ashley sotന്ത്രണ്ടാമത്തെ വയസ്സിലാണ് ആഷ്‌ലി സോട്ടോ എന്ന പെണ്‍കുട്ടിക്ക് വിട്ടിലിഗോ (വെള്ളപ്പാണ്ട് രോഗം) ബാധിക്കുന്നത്. ത്വക്കിനുണ്ടായ നിറംമാറ്റം അവളെ വല്ലാതെ ഒറ്റപ്പെടുത്തി.

കുമ്മായത്തിലാണോ കുളിച്ചതെന്ന സുഹൃത്തുക്കളുടെ ചോദ്യവും ആഷ്‌ലിയെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍ തന്റെ ശരീരത്തെ ബാധിച്ച അസുഖത്തെ അതിജീവിക്കാനായിരുന്നു അവളുടെ തീരുമാനം. അതിന് പ്രാപ്തയാകാന്‍ കയ്യില്ലാത്ത കുപ്പായം ധരിച്ച് പൊതുസ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നത് ഉള്‍പ്പെടെ പല മാര്‍ഗങ്ങളും ആഷ്‌ലി പരീക്ഷിച്ചു.

അങ്ങനെയാണ് 21-ാം വയസ്സില്‍, ത്വക്കിലെ നിറം മാറിയ ഭാഗങ്ങളില്‍ കറുത്ത മാര്‍ക്കര്‍ ഉപയോഗിച്ച് അവള്‍ അതിരുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്. ശരിക്കു പറഞ്ഞാല്‍ രോഗം ബാധിച്ച ഭാഗത്തെയും ബാധിച്ചിട്ടില്ലാത്ത ഭാഗത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു ആ കറുത്തവരകള്‍.

അതോടെ ശരീരത്തെ ഒരു കാന്‍വാസായി ആഷ് പരിഗണിച്ചു തുടങ്ങി. പലതരം ചായങ്ങള്‍ ഉപയോഗിച്ച് ആഷ് തന്റെ ശരീരത്തില്‍ രചനകള്‍ തുടര്‍ന്നു. ശരീരത്തില്‍ ലോകഭൂപടം തീര്‍ക്കാനും ആഷ്‌ലിക്കു സാധിച്ചു.

അമേരിക്കയിലെ ഫ്‌ലോറിഡ സ്വദേശിനിയാണ് ആഷ്‌ലി. "ഇപ്പോഴാണ് എന്റെ ശരീരത്തിലെ വെള്ളപ്പാണ്ടുകള്‍ക്ക് ഇത്ര മനോഹരമാണെന്ന് തിരിച്ചറിയുന്നത് "- ആഷ്‌ലി പറയുന്നു. ചായം പുരട്ടിയ ശരീരത്തിന്റെ ചിത്രങ്ങള്‍ ആഷ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ബോഡി പോസീറ്റീവ് സ്റ്റാര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. നിരവധി ഫോളോവേഴ്‌സും ആഷ്‌ലിക്കുണ്ട്.

ഫോട്ടോ:instagram/radiantbambi