ഇന്നത്തെ കാലത്തിന്റെ പോക്കില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് മഞ്ജു വാര്യര്‍ വനിതാദിനത്തിന് എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. വനിതാദിനം എന്ന ഒരു ദിനത്തില്‍ മാത്രം ഓര്‍ക്കപ്പെടേണ്ടവളല്ല സ്ത്രീ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.  ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ എത്രമാത്രം സുരക്ഷിതയാണെന്ന് ആശങ്കപ്പെടുന്ന മഞ്ജു സ്ത്രീകള്‍ക്ക് മുന്നില്‍ ഇനിയുള്ള പ്രഭാതങ്ങള്‍ പ്രകാശം നിറഞ്ഞതാകില്ല എന്ന് ഓര്‍മിപ്പിക്കുന്നുണ്ട്. 

മഞ്ജുവിന്റെ പോസ്റ്റ് വായിക്കാം

ചില വിഷയങ്ങളെക്കുറിച്ച് എഴുതേണ്ടിവരുമ്പോള്‍ വിരലുകളും വാക്കുകളും വിറയ്ക്കാറുണ്ട്. ഇപ്പോള്‍ അത് അനുഭവിക്കുന്നു. ഇന്നത്തെദിവസത്തെക്കുറിച്ച് പറയുന്നില്ല. ഒറ്റദിവസംമാത്രം ഓര്‍മിക്കപ്പെടേണ്ടവളല്ലല്ലോ സ്ത്രീ. പക്ഷേ ഇന്ന് വായിച്ചതും കേട്ടതുമായ വാര്‍ത്തകള്‍ സ്ത്രീകള്‍ക്ക് മുന്നില്‍ ഇനിയുള്ള പ്രഭാതങ്ങള്‍ ഒട്ടും പ്രകാശംനിറഞ്ഞതാകില്ല എന്നു പറഞ്ഞുതരുന്നു.

പ്രിയപ്പെട്ട ഒരു നടിക്കുണ്ടായ മുറിവിന്റെ വേദന നമ്മുടെയൊക്കെ മനസ്സില്‍നിന്ന് മായുംമുമ്പ് എത്രയെത്ര നിലവിളികള്‍. അത് ബാല്യംവിട്ടുപോകാത്ത പെണ്‍കുഞ്ഞുങ്ങളുടേതാണ് എന്നത് ഒരേസമയം ഭയപ്പെടുത്തുകയും കുത്തിനോവിക്കുകയും ചെയ്യുന്നു.മട്ടന്നൂരിലും,തിരുവനന്തപുരത്തും,വയനാട്ടിലും,പാലക്കാടും ഏറ്റവും ഒടുവില്‍ ആലുവയിലും അതിക്രൂരമായി അപമാനിക്കപ്പെട്ടത് ഇനിയും ചിത്രശലഭങ്ങള്‍ക്കുപിന്നാലെ ഓടിത്തീരാത്തവരായിരുന്നു. എന്തൊരു കാലമാണിത്!! എങ്ങോട്ടാണ് ഈ കറുത്തയാത്ര?? ഇതുചെയ്തവരെ മനുഷ്യര്‍ എന്നോ മൃഗങ്ങളെന്നോ വിളിക്കരുത്. അവര്‍ ഒരുവിളിപ്പേരും അര്‍ഹിക്കുന്നില്ല. നിയമം നാളെ എന്തുചെയ്യമെന്ന് ഏകദേശം ഊഹിക്കാം. 

അനുഭവങ്ങള്‍ അങ്ങനെയാണല്ലോ. എങ്കിലും ലക്ഷക്കണക്കായ മനസ്സുകളില്‍ അവര്‍ ശിക്ഷിക്കപ്പെടുന്നുണ്ട് ഓരോ നിമിഷവും. കാറിത്തുപ്പലും മുഖമടച്ചുള്ള അടിയും മുതല്‍ ജീവിതാവസാനത്തോളമെത്തുന്ന തടവുവരെയുണ്ടാകും അതില്‍. ഇനിയും മനുഷ്യത്വം നശിച്ചിട്ടില്ലാത്തവരുടെ ഹൃദയങ്ങളിലെ പ്രതിക്കൂടുകളില്‍ അങ്ങനെ തീരട്ടെ ആ ജന്മങ്ങള്‍.

ഇതിനേക്കാളൊക്കെ ഭയപ്പെടുത്തുന്നത് മറ്റൊന്നാണ്. ഏതുനിമിഷവും പെണ്‍കുഞ്ഞുങ്ങള്‍ പരുന്തുകളാല്‍ റാഞ്ചപ്പെടാമെന്ന അവസ്ഥ നിലനില്‍ക്കെ നമ്മുടെനാട്ടില്‍ ഒരാള്‍ക്ക് സധൈര്യം പ്രഖ്യാപിക്കാനാകുന്നു: 'എനിക്ക് അഞ്ചാംക്ലാസ്സുകാരിയോട് കാമംതോന്നുന്നുവെന്ന്, മിഠായി നല്‍കി അവളുടെ പ്രേമം അനുഭവിക്കാനാകുന്നുവെന്ന്.' ഇതിനെ സ്വാതന്ത്ര്യം എന്നുവിളിക്കാമെങ്കില്‍ ആ സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുവദിക്കരുത് എന്നാണ് പറയുവാനുള്ളത്. അയാള്‍ക്കുചുറ്റുമുള്ള സംരക്ഷണവലയം അതിനേക്കാള്‍ നീചമായ കാഴ്ച. അവനെ എനിക്കറിയാം എന്നുപറഞ്ഞുകൊണ്ടുള്ള ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍, പിഡോഫീലിയായുടെ താത്വികമായഅവലോകനങ്ങള്‍, ലൈംഗികാവകാശത്തെക്കുറിച്ചുള്ള ചൂടുള്ളചര്‍ച്ചകള്‍...എല്ലാംകണ്ടുനില്‍ക്കെ
ഒരിക്കല്‍ക്കൂടി ചോദിച്ചുപോകുന്നു: എന്തൊരു കാലമാണിത്!

മറ്റൊന്നുകൂടി: ഒരു അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത് മയക്കിയശേഷം മുഖംപൊത്തിപ്പിടിച്ചുകൊണ്ട് നിങ്ങള്‍ എന്ത് അവകാശത്തെപ്പറ്റിയാണ് സംസാരിക്കുന്നത്? ഒന്നുമറിയാതെ നിങ്ങള്‍കൊടുത്ത മിഠായിനുണയുമ്പോള്‍ അവളെപ്പോലുള്ള അനേകായിരം പെണ്‍കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്താണ്? മൊട്ടിനെ കെവെള്ളയിലിട്ട് ഞെരിച്ചശേഷം പൂക്കളെക്കുറിച്ച് സംസാരിക്കരുത്....