കോട്ടയം: മെഡിക്കല്‍ പദാവലിയനുസരിച്ച്, സൂരജ് എന്ന നാല്പത്താറുകാരന്‍ 'കോമ'യിലാണ്. എന്നാല്‍ അമ്മയ്ക്ക് ഇന്നും മകന്‍ ഊര്‍ജസ്വലനായ പത്രപ്രവര്‍ത്തകനാണ്. എന്നെങ്കിലും അയാള്‍ ഉണരുമെന്ന് അമ്മ ദേവി ആശിക്കുന്നു. കഥാകാരികൂടിയായ അവര്‍ ഈ ആശയുടെ ബലത്തിലാണു ജീവിക്കുന്നത്.

നാലുവര്‍ഷമായി അമ്മ നിഴല്‍പോലെ സൂരജിനൊപ്പമുണ്ട്. 2013 ജൂണ്‍ അഞ്ചിന് ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് സൂരജ് ഉറക്കത്തിലേക്കു വീണത്. റോഡരികില്‍ നില്‍ക്കുമ്പോള്‍ വാഹനമിടിക്കുകയായിരുന്നു. ഒരുവര്‍ഷം പൂര്‍ണമായും കൊച്ചിയിലെയും വെല്ലൂരെയും ആശുപത്രികളില്‍. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയകള്‍ പലതു നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ കോട്ടയം കഞ്ഞിക്കുഴിയിലെ 'സൂര്യരശ്മി' എന്ന വീടുവിട്ട് എറണാകുളത്തെ വാടകഫ്‌ളാറ്റില്‍ താമസമാക്കി. മകനെ ചികിത്സിക്കാനായിരുന്നു ഈ കൂടുമാറ്റം.

ഇതുള്‍പ്പെടെ, തുടരെയെത്തിയ ദുരന്തങ്ങളോടു പൊരുതിയാണ് ദേവി ജീവിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയപ്പോള്‍ അതാണു വലിയ ദുരന്തമെന്നു കരുതി. അന്ന് പതിനാറുകാരന്‍ മകന്‍ സൂരജും പത്തുവയസ്സുകാരി മകള്‍ രശ്മിയും പറഞ്ഞു: 'ഞങ്ങളില്ലേ അമ്മയ്ക്ക്'. ആ വാക്കുകള്‍ ധൈര്യം പകര്‍ന്നു.

പക്ഷേ, അധികം കഴിയുംമുമ്പ് വീണ്ടും ദുരന്തം, ശര്‍ഭാശയകാന്‍സറിന്റെ രൂപത്തില്‍. മക്കള്‍ക്കുവേണ്ടി ജീവിച്ചേമതിയാകൂവെന്ന് ഉറപ്പിച്ച അവര്‍ രോഗത്തെ തോല്പിച്ചു.

1992ല്‍ മാധ്യമപ്രവര്‍ത്തകനായി മകന്‍ ജോലി തുടങ്ങിയപ്പോള്‍ അമ്മ ആദ്യമായി സന്തോഷിച്ചു. പക്ഷേ, സന്തോഷം അധികനാള്‍ തുടര്‍ന്നില്ല. 2004ല്‍ തലച്ചോറിലെ രക്തസ്രാവംമൂലം സൂരജ് കിടക്കയിലായി. മകന്റെ കല്യാണം കഴിഞ്ഞ് മൂന്നാംവര്‍ഷമായിരുന്നു സംഭവം.

സൂരജിന്റെ ഭാര്യ ഉപേക്ഷിച്ചുപോയി. കൂട്ടിരിപ്പും ആശ്വാസവുമായി അമ്മയും സഹോദരിയും മാത്രമായി. നാലുവര്‍ഷത്തെ ചികിത്സ. മകന്‍ ജീവിതത്തിലേക്കു മടങ്ങിവന്നു. തുടര്‍ന്ന് ഹൈദരാബാദിലും ചൈന്നെയിലും സൂരജ് ജോലിചെയ്തു.

എം.ജി. സര്‍വകലാശാലാ ഹയര്‍ േഗ്രഡ് സെക്ഷന്‍ ഓഫീസര്‍ പദവിയില്‍നിന്ന് ദേവി വിരമിച്ചു. എല്ലാംകൊണ്ടും സ്വസ്ഥമായെന്നു കരുതിയിരുന്നപ്പോള്‍, വീണ്ടും ദേവിക്ക് അര്‍ബുദരോഗലക്ഷണങ്ങള്‍. പിന്നെയും ചികിത്സയുടെ കാലം.

ചികിത്സകഴിഞ്ഞ് അധികനാള്‍ ആകുംമുമ്പാണ് സൂരജ് വാഹനാപകടത്തില്‍പ്പെടുന്നത്. 'ഇപ്പോഴും മകന്റെ കൂട്ടുകാര്‍ അവനെ കാണാന്‍ വരും. അപ്പോഴൊക്കെ അവന്‍ എഴുന്നേറ്റിരുന്ന് കളി പറഞ്ഞു ചിരിക്കുന്നതായി തോന്നും. ആ േതാന്നലില്‍മാത്രം എന്റെ മനസ്സ് സന്തോഷിക്കും'-ദേവിയുടെ കണ്ണുനിറഞ്ഞു.

അതിരാവിലെ വീട്ടില്‍ ദിനപത്രമെത്തുംമുമ്പേ മകനുവേണ്ടിയുള്ള അമ്മയുടെ ദിനം ആരംഭിക്കും. 'അവന്‍ ഒന്നും അറിയുന്നില്ല; ഉറങ്ങുന്നതും ഉണരുന്നതുംപോലും..... എപ്പോഴും ഒരേ കിടപ്പ്. ആഹാരമൊക്കെ ട്യൂബിലാണു നല്‍കുന്നത്. 70 കിലോയുണ്ടായിരുന്നു. ഇപ്പോള്‍ 30 കിലോയായി... പക്ഷേ, അവന്‍ പഴയതുപോലെയാകും'-ദേവി പറയുന്നു. അത് അമ്മയുടെ ആത്മബലമാണ്.