സ്വവര്‍ഗാനുരാഗികള്‍ അല്ലാതിരുന്നിട്ടും പെണ്ണ് പെണ്ണിനെ വിവാഹം കഴിക്കുന്നൊരു ഗ്രാമമുണ്ട് ടാന്‍സാനിയയില്‍. കിടപ്പാടവും ഭൂമിയും നഷ്ടപ്പെടാതിരിക്കാനാണ് ടാന്‍സാനിയയിലെ ന്യാമോംഗോ ഗ്രാമത്തിലെ കുര്യ ഗോത്രത്തില്‍ പെട്ട സ്ത്രീകള്‍ ഈ രീതി പിന്തുടരുന്നത്.

കുര്യ ഗോത്രനിയമപ്രകാരം പുരുഷനാണ് ഭൂമിയുടെ അവകാശി. ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചുപോവുകയും പിന്തുടര്‍ച്ചയ്ക്ക് മകന്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അവരുടെ ഭൂമി ഗ്രാമത്തിലെ മറ്റു പുരുഷന്മാര്‍ കൈക്കലാക്കാറുണ്ട്. 

ഇതിനെ പ്രതിരോധിക്കാനാണ് ന്യുമ്പാ എന്തെബു (സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കുക) എന്ന ആചാരം പുനരുജ്ജീവിപ്പിക്കാന്‍ അവിടുത്തെ സ്ത്രീകള്‍ തീരുമാനിച്ചത്.

ഇതുപ്രകാരം ഭര്‍ത്താവ് ഉപേക്ഷിക്കുകയോ മരിച്ചു പോവുകയോ ചെയ്ത സ്ത്രീക്ക് തന്നെക്കാള്‍ പ്രായം കുറഞ്ഞ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാം. മാത്രമല്ല സ്വത്തിന്മേല്‍ ഇവര്‍ക്കു രണ്ടു പേര്‍ക്കും തുല്യ അവകാശം ഉണ്ടായിരിക്കുകയും ചെയ്യും.

സ്ത്രീകള്‍ക്ക്‌ മറ്റൊരു സാധ്യത കൂടി ഈ ആചാരം മുന്നോട്ടു വയ്ക്കുന്നുണ്ട്. മുതിര്‍ന്ന സ്ത്രീക്കു വേണ്ടി, ദമ്പതികളിലെ ഇളയസ്ത്രീക്ക് ഒരു പുരുഷനെ കണ്ടെത്താനും അയാളില്‍നിന്ന് ഗര്‍ഭം ധരിക്കാനും അവകാശമുണ്ട്. 

ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളായിരിക്കും 'സ്ത്രീദമ്പതികളുടെ' സ്വത്തിന്റെ അവകാശികള്‍. ഇഷ്ടമുള്ള പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യവും ഈ ആചാരം സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. 

ഗാര്‍ഹിക പീഡനം, ശൈശവ വിവാഹം  തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള മാര്‍ഗമായും ന്യുമ്പാ എന്തൊബുവിനെ സ്ത്രീകള്‍ കണ്ടു തുടങ്ങിയിട്ടുണ്ടത്രെ.