര്‍ഥന മാനിച്ച് മറുപടിയുമായി നിരവധിയാളുകളാണ് എത്തിയിട്ടുള്ളത്. ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രം ധരിക്കാന്‍ തീരുമാനിച്ചതില്‍ അഭിനന്ദനം അറിയിച്ചവരുടെ എണ്ണവും കുറവല്ല.