ബ്രൂണസ് ഐറിസ്: ജനിച്ചു വീണയുടനെ അമ്മയുടെ മാറില്‍ അവന്‍ കിടന്നില്ല. സന്തോഷം കണ്ണുനീരാക്കി അവനെ അമ്മ ചുംബിച്ചുമില്ല. കാരണം അവന്റെ അമ്മ കോമയിലായിരുന്നു. പ്രസവിച്ച് കഴിഞ്ഞ് നാലുമാസങ്ങള്‍ക്ക് ശേഷമാണ് അവന്റെ അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.  

2016ന്റെ അവസാനം ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥയായ അര്‍ജന്റീനിയക്കാരി അമേലിയ ബെന്നാന്‍(34)കോമയിലാകുന്നത്.  ബെന്നാനും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ഒദ്യോഗിക വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഈ സമയം ബന്നാന്‍ ഗര്‍ഭിണിയായിരുന്നു. 

പസാഡ് നഗരത്തിലെ  ആശുപത്രിയിലായിരുന്നു ബെന്നാന്റെ പിന്നീടുള്ള നാളുകള്‍. ലോകം ക്രിസ്മസ് ആഘോഷിച്ചു മണിക്കൂറുകള്‍ക്ക് ശേഷം ബെന്നാന്‍ സാന്റിനോയ്ക്ക് ജന്മം നല്‍കി. സിസേറിയനിലൂടെയായിരുന്നു പ്രസവം. 

ജനിച്ചതിന് ശേഷമുള്ള നാലുമാസങ്ങളും ബെന്നാന്റെ സഹോദരി നോര്‍മയുടെ സംരക്ഷണയിലായിരുന്നു സാന്റിനോ. എന്നും വൈകിട്ട് ആറുമണിയ്ക്ക് സാന്റിനോയെ ബെന്നാന്റെ അരികിലേക്ക് കൊണ്ടുപോകുമായിരുന്നു. 

കഴിഞ്ഞ ആഴ്ച ബെന്നാന്‍ പതുക്കെ കോമയില്‍ നിന്നുണര്‍ന്നു. പക്ഷേ സാന്റിനോയെ കണ്ട ബെന്നാന്‍ അത് ബന്ധുവായ കുട്ടിയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് കുടുംബം ആ സന്തോഷവാര്‍ത്ത ബെന്നാനെ അറിയിച്ചു. 

ആദ്യം ആശയക്കുഴപ്പത്തിലായ ബെന്നാന്‍ പിന്നീട് പതുക്കെ എന്താണ് തനിക്ക് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞു. തലച്ചോറിന് പരിക്കേറ്റ ബെന്നാന്റെ ഈ തിരിച്ചുവരവ് വൈദ്യശാസ്ത്രത്തിലെ അത്ഭുതമെന്നാണ് ഡോക്ടമാരുടെ അഭിപ്രായം.