ന്യൂഡല്‍ഹി: ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന വ്യോമസേനയുടെ മൂന്ന് പെണ്‍പോരാളികള്‍ക്ക് ഡിസംബര്‍ മുതല്‍ വിശേഷാധികാരവും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യ വനിതാ യുദ്ധവിമാനപൈലറ്റുകളായ ഭാവനാ കാന്ത്,ആവണി ചതുര്‍വേദി, മോഹനാ സിങ് എന്നിവര്‍ക്ക് ഔദ്യോഗികപദവി സംബന്ധിച്ച വിശേഷാധികാരം ഡിസംബറില്‍ ലഭിക്കുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ അറിയിച്ചു.

സുഖോയി,തേജസ് തുടങ്ങിയ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുന്നതിനുള്ള പരിശീലനം ഹൈദരാബാദിനടുത്ത് ഡിണ്ടിഗലിലെ എയര്‍ഫോഴ്‌സ് അക്കാദമിയിലാണ് മൂവര്‍ സംഘം പൂര്‍ത്തിയാക്കിയത്. 2016 ജൂണിലാണ് ഇവര്‍ വ്യോമസേനയുടെ ഭാഗമായത്.

ബീഹാര്‍ സ്വദേശിയാണ് ഭാവനാ കാന്ത്. ദംര്‍ഭംഗ ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നെത്തുന്ന ഈ 25കാരി ബിഎംഎസ് എഞ്ചിനിയറിംഗും മെഡിക്കല്‍ ഇലക്ട്രോണിക്‌സില്‍ ബിടെകും നേടിയ ശേഷമാണ് എയര്‍ഫോഴ്‌സ് സര്‍വീസ് കമ്മീഷന്റെ ഭാഗമായത്.

മധ്യപ്രദേശിലെ സാത്‌നാ ജില്ലയില്‍ നിന്നുള്ള ആവണി ചതുര്‍വേദി ജയ്പൂരിലെ ബനസ്ഥാലി സര്‍വ്വകലാശാലയില്‍ നിന്ന് കമ്പൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം സ്വന്തമാക്കിയ ശേഷമാണ് സേനയിലെത്തിയത്. ആവണിയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു വിമാനം പറത്തുക എന്നത്.

രാജസ്ഥാന്‍ സ്വദേശിയായ മോഹന പിതാവിന്റെ പാത പിന്തുടര്‍ന്നാണ് വ്യോമസേനയിലെത്തിയത്. ഇലക്ട്രോണിക്‌സില്‍ ബിടെക് ബിരുദധാരിയാണ് മോഹന.