ന്യൂഡല്‍ഹി:   31 വര്‍ഷം കൂടെയുണ്ടായിരുന്ന മകന്‍ വീണ്ടും തന്റെ വയറ്റില്‍ വന്നുപിറന്നുവെന്നാണ് ചമേലി മീനയെന്ന വൃദ്ധയുടെ വിശ്വാസം. മകന്റെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തില്‍ കഴിയുകയായിരുന്ന 64 കാരി വീണ്ടും ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍  അത് തന്റെ മരിച്ചുപോയ മകന്‍ തന്നെയാണെന്ന് വിശ്വസിക്കാനാണ് ഇവര്‍ക്കിഷ്ടം.  

ഡല്‍ഹി സ്വദേശികളായ ചമേലി മീനയുടെയും ജഗദീഷിന്റെയും ഏക മകന്‍ 2015ല്‍ ആണ് മരിച്ചത്. മകന്‍ മരിച്ചതോടെ ഏകാന്തതയില്‍ കഴിയുകയായിരുന്ന ദമ്പതികള്‍ വന്ധ്യതാ ചികിത്സ നടത്തി. ഇതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ക്ക് കുട്ടി ജനിക്കുകയായിരുന്നു.

അര്‍മാന്‍ എന്നാണ്  ഇവര്‍ മകനിട്ട പേര്.

ഡല്‍ഹിയിലെ ഐവിഎഫ് സെന്ററില്‍ ഡോക്ടര്‍ അനുപ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു ദമ്പതികള്‍ക്ക് ചികിത്സ നടത്തിയത്. അഞ്ച് വര്‍ഷത്തിനിടെ ഇദ്ദേഹത്തിന്റെ അടുത്ത് ചികിത്സ തേടിയ 50 ന് മുകളില്‍ പ്രായമുള്ള 25 പേര്‍ക്ക് വീണ്ടും കുട്ടികള്‍ ജനിച്ചു. അപ്രതീക്ഷിതമായി ഏക സന്താനം അപകടത്തിലൊ മറ്റോ മരിക്കുന്നവരാണ് വന്ധ്യതാ ചികിത്സയെ ആശ്രയിക്കുന്നത്.