ട്ടു വയസ്സുള്ള പെൺകുട്ടിക്ക് നാടകത്തിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്യാൻ അനുവാദമില്ലെന്ന് വിശ്വസിക്കാനാകുന്നുണ്ടോ നിങ്ങൾക്ക്. ഇറാനിൽ അങ്ങനെയാണത്രേ. 'സാറ'യെന്ന നാടകത്തിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടിയ കൊച്ചു കലാകാരി സെഹ്‌റയുടെ അനുഭവമാണിത്. സ്വന്തം നാടിന്റെ വേദിയിൽ 'സാറ' അവതരിപ്പിക്കപ്പെട്ടപ്പോൾ സെഹ്‌റയ്ക്ക് കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല.


ഇറാനില്‍ നിന്നാണ് സെഹ്‌റയുടെയും സംഘത്തിന്റെയും വരവ്. പെണ്‍കുട്ടിയായതു കൊണ്ടാണ് സെഹ്‌റയ്ക്ക് വേദികളില്‍ നൃത്തം ചെയ്യാന്‍ സാധിക്കാതിരുന്നത്. സർക്കാർ വിലക്ക് മൂലം കൂട്ടുകാരുടെ ഭംഗിയുള്ള ചലനങ്ങളോട് മുഖം തിരിച്ച് അവൾക്ക് വേദിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടിവന്നു. തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്കിന്റെ വേദിയിൽ ആ സങ്കടം കൂടി ആടിത്തീർത്തതിന്റെ ഉന്മേഷത്തിലാണ് കൊച്ചു സെഹ്‌റ.

ഉച്ചവെയിലിന്റെ കാഠിന്യം സഹിക്കാനാവാതെ ബുദ്ധിമുട്ടുമ്പോഴും അവളുടെ കണ്ണുകളിൽ ഇതുവരെ അന്യമായിരുന്ന ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. തിരിച്ചറിയപ്പെടലുകളും അംഗീകാര വാക്കുകളും പകരുന്ന സ്‌നേഹത്തിന്റെ കുളിർമയും. കൂട്ടുകാരും സഹപ്രവർത്തകരുമായ അലി, അമീർ, അസാദ്, മുഹമ്മദ് എന്നിവർക്കൊപ്പം ഇറ്റ്‌ഫോക്കിന്റെ വേദിയിൽ നിന്നല്പം മാറി സൗഹൃദ സംഭാഷണത്തിലാണവൾ. തിങ്കളാഴ്ച വൈകീട്ട് 4.30 ന് ചിൽഡ്രൻസ് പാർക്ക് വേദിയിൽ "സാറ" നാടകത്തിന് ഒരവതരണം കൂടിയുണ്ട്.  

അഭിനേതാക്കളെല്ലാവരും 15 വയസിൽ താഴെ മാത്രം പ്രായമുള്ളവർ. സംഗീതത്തിന്റേയും അക്രോബാറ്റിക് ചലനങ്ങളുടേയും കൈകളുടെ ചടുലതയിൽ മനോഹരമായ ഇറാനിയൻ അസർബൈജാൻ ഡാൻസിന്റേയും അകമ്പടിയോടെയായിരുന്നു നാടകാവതരണം. വേദിക്ക് പുറത്ത് നൃത്താധ്യാപകൻ ജവാദ് ഹതാബിയും കുട്ടിക്കൂട്ടത്തിനൊപ്പമുണ്ട്.

"സംഗീതത്തിനും നൃത്തത്തിനും വിലക്കുമുണ്ട്. ഈ കുട്ടികളുമായി ഭാഷയുടെ അതിർവരമ്പുകൾ തടസമാകാത്ത സാറ നാടകത്തിനൊപ്പം ഇറങ്ങിപ്പുറപ്പെടുമ്പോൾ സർക്കാരിൽ നിന്നും കാര്യമായ സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നുള്ളതാണ് വാസ്തവം. ഒയ്‌നാർ തിയേറ്റർ സംഘം നാടകത്തെ സ്‌നേഹിക്കുന്നു, ഈ കുട്ടികളുടെ രക്ഷിതാക്കളും വസ്ത്രമടക്കമുള്ള സൗകര്യങ്ങൾ ചെയ്തുതന്ന ചില സ്‌പോൺസർമാരും നാടകത്തെ സ്‌നേഹിക്കുന്നു. ആ സ്‌നേഹമാണ് ഈ നാടകം സാധ്യമാക്കിയതെന്നാ"ണ് സംവിധായകൻ  മെഹ്ദി സലെഹ്യാർ സാക്ഷ്യപ്പെടുത്തുന്നത്.

ക്ലാസിക്കൽ നാടകങ്ങളും അക്കാദമിക് പ്രാധാന്യമുള്ള നാടകങ്ങളുമടക്കം കുറച്ചധികം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള മെഹ്ദി സലെഹ്യാർ കുട്ടികളോടൊത്ത് ചെയ്യുന്ന അഞ്ചാമത്തെ നാടകമാണിത്. നാടിന്റെ സംസ്‌കാരത്തേയും പൈതൃകത്തേയും മനസ്സിലാക്കി സമൂഹത്തിൽ നന്മയുടെ സന്ദേശം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നാടകങ്ങളുടെ അവതരണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന സാറ എന്ന പുരാതന കഥാപാത്രത്തെ വേദിയിലോർമിപ്പിച്ച് കാൻസർ ബാധിതയായി കൂട്ടുകാരിക്ക് വേണ്ടി കൂട്ടുകാർ നടത്തുന്ന പോരാട്ടമാണ് സാറ. 25 മിനിറ്റിൽ സംഭാഷണമില്ലാതെ തങ്ങളുടെ ചലനങ്ങളിലൂടെ നാടകത്തെ ആസ്വാദകന് മുൻപിൽ വ്യക്തതയോടെ അവതരിപ്പിക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്.