തിനൊന്നാമത്തെ വയസ്സില്‍ എച്ച് ഐ വി ബാധിതയാണെന്ന് തിരിച്ചറിഞ്ഞ ഒരു പെണ്‍കുട്ടി. ഹൊഴ്‌സെല്ലി സിന്‍ഡ വാ എംബോംഗോ എന്നാണ് അവളുടെ പേര്. പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 22-ാം വയസ്സില്‍ അഭിമാനകരമായ ഒരു നേട്ടത്തിന്- മിസ്സ് കോംഗോ യു കെ 2017 പട്ടത്തിന് അവള്‍ അര്‍ഹയായി. 

Horcelie Sinda Wa Mbongo

ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്വദേശിനിയാണ് ഹോഴ്‌സെല്ലി. പ്രതീക്ഷയുടെ അവസാനകണത്തെയും ഇല്ലാതാക്കുന്നതിലേക്കാണ് എച്ച് ഐ വി നയിക്കുക എന്നറിഞ്ഞിട്ടും ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടാനായിരുന്നു അവളുടെ തീരുമാനം.

ബ്രിട്ടനിലെ സ്റ്റാന്‍ഫോര്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഏറ്റവും സൗന്ദര്യമുള്ള വനിതയായി ഹൊഴ്‌സെല്ലി തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിനിയാണ് ഹൊഴ്‌സെല്ലി.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള ഏറ്റവും സൗന്ദര്യമുള്ള വനിതയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, 2006ലാണ് മിസ് കോംഗോ യു കെ സൗന്ദര്യമത്സരം ആരംഭിച്ചത്. 

സ്വന്തം രാജ്യത്തേക്ക് തിരികെ പോകണമെന്നും എച്ച് ഐ വിയെയും എയ്ഡ്‌സിനെയും കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നുമാണ് ഹൊഴ്‌സെല്ലിയുടെ ആഗ്രഹം. ഇതിനായി ഒരു വര്‍ഷം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ചിലവഴിക്കുമെന്നും അവര്‍ പറഞ്ഞു.

എച്ച് ഐ വി ബാധിതയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഏറെ വേദനാജനകമായിരുന്നെന്ന് ഹൊഴ്‌സെല്ലി പറയുന്നു. മറ്റാരെയും കുറ്റപ്പെടുത്തുകയല്ല മുന്നോട്ടു നീങ്ങുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ വര്‍ഷവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് എച്ച് ഐ വി, എയ്ഡ്‌സ് ബാധയിലൂടെ ജീവന്‍ നഷ്ടമാകുന്നത്. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കു പ്രകാരം ഹൊഴ്‌സെല്ലിയുടെ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ മാത്രം 370000 എച്ച് ഐ വി ബാധിതരുണ്ട്.