മുത്തശ്ശിയുടെ സാരിയണിഞ്ഞ് ആഭരണങ്ങളൊന്നുമില്ലാതെ ആ പെണ്‍കുട്ടി വിവാഹവേദിയിലേക്കെത്തിയപ്പോഴേ സദസ്സിലുണ്ടായിരുന്നവരുടെ മുഖം കറുത്തിരുന്നു. ഇതാണോ വിവാഹവേഷം,ഇങ്ങനെയാണോ വധു ഒരുങ്ങേണ്ടത്? ചുറ്റുപാടും കേട്ട പിറുപിറുക്കലുകളോ മുറുമുറുക്കലുകളോ ഒന്നും അവളെ നിരാശപ്പെടുത്തിയില്ല. പ്രിയപ്പെട്ടവന്റെ അരികില്‍ വളരെയധികം സന്തോഷത്തോടെ നില്ക്കുമ്പോള്‍ അവള്‍ക്ക് ഒരു വിജയിയുടെ ഭാവമായിരുന്നു.

ഇത് തസ്‌നിം ജാരാ എന്ന ബംഗ്‌ളാദേശി പെണ്‍കുട്ടിയുടെ ജീവിതമാണ്. വിവാഹദിവസം ധൂര്‍ത്തിന്റെ അകമ്പടിയില്ലാതെ വധുവായി എത്തിയ തസ്‌നിം ഈ ലളിതമായ രീതിയല്ലേ എല്ലാ പെണ്‍കുട്ടികളും തുടരേണ്ടത് എന്ന ചോദ്യമാണ് സമൂഹത്തോട് ചോദിക്കുന്നത്. വിവാഹദിനത്തില്‍ മോടികൂടിയ വസ്ത്രമോ ആഭരണങ്ങളോ വേണ്ടെന്ന് വച്ചതിന് കടുത്ത വിമര്‍ശനമാണ് തസ്‌നിം നേരിട്ടത്. അതിനുള്ള മറുപടി അവള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

"ടണ്‍ കണക്കിന് മേക്കപ്പും ഭാരമേറിയ വിവാഹസാരിയും ആഭരണങ്ങളും അണിഞ്ഞ് നില്ക്കുന്ന വധു എന്ന സമൂഹസങ്കല്പത്തെക്കുറിച്ച് എനിക്ക് സംശയമുണ്ട്. ഒരു പെണ്‍കുട്ടി അങ്ങനെയൊക്കെ അണിഞ്ഞൊരുങ്ങുന്നതിനര്‍ത്ഥം അവളുടെ കുടുംബം അതിനും മാത്രം സമ്പത്തുള്ളവരാണ് എന്നല്ല. ചിലപ്പോഴൊക്കെ അവളുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായാവും അങ്ങനെ വേഷംകെട്ടേണ്ടി വരുന്നതും. പെണ്‍മക്കളഉടെ വിവാഹങ്ങള്‍ക്ക് ഒരുപാട് പണം മുടക്കണമെന്ന സമൂഹത്തിന്റെ തെറ്റായ ചിന്താഗതിയാണ് അത്തരം ഗതികേടിലേക്ക് ഒരു പെണ്‍കുട്ടിയെ എത്തിക്കുന്നത്‌.

വധു കാണാന്‍ സുന്ദരിയാണോ,അവളൊരുപാട് ആഭരണങ്ങള്‍ അണിഞ്ഞിരുന്നോ എന്ന ഗോസിപ്പുകള്‍ കേള്‍ക്കാത്ത ചുരുക്കം വിവാഹച്ചടങ്ങുകളിലെ ഞാന്‍ പങ്കെടുത്തിട്ടുള്ളു.ഇത്തരം ചോദ്യങ്ങള്‍ കേട്ടുവളരുന്നതിനാലാണ് ഏതൊരു പെണ്‍കുട്ടിയും അവളുടെ വിവാഹദിവസത്തിനായി ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തേടുന്നത്,കനപ്പെട്ട തുക ഫീസായി നല്‌കേണ്ടി വരുന്നത്,എന്നിട്ടും അവളെപ്പോലെ അല്ലാതെ വിവാഹവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്!

ബന്ധുക്കളില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നുമെല്ലാം അവള്‍ക്ക് കിട്ടുന്നത് ആഭരണങ്ങളണിയാത്ത വധു അപൂര്‍ണയാണ് എന്ന കാഴ്ച്ചപ്പാടാണ്. കുടുംബത്തിന് താങ്ങാവുന്ന ഭാരമാണോ തനിക്ക് ആഭരണങ്ങള്‍ വാങ്ങുന്നതിലൂടെ ചുമത്തപ്പെടുന്നതെന്ന് അവള്‍ക്ക് ചിന്തിക്കാനാവുന്നില്ല. നീയൊരു പെണ്‍കുട്ടിയല്ലേ,വിവാഹദിവസം ആഭരണങ്ങള്‍ എത്രയണിയുന്നതിലും എന്താണ് തെറ്റ് എന്ന ബോധത്തിലേക്ക് സമൂഹം അവളെ എത്തിക്കുകയാണ്.

അതുമാത്രമല്ല,അവള്‍ അന്ന് ധരിക്കുന്ന സാരിയെക്കുറിച്ചോര്‍ത്തു നോക്കൂ. എത്ര വിലപിടിപ്പുള്ളതാണെങ്കിലും പിന്നൊരു അവസരത്തില്‍ അതുപയോഗിക്കാന്‍ അവള്‍ക്ക് കഴിയുമോ? എന്നു കരുതി ആ ധാരാളിത്തം ഒഴിവാക്കാനും അവള്‍ക്ക് പറ്റുന്നില്ല. എന്നെ തെറ്റിദ്ധരിക്കരുത്, ഒരു പെണ്‍കുട്ടി ഇതൊക്കെ ഇഷ്ടപ്പെടുന്നെങ്കില്‍ അതിലവളെ ഞാന്‍ കുറ്റം പറയില്ല. പക്ഷേ,സ്വന്തമായി തീരുമാനമെടുക്കാന്‍ അവള്‍ക്ക് കഴിയാത്ത സാഹചര്യമാണെങ്കിലോ!!

tasnim jaraഒരു വധു എങ്ങനെയൊക്കെ ഒരുങ്ങണമെന്ന സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ലെങ്കില്‍ എല്ലാവരുടയെും മുമ്പില്‍ ബൊമ്മക്കോലം കെട്ടി നില്‍ക്കേണ്ടി വരികയല്ലേ അവള്‍? അവളുടെ ശരിയായ രൂപം വിവാഹവേദിക്ക് അനുയോജ്യമല്ല എന്ന് പറയാതെ പറയുകയല്ലേ അതിലൂടെ സമൂഹം ചെയ്യുന്നത്.

ഈ മന:സ്ഥിതി മാറണമെന്നാണ് എന്റെ അഭിപ്രായം. വൈറ്റനിംഗ് ലോഷനോ വിലകൂടിയ സാരിയോ സ്വര്‍ണ നെക്ലേസോ ഒന്നുമല്ല ഒരു വധുവിനെ ആത്മവിശ്വാസമുള്ളവളാക്കേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് മുത്തശ്ശിയുടെ കോട്ടണ്‍ സാരിയണിഞ്ഞ് മേക്കപ്പൊന്നുമില്ലാതെ ഞാന്‍ വിവാഹവേദിയിലെത്തിയത്. വളരെ ലളിതമെന്നൊക്കെയാവും എല്ലാവരും ഇതിനെ വിലയിരുത്തുകയോ പരിഹസിക്കുകയോ ചെയ്യുക. പക്ഷേ,എനിക്ക് ഇത് വലിയൊരു കാര്യമാണ്.

ഈ തീരുമാനം നടപ്പാക്കാന്‍ നിരവധി പ്രതിസന്ധികള്‍ എനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യിലെന്ന് പറഞ്ഞ ബന്ധുക്കളുണ്ട്. എന്നെ പിന്തുണച്ച ബന്ധുക്കളോട് കടപ്പാട് പറഞ്ഞറിയിക്കാന്‍ ആവില്ല. പക്ഷേ,അതിലുമൊരുപാട് വലുതാണ് എന്റെയരികില്‍ ഇരിക്കുന്ന ഈ മനുഷ്യനോട് എനിക്കുള്ള കടപ്പാടും സ്‌നേഹവും."

തന്നോടൊപ്പം നില്‍ക്കുകയും തന്റെ തീരുമാനത്തില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഭര്‍ത്താവ് ഖാലിദിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞാണ് തസ്‌നിം പോസ്റ്റ് അവസാനിപ്പിച്ചിരിക്കന്നത്‌.