ജിഷ്ണു കേസില്‍ ന്യായീകരണവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ ചില വിവരങ്ങള്‍ അവാസ്തവമാണെന്ന് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

"പ്രചാരണെമന്ത് ,സത്യമെന്ത്? എന്ന പേരില്‍ ജിഷ്ണു കേസിനെ സംബന്ധിച്ച് പി.ആര്‍.ഡി നല്‍കിയ വിശദീകരണത്തില്‍ ചില വിവരങ്ങള്‍ അവാസ്തവമാണെന്ന് എനിക്ക് നേരിട്ട് ബോദ്ധ്യമുണ്ട്"- എന്നാണ് പോസ്റ്റ് തുടങ്ങുന്നത്. സര്‍ക്കാര്‍ ധനസഹായം നല്‍കി എന്നത് വായിച്ചപ്പോള്‍ പുച്ഛം തോന്നിയെന്നും പാര്‍വതി പറയുന്നു. 

ജീവന്‍ പോയാല്‍ പണം തരും. അതും വാങ്ങി പൊയ്‌ക്കോളണം. ബാക്കി ഒക്കെ മുറ പോലെ നടക്കും.സര്‍ക്കാര്‍ സംവിധാനത്തെ ചോദ്യം ചെയ്യാനൊരുങ്ങിയാല്‍ - 'നിങ്ങള്‍, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്ന തീവ്രവാദികളാകും.. സഹായത്തിനാര് വന്നാലും അവരെ ജയിലിലടയ്ക്കു .രക്ത ബന്ധുക്കള്‍ മാത്രം ചെയ്യേണ്ടതാണ് സമരം. ഇത് കേരളത്തില്‍ ഉണ്ടായി വന്നിട്ടുള്ള പുതിയ സമവായമാണെന്നും പാര്‍വതി വിമര്‍ശിക്കുന്നു. 

പാര്‍വതിയുടെ പോസ്റ്റിലേക്ക് 

parvathyപ്രചാരണെമന്ത് ,സത്യമെന്ത്? എന്ന പേരില്‍ ജിഷ്ണു കേസിനെ സംബന്ധിച്ച് പി.ആര്‍.ഡി നല്‍കിയ വിശദീകരണത്തില്‍ ചില വിവരങ്ങള്‍ അവാസ്തവമാണെന്ന് എനിക്ക് നേരിട്ട് ബോദ്ധ്യമുണ്ട്.
1. വടകരയില്‍ നിന്ന് 6 പേര്‍ വന്നു എന്ന് പരസ്യത്തില്‍. 14 പേരടങ്ങുന്ന ഒരു സംഘമാണ് വടകരയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത് .

2. ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്ത ഒരു വലിയ സംഘത്തെ ഡി.ജി. പി ഓഫീസിലേക്ക് കയറ്റി വിടണമെന്നാവശ്യപ്പെട്ടു എന്ന് സര്‍ക്കാര്‍ ഭാഷ്യം. 
അതും തെറ്റാണ്. വടകരയില്‍ നിന്ന് വന്നവരെ കയറ്റി വിടണമെന്നാണ് ആവശ്യപ്പെട്ടത്.

3. ജിഷ്ണുവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടില്ല, കേസില്ല എന്ന് പറയുന്നത് ശരി എന്നാല്‍ അമ്മാവന്‍ ഉള്‍പ്പെടെ മിക്ക ബസുക്കളെയും പോലീസ് ജീപ്പില്‍ കയറ്റി മണിക്കൂറുകള്‍ കറക്കി. അസഭ്യം പറഞ്ഞ് മനോവീര്യം കെടുത്തി.

4. അമ്മയെ ഉപദ്രവിച്ചില്ല എന്ന് പറയുന്നതിനെക്കാള്‍ മനപൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമിച്ചില്ല എന്ന് പറയുന്നതാകും നല്ലത്. കാരണം ഉന്തിലും തളളിലും, മഹിജയ്ക്ക് ഒന്നും പറ്റാതെ നോക്കുകയായിരുന്നു ചിലര്‍. അതില്‍ ഒരാള്‍ മഹിജയുടെ മേലേയ്ക്ക് വീണു. അവരെ എടുത്ത് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അടിവയറ്റില്‍ ബൂട്ട് കൊണ്ടുള്ള ചവിട്ട് കിട്ടി. ബന്ധുക്കളെ മിക്കവരെയും ഉപദ്രവിച്ചിട്ടുണ്ട്. കേരളം മുഴുവന്‍ ആ വാര്‍ത്ത കണ്ടതിനാല്‍ വിശദീകരിക്കേണ്ട ആവശ്യവുമില്ല.
ഇത്രയും എനിക്കറിയാവുന്ന കാര്യങ്ങള്‍. പി.ആര്‍.ഡി നല്‍കിയ പരസ്യത്തിനെ സംബന്ധിച്ച് ജിഷ്ണുവിന്റെ വീട്ടുകാരുടെ വിശദീകരണം അറിയാന്‍ താല്പര്യപ്പെടുന്നു.
ജിഷ്ണുവിന്റെ വീട്ടുകാര്‍ പാര്‍ട്ടിക്കാരാണ്. അവരോടൊപ്പം എന്ന് പറയുന്ന സര്‍ക്കാര്‍ അവരെ വിശ്വസിക്കാതെ പോലീസ് പറയുന്നത് കേട്ട് ഇതിനു മുമ്പും വിശദീകരണം നല്‍കിയിരുന്നു.ഡി.ജി.പിയെ കാണാന്‍ അപ്പോയ്ന്റ്‌മെന്റ് എടുത്ത് വന്ന തോക്ക് സ്വാമി, ഈ സംഘത്തില്‍ ഉണ്ടായിരുന്നു എന്ന് ആദ്യം പറഞ്ഞിരുന്നു. പിന്നീട് അങ്ങനെയല്ല എന്നായി.

ജിഷ്ണു കേസില്‍ ന്യായീകരണവുമായി സര്‍ക്കാരിന്റെ പത്രപ്പരസ്യം
സര്‍ക്കാര്‍ നല്‍കിയ പരസ്യം

ജിഷ്ണുവിന്റെ അമ്മയും കുടുംബവും ദുഃഖത്തിന്റെ ആഴക്കടലില്‍ മുങ്ങിത്തപ്പുന്നവരാണ്. മകനെ കൊന്നവരെ ശിക്ഷിക്കണം. ഇത് ഒന്ന് മാത്രമാണ് അവര്‍ക്ക് വേണ്ടത്. അത് ഇനിയും കേരളത്തില്‍ മറ്റൊരു ജിഷ്ണു ഉണ്ടാകാതിരിക്കാന്‍ കൂടിയാണ്.

പിന്നെ സര്‍ക്കാര്‍ ധനസഹായം നല്‍കി എന്ന് പരസ്യത്തില്‍ എഴുതിയത് വായിച്ചപ്പോള്‍ പുച്ഛം തോന്നി.' ജീവന്‍ പോയാല്‍ പണം തരും. അതും വാങ്ങി പൊയ്‌ക്കോളണം. ബാക്കി ഒക്കെ മുറ പോലെ നടക്കും.സര്‍ക്കാര്‍ സംവിധാനത്തെ ചോദ്യം ചെയ്യാനൊരുങ്ങിയാല്‍ - 'നിങ്ങള്‍, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്ന തീവ്രവാദികളാകും.. സഹായത്തിനാര് വന്നാലും അവരെ ജയിലിലടയ്ക്കും . രക്ത ബന്ധുക്കള്‍ മാത്രം ചെയ്യേണ്ടതാണ് സമരം. ഇത് കേരളത്തില്‍ ഉണ്ടായി വന്നിട്ടുള്ള പുതിയ സമവായമാണ്. കേരളം ബംഗാളാവരുത് എന്ന് വിചാരിക്കുന്ന ലക്ഷങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സ് തളരാത്തത്.. ചെങ്കൊടിയും അരിവാള്‍ ചുറ്റികയും എന്ന ബിംബങ്ങള്‍ കരുത്ത് പകരുന്നത് കൊണ്ടാണ്.