പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് വേണം. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ച് ഫുള്‍ എ പ്ലസ് വാങ്ങണം. അതോടൊപ്പം എന്‍ട്രന്‍സ് കോച്ചിംഗിനും പോകണം. എംബിബിഎസ് സ്വപ്‌നം കാണുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നമ്മുടെ സമൂഹം കല്പിച്ചുകൊടുത്തിരിക്കുന്ന മാനദണ്ഡങ്ങള്‍ ഇതൊക്കെയാണ്. പത്താംക്ലാസ് കഷ്ടിച്ച് ജയിക്കുന്നവരെ ഹ്യുമാനിറ്റീസിന് ചേര്‍ക്കാനും തുടര്‍ന്ന് ബിരുദപഠനത്തിന്റെ വഴിയേ വിടാനും മാത്രം ഉത്സാഹിക്കുന്ന മാതാപിതാക്കളും സമൂഹത്തിലെ അഭ്യുദയകാംക്ഷികളുമൊക്കെ നിലമ്പൂരിലെ സീനത്തിന്റെ ജീവിതകഥ അറിയണം. 

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു കുറിപ്പാണ് നിലമ്പൂര്‍ കാളികാവ് സ്വദേശിയായ ഡോ. സീനത്തിനെ ലോകമെങ്ങുമുള്ള മലയാളികള്‍ അറിയാന്‍ കാരണം. കുഞ്ഞുപെങ്ങള്‍ എംബിബിഎസുകാരിയായ സന്തോഷം പങ്കുവച്ച് സീനത്തിന്റെ സഹോദരനും കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനുമായ റിയാസ് പാലപ്ര ഇട്ട ഫെയ്ബുക് പോസ്റ്റായിരുന്നു അത്. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കില്‍ പഠിപ്പിസ്റ്റ് ഇമേജ് ഇല്ലാത്ത സാധാരണ കുട്ടികള്‍ക്കും എംബിബിഎസ് നേടാനാകുമെന്ന്  തെളിയിക്കുന്നതാണ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

seenath doctor

പത്താംക്ലാസ് കഷ്ടിച്ച് ജയിച്ച സീനത്ത് പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുക്കാന്‍ നിര്‍ബന്ധിതയായ സാഹചര്യവും തുടര്‍ന്നുണ്ടായ വഴിത്തിരിവുകളുമാണ് പോസ്റ്റിലൂടെ റിയാസ് പങ്കുവച്ചത്. എസ്എസ്എല്‍സിക്ക് മലയാളത്തിനും അറബിക്കും മാത്രം എ പ്ലസ് നേടിയ സീനത്ത് പ്ലസ് ടുവിന് 2 എയും 2 ബിയും 4 ബി പ്ലസും നേടിയാണ് ജയിച്ചത്. തുടര്‍ന്ന് അഗ്രിക്കള്‍ച്ചര്‍ ബി.എസ്.സിക്ക് പ്രവേശനം നേടാന്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്നു. മാര്‍ക്ക് കുറഞ്ഞ കുട്ടിയെ പരിശീലിപ്പിക്കാന്‍ പോലും ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ക്ക് ആദ്യം മടിയായിരുന്നു. കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലുകള്‍ സഹിച്ച് മടുത്ത സീനത്ത് ഉറച്ചൊരു തീരുമാനമെടുത്തു, താനൊരു മൃഗഡോക്ടറെങ്കിലുമാവുമെന്ന്. ഉപ്പയ്ക്ക് കൊടുത്ത ആ വാക്കിനു വേണ്ടി നടത്തിയ കഠിനപ്രയത്‌നം അവളെ എംബിബിഎസുകാരിയാക്കി എന്നാണ് റിയാസ് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

riyas palapra