താന്‍ മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താവല്ലെന്ന് ആമി. അച്ഛന്റെയും അമ്മയുടെയും ജീവിതം കണ്ടതില്‍ നിന്ന് മനസ്സിലാക്കിയ ശരികളാണ് താന്‍ പറയുന്നതെന്നും ആമി മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ഞാന്‍ മാവോയിസ്റ്റ് രാഷ്ട്രീയം എന്താണെന്ന് പഠിക്കുന്നേയുള്ളൂ. ഞാന്‍ പങ്കെടുത്തിട്ടുള്ള കേരളത്തിലെ ജനകീയ സമരങ്ങളുള്‍പ്പടെയുള്ള സമരങ്ങളിലൊന്നും ഒരു തീര്‍പ്പും ഉണ്ടായിട്ടില്ല.  സമരങ്ങളില്‍ പോലും സ്‌റ്റേറ്റ് വരച്ച വരയ്ക്ക്‌ അപ്പുറം പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതിനെ എങ്ങനെയാണ് പരിഹരിക്കുക ?ആമി ചോദിക്കുന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും മാവോയിസ്റ്റ് ഗ്രൂപ്പിലാണ് പ്രവര്‍ത്തിക്കുന്നതെന്ന്‌ ആമി മനസിലാക്കുന്നത്. മാവോയിസ്റ്റുകളുടെ മക്കളെന്ന നിലയില്‍ ആമിയും സവേരയും പരിഗണിക്കപ്പെട്ടു തുടങ്ങുന്നത് അപ്പോള്‍ മുതലാണ്. പോലീസുകാര്‍ വീട്ടില്‍ വരുന്നത്, മോശം പദങ്ങളുപയോഗിച്ച് സംസാരിക്കുന്നത് -ഇവയൊക്കെ ആ കുട്ടികള്‍ക്ക് ക്രമേണ പരിചിതമാകാന്‍ തുടങ്ങി. 'നിന്റെ അച്ഛനെ കെട്ടിയിട്ട് തല കല്ലുകൊണ്ട് അടിച്ചുപൊട്ടിക്കും.' എന്ന് അനിയത്തിയോടും, 'ഈ പിള്ളേര്‍ക്കും വിഷം കൊടുത്ത് ചാവുന്നതല്ലേ ലാഭം? നല്ലത് ?എന്ന് അമ്മാമ്മയോടും പോലീസ് ചോദിച്ചിരുന്നത് ആമി ഓര്‍ക്കുന്നുണ്ട്. നമ്മള്‍ ആദ്യമായിട്ട് കാണുന്നത് സ്റ്റേറ്റിന്റെ ഇത്തരമൊരു വയലന്റായിട്ടുള്ള രൂപമാണ്. അവള്‍ പറയുന്നു.

നെടുപുഴ പോളി ടെക്‌നിക്ക് കോളേജിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു ആമി. ജയിലിലായ അച്ഛനമ്മമാരെ കാണാന്‍ നടത്തുന്ന കോയമ്പത്തൂര്‍ യാത്രകള്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ സൃഷ്ടിക്കുന്ന ആബ്‌സെന്റുകള്‍ മൂലം പഠനത്തോട് ആമി യാത്ര പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും പേരിലേക്ക് നാള്‍ക്കു നാള്‍ കുമിഞ്ഞുകൂടുന്ന കേസുകളുടെ പിന്നിലെ സത്യമറിയാന്‍ വിവരാവകാശനിയമ പ്രകാരം നീങ്ങുകയാണ് ഈ പെണ്‍കുട്ടി.
 
"ഒരുപാടു കാലം ജയിലിലിട്ട് പുറത്തുവന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലെത്തിക്കണം പോലീസുകാര്‍ക്ക്. പ്രവര്‍ത്തിക്കുന്ന, പോരാടുന്ന ആളുകളെ ഒരുകാലത്തും പുറത്തുവിടാതിരിക്കാന്‍ വേണ്ടിയാണ് അമ്പതും അറുപതും കേസുകള്‍ ചുമത്തുന്നത്. രൂപേഷിനെ അറസ്റ്റ് ചെയ്ത് ആറുമാസം കൊണ്ട് ഇരുപതു കേസായി. ഒന്നരവര്‍ഷം കൊണ്ട് അമ്പതു കേസുകളായി. ഇതില്‍ 48 കേസുകളിലെയും  ഒരു കുറ്റം മാവോയിസ്റ്റ് എന്നതാണ്' - മാതാപിതാക്കളുടെ മേല്‍ ചുമത്തപ്പെടുന്ന കേസുകളെ കുറിച്ചുള്ള ആമിയുടെ വിലയിരുത്തലാണിത്.
 
ആകെ രണ്ടു മണിക്കൂര്‍ മാത്രം ചോദ്യം ചെയ്ത് ബാക്കി സമയങ്ങളില്‍ ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് ചെയ്യുന്നത് പതിവായിരുന്നെന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ രൂപേഷ് പറഞ്ഞിട്ടുണ്ട്- അച്ഛന്റെ ജയില്‍ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് ആമിയുടെ മറുപടിയാണിത്. മാത്രമല്ല; രൂപേഷിനെതിരെ മൊഴി നല്‍കുകയാണെങ്കില്‍ മുഴുവന്‍ കേസുകളില്‍നിന്നും ഷൈനയെ ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു- ആമി കൂട്ടിച്ചേര്‍ക്കുന്നു. 

അച്ഛനെയും അമ്മയെയും അപകടപ്പെടുത്തുമെന്ന ഭയമില്ലേ എന്ന ചോദ്യത്തിന് -അത് ഉറപ്പല്ലേ എന്നായിരുന്നു മറുപടി. 'ആന്ധ്രയില്‍ കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ കൊണ്ടു പോവുകയായിരുന്നു. ആന്ധ്ര പോലീസ് തമിഴ്‌നാട്ടിലെത്തി തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ചേര്‍ന്ന് രഹസ്യമായി കൊണ്ടുപോകുന്നതനിടയിലാണ് അവിടുത്തെ ലോക്കല്‍ പോലീസ് അറിഞ്ഞത്. തിരക്കുള്ള ഒരു സ്ഥലത്ത് വച്ച് ഇവര്‍ മുദ്രാവാക്യം വിളിച്ചു. അടിപിടിയായി. അടിപിടിയായി. ജനങ്ങളറിഞ്ഞു.' അല്ലാത്തപക്ഷം കുപ്പു ദേവരാജിന്റെയൊ അജിതയുടെതു വിധി തന്റെ മാതാപിതാക്കള്‍ക്കും വന്നേക്കാമെന്നും ഈ പെണ്‍കുട്ടിയ്ക്കറിയാം.

ആന്‍ഫ്രാങ്കും ടോട്ടോച്ചാനും വായിക്കാന്‍ തന്നിരുന്ന പുതിയസിനിമകള്‍ കാണിക്കാന്‍ കൊണ്ടുപോയിരുന്ന അച്ഛനും അമ്മയുമായിരുന്നു രൂപേഷും ഷൈനയും. അവര്‍ പങ്കെടുത്തിരുന്ന പരിപാടികളില്‍ ആമിയെയും അവര്‍ ഒപ്പം കൂട്ടി."സ്‌കൂളിലൊക്കെ കുട്ടികള്‍ ചോദിക്കുമ്പോള്‍ അച്ഛനും അമ്മയും മനുഷ്യാവകാശ പ്രവര്‍ത്തകരാണ് എന്ന് പറയും. അത് എന്തെങ്കിലും അറിഞ്ഞിട്ട് പറയുന്നതൊന്നുമല്ല. പക്ഷെ അവര്‍ നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന തോന്നല്‍ ചെറുപ്പത്തിലേ ഉണ്ടായിരുന്നു- ആമി പറയുന്നു.

ഈ അടുത്ത്, സുഹൃത്തുക്കള്‍ക്ക് ഒപ്പം കര്‍ണാടകയിലെ അകുംബെയിലേക്ക് നടത്തിയ യാത്രയിലെ പോലീസുകാരുടെ നിശബ്ദസാന്നിദ്ധ്യത്തെ കുറിച്ചും ഫോണ്‍ റിക്കോഡ് ചെയ്യപ്പെടുന്നതിനെ കുറിച്ചുമൊക്കെ ഈ പെണ്‍കുട്ടി ബോധവതിയാണ്. 

കേരളത്തില്‍ വലിയചര്‍ച്ചകള്‍ക്ക് വഴിവച്ച സംഭവമായിരുന്നു നിലമ്പൂര്‍ വെടിവയ്പ്പ്. മാവോയിസത്തിന്റെ പ്രസക്തിയെയും ഭരണകൂടത്തിന് മാവോയിസം എന്ന അഭിപ്രായധാരയോടുള്ള സമീപനത്തെയും വിമര്‍ശനാത്മകമായി പരിശോധിക്കാനുള്ള ഇടം നല്‍കുകയായിരുന്നു കുപ്പു ദേവരാജിന്റെയും അജിതയുടെയും മരണം.അതേ കുറിച്ചുള്ള ആമിയുടെ വിലയിരുത്തല്‍ ഇങ്ങനെ - വ്യാജ ഏറ്റുമുട്ടല്‍ വിഷയത്തില്‍ വസ്തുതാ അന്വേഷണത്തിന് പോയ ആര്‍ ഡി ഒയെ തടയുകയാണ് ചെയ്തത്. അത് പോലീസ് സി പി എം പ്രവര്‍ത്തകരെയും ബി ജെ പി പ്രവര്‍ത്തകരെയും മുന്‍നിര്‍ത്തി ചെയ്തിട്ടുള്ളതാണ്.

ഛത്തീസ്ഗഢില്‍ സുപ്രീം കോടതി നിരോധിച്ച സാല്‍വാജുദുമിന്റെ കേരളാപതിപ്പായാണ് ഇതിനെ ഈ പെണ്‍കുട്ടി വിലയിരുത്തുന്നത്. ജനങ്ങളോട് സംസാരിക്കുന്നവരെ ആയുധം കൊണ്ട് നേരിടുന്ന ഭരണകൂടത്തെ നാം എങ്ങനെയാണ് നേരിടുക എന്ന ചോദ്യവും ആമി ചോദിക്കുന്നു. പൊതുപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന പെണ്‍കുട്ടിക്കു നേരെയുള്ള സദാചാര വക്താക്കളുടെ ആക്രമണം, നാട്ടുകാരുടെ ഗുണ്ടായിസം തുടങ്ങിയവ തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആമി പറയുന്നു.