'ബോധവല്‍ക്കരിക്കുക മാത്രമല്ല, ആര്‍ത്തവകാലം കൈകാര്യം ചെയ്യുന്നതിനായി സുസ്ഥിരമായ ഒരു മാതൃക ലഭ്യമാക്കുക കൂടി വേണം.'  പറയുന്നത് മറ്റാരുമല്ല ലോകസുന്ദരി മാനുഷി ചില്ലര്‍ ആണ്. ലോകസുന്ദരിയുമായി ബന്ധപ്പെട്ട ബ്യൂട്ടി വിത് പര്‍പസ് എന്ന തന്റെ ദൗത്യത്തിന് അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ്. ഇതിന്റെ ഭാഗമായി ' ഫെമിനിന്‍ ഹൈജീന്‍ അവയര്‍നെസ്സ്' ഗ്ലോബല്‍ ടൂറിന് അവര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. യാത്രയുടെ ഭാഗമായി ഇന്ത്യയിലെ ഗ്രാമങ്ങളിലും വിവിധ രാജ്യങ്ങളിലും മാനുഷി സന്ദര്‍ശനം നടത്തും. 

ഇതിന്റെ ഭാഗമായി ചെലവു കുറഞ്ഞ സാനിറ്ററി നാപ്കിന്‍ കൈകൊണ്ട് നിര്‍മിക്കാനും മാനുഷി തയ്യാറായി. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ജൂട്ട് ഇന്‍ഡസ്ട്രീസ് റിസെര്‍ച്ച് അസോസിയേഷന്റെ ശക്തി എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് സ്വന്തം കൈകള്‍ കൊണ്ട് മാനുഷി നാപ്കിന്‍ നിര്‍മിച്ചത്. 

സാനിറ്ററി നാപ്കിന്‍ നിര്‍മിക്കുന്ന ചിത്രം മാനുഷി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 'കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ജൂട്ട് ഇന്‍ഡസ്ട്രീസ് റിസെര്‍ച്ച് സെന്ററില്‍ അസോസിയേഷന്‍ നിര്‍മിക്കുന്ന ചെലവുകുറഞ്ഞ ബയോഡിഗ്രേഡബിള്‍ നാപ്കിന്നുകള്‍.ഇവിടെ സുലഭമായ ചണത്തില്‍ നിന്നുമാണ് ഇവര്‍ ഇത് നിര്‍മിക്കുന്നത്. ഇത്തരത്തില്‍ പാഡുകള്‍ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ഇവര്‍ പരിശീലനം നല്‍കി കഴിഞ്ഞു. ഞാനും എന്റെ കൈകൊണ്ട് ഒന്ന് നിര്‍മിച്ചു.' മാനുഷി കുറിക്കുന്നു. 

Manushi
Image: Instagram/ manushi_chhillar

ബെംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സ്ത്രീ ശുചിത്വവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച adda എന്ന സെഷനിലും മാനുഷി പങ്കെടുത്തു. 

മാനുഷിയുമായി ചേര്‍ന്ന് ഒരു വലിയ ആര്‍ത്തവകാല ശുചിത്വ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് തെലങ്കാന സര്‍ക്കാര്‍. ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഇവിടെയെത്തും. ആര്‍ത്തവുമായി ബന്ധപ്പെട്ട് നിനനില്‍ക്കുന്ന അരുതായ്മകളെയും അറിവില്ലായമകളെയും തുടച്ചുമാറ്റുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. 

ഏഴ് മുന്‍ ലോകസുന്ദരികള്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനും മാനുഷിക്ക് പദ്ധതിയുണ്ട്.