sophia
സോഫിയയും പാവക്കുട്ടിയും

തൊലിയുടെ നിറത്തിന്റെ പേരില്‍ മനുഷ്യര്‍ കാണിക്കുന്ന വിവേചനം എത്ര വലിയ വിഡ്ഢിത്തമാണെന്ന് സോഫിയ എന്ന അമേരിക്കക്കാരി പെണ്‍കുട്ടി നമുക്ക് മനസ്സിലാക്കി തരും.

വെറും രണ്ടുവയസ്സുകാരിയാണ് സോഫിയ എന്നറിയുമ്പോള്‍ വാത്സല്യത്തോടൊപ്പം ബഹുമാനവും ഇവളോടു തോന്നും. വര്‍ണവിവേചനത്തിന്റെ വാര്‍ത്തകള്‍ പുതുമയല്ലാത്ത അമേരിക്കയില്‍ നിന്നാകുമ്പോള്‍ സോഫിയയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയവുമാണ്.

ഇനി അറിയണ്ടേ സോഫിയയുടെ കഥ? അതിങ്ങനെയാണ്. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍, ഒരുമാസം ശൗചാലയം ഉപയോഗിക്കുകയാണെങ്കില്‍ ഒരു സമ്മാനം തരാമെന്ന് സോഫിയയോട് അവളുടെ മാതാപിതാക്കളായ ബ്രന്‍ഡിയും നിക്കും വാക്കു നല്‍കി. എന്നാല്‍ ശരി സമ്മാനമായി എനിക്ക് ഒരു പാവക്കുട്ടിയെ മതിയെന്ന് സോഫിയയും പറഞ്ഞു.

അങ്ങനെ ഒരുമാസം മാതാപിതാക്കള്‍ പറഞ്ഞതുപോലെ തന്നെ സോഫിയ ശൗചാലയം ഉപയോഗിച്ചു.  അങ്ങനെ സമ്മാനം വാങ്ങിക്കൊടുക്കാന്‍ സോഫിയയെയും കൊണ്ട് ബ്രന്‍ഡിയും നിക്കും കടയിലേക്ക് പോയി. അവിടെയെത്തിയ സോഫിയ വളരെപ്പെട്ടന്നു തന്നെ അവള്‍ക്ക് പ്രിയപ്പെട്ട പാവയെ കണ്ടെത്തി.ഒരു കറുത്ത പാവക്കുട്ടി.

പാവയുടെ വില നല്‍കാനായി മൂവരും കടയിലെ കാഷ്യറുടെ അടുത്തെത്തി. ഒരു സ്ത്രീയായിരുന്നു കാഷ് കൗണ്ടറില്‍ വെളുത്ത പെണ്‍കുട്ടിയായ സോഫിയ കറുത്തപാവക്കുട്ടിയെ വാങ്ങുന്നത് ശ്രദ്ധിച്ച അവര്‍ പാവക്കുട്ടിയെ മാറ്റിത്തരട്ടേ എന്ന് സോഫിയയോട് ചോദിച്ചു.

"നിനക്കുറപ്പാണോ ഈ പാവക്കുട്ടിയെ തന്നെയാണോ നിനക്ക് വേണ്ടത്?" അവര്‍ സോഫിയയോട് ചോദിച്ചു. അതെയെന്നായിരുന്നു അവളുടെ മറുപടി. പക്ഷെ ആ പാവ നിന്നെ പോലയല്ലല്ലോ? നിന്നെ പോലെയുള്ള പാവകള്‍ ഇവിടെയുണ്ട്. അവര്‍ തുടര്‍ന്നു.

സംഭാഷണം ശ്രദ്ധിക്കുകയായിരുന്ന ബ്രന്‍ഡിക്ക് ദേഷ്യം വന്നു. എന്നാല്‍ ബ്രെന്‍ഡി എന്തെങ്കിലും പറയുന്നതിനു മുമ്പേ സോഫിയ അവര്‍ക്ക് കൃത്യമായ മറുപടി നല്‍കി. അവള്‍ പറഞ്ഞു- "അല്ല അവള്‍ എന്നെ പോലെ തന്നെയാണ്. ഞാന്‍ ഒരു സുന്ദരിക്കുട്ടിയാണ് ഈ പാവയും സുന്ദരിയാണ്. ദാ നോക്കൂ...ഇവളുടെ മുടി എത്ര മനോഹരമാണ്".

നിറമല്ല സോഫിക്ക് പാവയോട് ഇഷ്ടം തോന്നാനുള്ള കാരണമെന്ന് മനസ്സിലായതോടെ അവര്‍ കൂടുതല്‍ വാഗ്വാദത്തിന് മുതിരാതെ പിന്‍വാങ്ങി- ബ്രന്‍ഡി പറയുന്നു. സോഫിയ പാവക്കുട്ടിയെ വാങ്ങാന്‍ പോയതും പിന്നീടുണ്ടായ സംഭവ വികാസങ്ങളുമെല്ലാം ബ്രെന്‍ഡി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

"നിറമാണ്  എല്ലാത്തിന്റെയും അടിസ്ഥാനം എന്ന ബോധത്തോടെയല്ല നാം ജനിച്ചതെന്ന എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു ആ അനുഭവം. കണ്ണിനും മുടിക്കും വ്യത്യസ്ത നിറങ്ങള്‍ ഉള്ളതു പോലെയാണ് ത്വക്കിന്റെ നിറവ്യത്യാസവും. എല്ലാനിറവും മനോഹരമാണ് എന്നു പറഞ്ഞാണ് ബ്രന്‍ഡി പോസ്റ്റ് അവസാനിപ്പിക്കുന്നത്".

രണ്ട് ലക്ഷത്തിലധികം തവണയാണ് ബ്രന്‍ഡിയുടെ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടത്. 41000 ല്‍ അധികം ആളുകള്‍ കമന്റ് രേഖപ്പെടുത്തുകയും ആറുലക്ഷത്തിലധികം പേര്‍ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Photo:Facebook/Brandy benner