kudumbasreeകേരളം പുതിയൊരു യാത്രാ-സേവനസംസ്കാരത്തിലേക്ക്, ഒപ്പം നഗരത്തിലെ കുടുംബശ്രീ അംഗങ്ങളും. പെട്രോൾ സ്റ്റേഷനുകളിൽ വാഹനം കഴുകൽ, ഓയിൽ ചെയ്ഞ്ച് തുടങ്ങിയവ ചെയ്യിക്കുന്നതിനും ഒരു ചായ കുടിച്ച്  ഉന്മേഷം തിരിച്ചുപിടിക്കുന്നതിനും 'ലൂബി ഷോപ്പീ'കൾ നിലവിൽ വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) പെട്രോൾ സ്റ്റേഷനുകളോട് ചേർന്ന് കോർപ്പറേഷൻ കുടുംബശ്രീ യൂണിറ്റികളാണ് സേവന കേന്ദ്രങ്ങൾ (സർവീസ് സെന്റർ) സ്ഥാപിക്കുന്നത്.    

പെട്രോൾ സ്റ്റേഷനുകളോട് ചേർന്നുള്ള സേവന കേന്ദ്രങ്ങളാണ് 'ലൂബി ഷോപ്പീ'കൾ. ഐ.ഒ.സി.യുടെ നവീന സേവന പദ്ധതിയാണിത്. ആദ്യം കർണാടകയിലും പിന്നീട് ജാർഖണ്ഡിലുമായി കിയോസ്കുകൾ നിലവിൽ വന്നു. സ്റ്റീംവാഷ്, വാട്ടർ വാഷ്, ബൈക്ക് വാഷ്, കാർ പോളിഷിങ്, ഓയിൽ ചെയിഞ്ചിങ് തുടങ്ങിയ സേവനങ്ങൾക്ക് പുറമെ, യാത്രക്കാർക്ക് അത്യാവശ്യം വേണ്ട ടെലിഫോൺ റീച്ചാർജിങ്, ഇന്റർനെറ്റ്, ബിൽ അടയ്ക്കൽ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും.

ചായ, കാപ്പി വെൻഡിങ് മെഷീനുകളും ഐസ്‌ക്രീം, ബോട്ടിൽ ജ്യൂസുകൾ തുടങ്ങിയവയും കുടുംബശ്രീയുടെ ഉത്‌പന്നങ്ങളും വിൽപനയ്ക്കുണ്ടായിരിക്കും. എല്ലാവിധ യന്ത്ര സാമഗ്രികളോടുംകൂടി 100 ചതുരശ്ര മീറ്റർ കിയോസ്കുകൾ സജ്ജമാക്കുന്നത് ഐ.ഒ.സി. തന്നെയാണ്. സാമ്പത്തിക ചെലവുകൾ കുടുംബശ്രീ വഹിക്കും. 10 ലക്ഷംവീതമാണ് ഓരോ യൂണിറ്റിനും പ്രതീക്ഷിക്കുന്ന ചെലവ്.

lubby shop
ലൂബി ഷോപ്പിയുടെ പ്രതീകാത്മക ചിത്രം

പദ്ധതി സംബന്ധിച്ച് ഐ.ഒ.സി.യും കോർപ്പറേഷൻ കുടുംബശ്രീ യൂണിറ്റും വൈകാതെ ഒപ്പുവെയ്ക്കുമെന്ന് കോർപ്പറേഷൻ കുടുംബശ്രീ പ്രോജക്ട് ഓഫീസർ റംസി ഇസ്മായിൽ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മാതൃകാ ലൂബി ഷോപ്പീകൾ നഗര പരിധിയിലെ ഐ.ഒ.സി. പെട്രോൾ സ്റ്റേഷനുകളോട് ചേർന്ന് ഓണക്കാലത്ത് നിലവിൽ വരും. അഞ്ച് കടകൾക്ക് മൂന്ന് ലക്ഷം വീതമുള്ള സാമ്പത്തിക സഹായം കോർപ്പറേഷൻ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഒരു ലക്ഷം വീതം അതാത് യൂണിറ്റുകൾ വഹിക്കുകയും അവശേഷിക്കുന്ന തുക ബാങ്ക് വായ്പയിലൂടെ കണ്ടെത്തുകയും ചെയ്യും.

ഓയിൽ ചേഞ്ചിങ്ങും കാർ കഴുകലുമൊക്കെ കുടുംബശ്രീ അംഗങ്ങൾ തന്നെയായിരിക്കും ചെയ്യുക. ഇവർക്ക് ആവശ്യമായ പരിശീലനം നൽകും. ദീർഘ യാത്രയിലുള്ള കുടുംബങ്ങൾക്ക് ഇത് ഏറെ സൗകര്യപ്രദമാകും. കുടുംബശ്രീ ഉത്‌പന്നങ്ങൾ വിറ്റഴിക്കാനുള്ള മികച്ചൊരു കേന്ദ്രംകൂടിയായിരിക്കുമിത്. കേരളത്തിൽ പെട്രോൾ സ്റ്റേഷനുകൾ യാത്രക്കാർക്ക് അത്താണികളായി മാറുന്നുവെന്നതിനൊപ്പം തന്നെ, കുടുംബശ്രീ പുതിയൊരു മേഖലയിലേക്ക് കടക്കുന്നുവെന്നതും സവിശേഷതയാണ്. ഫിറ്റ്‌നസ് സെന്റർ, പൊടിമില്ല്്, കുട നിർമാണം, കാരി ബാഗ് നിർമാണം, ന്യൂട്രി മിക്സ് ഭക്ഷ്യോത്പന്ന യൂണിറ്റ്, വനിതാ ഹോസ്റ്റലുകൾ, സോയ് ചോക്കലേറ്റ്, കരകൗശല നിർമാണം, ബാഗ് നിർമാണം തുടങ്ങിയവയും കോർപ്പറേഷൻ കുടുംബശ്രീയുടെ നേട്ടങ്ങളിൽ ചിലതാണ്.