ണ്ടുവയസ്സുകാരിയായ മകള്‍ മോളിയുടെ ഫോട്ടോ എടുക്കുകയായിരുന്നു ഓസ്‌ട്രേലിയക്കാരിയായ ബിയാന്‍കാ ഡിക്കിന്‍സണ്‍. കമ്പിവേലിയില്‍ പിടിച്ചു നില്‍ക്കുന്ന മകളുടെ ചിത്രം എടുക്കുന്നതിനിടെ എന്തോ 'ഒന്ന്' മകളുടെ അരികിലൂടെ നീങ്ങുന്നത് കണ്ടെങ്കിലും ബിയാന്‍ക അതെന്താണെന്ന് ആദ്യം ശ്രദ്ധിച്ചില്ല.

എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആ നീങ്ങിയത് എന്താണെന്ന് ബിയാന്‍കയ്ക്ക് മനസ്സിലായത്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ രണ്ടാം സ്ഥാനത്തുള്ള ഈസ്‌റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക് ആയിരുന്നു ബിയാന്‍കയുടെ മകളുടെ തൊട്ടടുത്തുകൂടി ഇഴഞ്ഞുപോയത്.

ഉഗ്രവിഷമുള്ള പാമ്പ് തൊട്ടടുത്തു കൂടി ഇഴഞ്ഞു നീങ്ങുന്നത് അറിയാതെ കാറ്റില്‍ പറക്കുന്ന മുടിയും കുസൃതിച്ചിരിയുമായി നില്‍ക്കുന്ന മോളിയുടെ ചിത്രം വൈറലാവുകയാണ്.

സംഭവത്തെ കുറിച്ച് ബിയാന്‍ക പറയുന്നത് ഇങ്ങനെ- "മോളിയുടെ മുതിര്‍ന്ന സഹോദരങ്ങള്‍ വരാനായി കാത്തുനില്‍ക്കുകയായിരുന്നു ഞങ്ങള്‍ ഇരുവരും. അപ്പോഴാണ് ഞാന്‍ മോളിയുടെ ഫോട്ടോ എടുക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് എന്തോ ഒന്ന് മോളിയുടെ അടുത്തുകൂടി നീങ്ങുന്നത് കണ്ടത്. നല്ല കാറ്റുണ്ടായിരുന്നു അവിടെ. കാറ്റില്‍ നീങ്ങുന്ന മരത്തടിയോ മറ്റോ ആയിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്.

പിന്നീടാണ് പാമ്പാണെന്ന് തിരിച്ചരിഞ്ഞത്. ഭാഗ്യത്തിന് എന്റെ മകള്‍ പാമ്പിനെ കണ്ടില്ല. പാമ്പ് അവളെ ഉപദ്രവിച്ചതുമില്ല. പക്ഷെ ആ കാഴ്ചയില്‍ നിന്നുണ്ടായ ഭയം ഇപ്പോഴും എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. വീട്ടിലെത്തിയപ്പോള്‍ എന്റെ മറ്റു മക്കളോട് ഞാന്‍ ഇക്കാര്യം പറഞ്ഞു.

അതെത്ര വലിയതായിരുന്നതെന്നും മറ്റും. അതിനിടയില്‍ മകന്‍ എന്നോടു ചോദിച്ചു പാമ്പിന്റെ ഫോട്ടോ എടുത്തോയെന്ന്. പക്ഷെ അതിനെ കുറിച്ചൊന്നും എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. പിന്നീട് ഫോട്ടോകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഈ ചിത്രം ലഭിച്ചത്" - ബിയാന്‍ക പറയുന്നു.

മകളുടെയും പാമ്പിന്റെ ചിത്രവും ബിയാന്‍ക ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പതിനായിരത്തില്‍ അധികം ആളുകളാണ് ബിയാന്‍കയുടെ പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്തിട്ടുള്ളത്. 23000 ല്‍ അധികം ആളുകള്‍ അവരുടെ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മോളിക്ക് അപകടം ഒന്നും സംഭവിക്കാത്തതില്‍ സമാധാനിക്കുന്നതിനോടൊപ്പം ഫോട്ടോ മികച്ചതാണെന്നും അവരില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. ഇന്‍സ്റ്റഗ്രാമിലും ബിയാന്‍ക ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോ: ഫെയ്‌സ്ബുക്ക് / ബിയാന്‍ക ഡിക്കിന്‍സണ്‍