Kareena

തൊരു പെണ്‍കുട്ടിയും കാണുന്ന സ്വപ്നങ്ങളില്‍ അവളുടെ വിവാഹവുമുണ്ടായിരിക്കും. അതിലവള്‍ അതിസുന്ദരിയായ  രാജകുമാരിയായിരിക്കും, താര സുന്ദരിമാരെ പോലും വെല്ലുന്ന അഭൗമ സൗന്ദര്യത്തിനുടമയായിരിക്കും. അവളെ ആനയിക്കാന്‍ പല്ലക്കും, ആനയും, അമ്പാരിയും ഉണ്ടായിരിക്കും. സൂര്യനെയും ചന്ദ്രനെയും സാക്ഷിയാക്കി അവളെ അവളുടെ രാജകുമാരന്‍ അവളെ സ്വന്തമാക്കും.

അതെ പെണ്‍കുട്ടികളുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് എന്നും നിറങ്ങളും വര്‍ണങ്ങളും കൂടുതലാണ്. തന്റെ നല്ലപാതിയുടെ സ്വന്തമാകുന്ന ആ ദിവസത്തെ ഓരോ നിമിഷങ്ങളും കുറ്റമറ്റതും സ്വപ്നത്തില്‍ താന്‍ കണ്ടതുപോലെ രാജകീയവുമായിരിക്കാന്‍ അവളാഗ്രഹിക്കാറുണ്ട്.

സാരിയില്‍, ആഭരണത്തില്‍, മേക്കപ്പില്‍ തുടങ്ങി സര്‍വത്ര ആശയകുഴപ്പങ്ങളായിരിക്കും കല്യാണമടുക്കുന്നതോടെ മണവാട്ടികള്‍ക്ക്. ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ സ്വപ്നത്തില്‍ കണ്ട ആ രാജകുമാരിയാകാന്‍ നിങ്ങള്‍ക്ക് സാധിക്കും. 

Deepikaകല്യാണ തീയതി തീരുമാനിച്ചുകഴിയുമ്പോള്‍ തന്നെ അന്നത്തെ ദിവസം തനിക്ക് എന്താണ് വേണ്ടത് എന്ന്  ഒരു ധാരണ ഉണ്ടായിരിക്കണം.മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍, ഡ്രസ്സ് തുടങ്ങിയവയില്‍ റഫറന്‍സുകള്‍ എടുക്കുന്നത് നല്ലതാണ് എന്നാലത് അതേപോലെ തന്നെ പകര്‍ത്താന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ഓരോരുത്തര്‍ക്കും ഓരോ സ്‌റ്റൈല്‍ ആണ് ചേരുക. അതുകൊണ്ട് എനിക്കിതു തന്നെ വേണമെന്ന് വാശി പിടിക്കാതെ അത് തനിക്കിണങ്ങുന്ന രീതിയില്‍ മാറ്റാന്‍ ശ്രമിക്കാം. ഒപ്പം തന്നെ ചെലവിടാന്‍ ആഗ്രഹിക്കുന്ന തുകയെക്കുറിച്ചും ഒരു ധാരണ വേണം.

കല്യാണത്തിന് മൂന്ന് മാസം മുമ്പെങ്കിലും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. കല്യാണ സീസണ്‍ ഒക്കെ ആണെങ്കില്‍ പ്രീബുക്കിംഗ് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിച്ച ആര്‍ട്ടിസ്റ്റിന്റെ ഡേറ്റ്  കിട്ടിയെന്നു വരില്ല. അതുപോലെ തന്നെ ആരെങ്കിലും പറഞ്ഞത് കേട്ട് ഒരാളെ ബുക്ക് ചെയ്യാതെ, മുന്‍പ് ചെയ്ത വര്‍ക്കുകളും മറ്റും നോക്കി ഒരു ഷോര്‍ട്ട്‌ലിസ്‌റ് തയ്യാറാക്കുക. അതില്‍ നിങ്ങളുടെ ബഡ്ജറ്റിനും കൂടി ഇണങ്ങുന്ന ആളെ നേരില്‍ പോയി കണ്ട്  സംസാരിച്ചു വേണം അപ്പോയ്‌മെന്റ് എടുക്കാന്‍. അവരുടെ സര്‍വീസുകള്‍ എന്തൊക്കെയാണെന്ന് പ്രത്യേകം ചോദിച്ചറിയണം. അവര്‍ പറയുന്ന തുകയില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുന്നതെന്നും.

ഹെയര്‍സ്റ്റൈലിങ്, ഫെയ്‌സ് മേക്കപ്പ്, നെയില്‍പോളിഷ്, മെഹന്ദി, സാരി ഡ്രേപ്പിംഗ്, ജൂവലറി സെറ്റിങ്, തുടങ്ങിയവ തുകയില്‍ ഉള്‍പെടുത്തിയിട്ടുണ്ടോ എന്നും, മുല്ലപ്പൂ, ഹെയര്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങി ഏതൊക്കെ ആക്‌സസ്സറിസ് അവര്‍ അവരുടെ ഭാഗത്തു നിന്നും എത്തിക്കുമെന്നും, കൂടുതലായി വരുന്ന എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് എത്ര തുക ഈടാക്കുമെന്നും ചോദിച്ചറിയണം. ഒപ്പം തന്നെ നിങ്ങളുടെ താല്പര്യങ്ങളും, അഭിപ്രായങ്ങളും, ഉത്കണ്ഠകളും അവരോട് തുറന്നു പറയുക. ട്രയല്‍ മേക്കപ്പ് നിര്‍ബന്ധമായും വേണമെന്ന് പറയുക. 

Mehandi

വിവാഹ സാരിയും ആഭരണങ്ങളും എടുത്ത ശേഷം ട്രയല്‍ മേക്കപ്പ് ചെയ്യുന്നതാണ് നല്ലത്.നിങ്ങള്‍ മനസ്സിലാഗ്രഹിച്ച സ്‌റ്റൈല്‍ നിങ്ങള്‍ക്ക് ചേരുന്നുണ്ടോയെന്നു അറിയാനും, മേക്കപ്പിലും മറ്റും വരുന്ന അപാകതകള്‍ പരിഹരിക്കാനും ട്രയല്‍ മേക്കപ്പ് സഹായിക്കും നിങ്ങള്‍ തിരഞ്ഞെടുത്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഏതെങ്കിലും ബ്യൂട്ടിപാര്‍ലറുമായി ബന്ധമുള്ള  ആളാണെങ്കില്‍ ചര്‍മത്തിനും മുടിക്കും വേണ്ട ട്രീറ്റ്‌മെന്റ്‌സ് ഏതൊക്കെയാണെന്ന് ചോദിച്ചറിയുക. അങ്ങനെയല്ലെങ്കില്‍ നല്ലൊരു ബ്യൂട്ടി പാര്‍ലര്‍ കണ്ടു പിടിച്ചു നിങ്ങള്‍ക്ക് ഇണങ്ങുന്ന ട്രീറ്റ്മന്റ്‌സ് കൃത്യമായ ഇടവേളകളില്‍ ചെയ്യുക.

അതുപോലെ തന്നെ ആണ് വിവാഹ വസ്ത്രത്തിന്റെയും കാര്യം. ഡിസൈനറുടെ അടുത്ത് പറഞ്ഞു ചെയ്യിക്കാനാണെങ്കില്‍ അതും ഒരു മൂന്നു മാസം മുന്‍പ് ബുക്ക് ചെയ്യുക. ആഗ്രഹിച്ച പോലെ ആയില്ലെങ്കില്‍ മാറ്റം വരുത്താന്‍ ഇത് കൊണ്ട് സാധിക്കും. അതല്ല കടകളില്‍ നിന്നാണ് വസ്ത്രമെടുക്കുന്നതെങ്കില്‍ സാരിക്ക് കൃത്യമായ നീളവും വീതിയും ഉണ്ടെന്നു ഉറപ്പു വരുത്തണം.

ഗൗണ്‍ പോലുള്ള വസ്ത്രങ്ങള്‍ കൃത്യമായ അളവില്‍ എടുക്കുമ്പോള്‍ തന്നെ എന്തെങ്കിലും വണ്ണം കൂട്ടാനോ കുറയ്ക്കാനോ കഴിയുന്നതായിരിക്കാന്‍ സാധിക്കണം. വിവാഹവസ്ത്രമെടുത്തതിന് ശേഷം മാത്രം അതിനു യോജിക്കുന്ന തരത്തില്‍ ആഭരണങ്ങള്‍ എടുക്കുക.

കൃത്യമായ ഇടവേളകളില്‍ സ്പാ, ഫേഷ്യല്‍ ,മാനിക്യൂര്‍ ,പെഡിക്യൂര്‍, വാക്‌സിംഗ് തുടങ്ങിയ ട്രീറ്റ്‌മെന്റ്‌സ് എടുക്കുക. തലമുടിയില്‍ സ്‌ട്രെയ്റ്റനിങ് പോലുള്ള കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ കല്യാണത്തിന് തൊട്ടു മുന്‍പ് ചെയ്യാതിരിക്കുക .രൂക്ഷമായ മുടി കൊഴിച്ചിലുള്ളവര്‍ അതിനുവേണ്ട ചികിത്സകള്‍ ചെയ്യുക. 

Bride

ചര്‍മത്തില്‍ കാര്യമായ അലര്‍ജികളോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ നല്ലൊരു ഡെര്‍മെറ്റോളജിസ്റ്റിന്റെ അടുത്ത് ചികിത്സ തേടുക. ചര്‍മത്തിലോ, മുടിയിലോ പുതിയതായി എന്തെങ്കിലും കല്യാണത്തിനോടടുത്തു ചെയ്യാതിരിക്കുക. ബിക്കിനി വാക്‌സിങ്ങും(താല്പര്യമുള്ളവര്‍ക്ക്), ഫുള്‍ ബോഡി വാക്‌സിങ്ങും, ഫേഷ്യല്‍,ബ്ലീച്,ത്രെഡിങ് തുടങ്ങിയ എല്ലാ ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും കല്യാണത്തിന് നാല് ദിവസം മുന്‍പെങ്കിലും അവസാനിപ്പിച്ചിരിക്കണം. ബാക്കിയുള്ള ദിവസങ്ങളില്‍ ചര്‍മത്തെയും മുടിയെയും സ്വാഭാവികമായിരിക്കാന്‍ അനുവദിക്കുക.

പല പെണ്‍കുട്ടികളും കല്യാണമടുക്കുമ്പോള്‍ പെട്ടെന്ന് ഡയറ്റിങ് തുടങ്ങാറുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒറ്റയടിക്ക് ഭക്ഷണമുപേക്ഷിച്ചു തടി കുറയ്ക്കാനോ, ഭക്ഷണം വാരിവലിച്ചു കഴിച്ചു തടി കൂട്ടാനോ നോക്കാതെ ഒരു മൂന്നു മാസം മുന്‍പെങ്കിലും ഭക്ഷണം നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു ക്രമീകരിക്കുക.

അമിതമായ പഞ്ചസാരയുടെയും, ഉപ്പിന്റെയും, അളവ് കുറക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ചായയുടെയും കാപ്പിയുടെയും അളവ്  കുറച്ചു ദിവസം ഒരു ഗ്രീന്‍ ടി എന്ന നല്ല ശീലത്തിലേക്ക് മാറുക. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ്  നിങ്ങളുടെ ചര്‍മത്തിന്റെ യുവത്വം കാത്തു സൂക്ഷിക്കും. ഒപ്പം തന്നെ ധാരാളമായി വെള്ളം കുടിക്കുക.

bride

കല്യാണ പെണ്ണിന്റെ പുഞ്ചിരിയാണ് ചടങ്ങിലെ ഹൈലൈറ്റ്. പല്ലില്‍ കറയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ രണ്ടു മാസം മുന്‍പെങ്കിലും നല്ലൊരു ഡെന്റിസ്റ്റിനെ കണ്ടു പരിഹരിക്കുക. 

എല്ലാത്തിനും ഉപരിയായി എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. പിരിമുറുക്കങ്ങള്‍  ഒഴിവാക്കാന്‍ യോഗയോ മെഡിറ്റേഷനോ ശീലമാക്കാം. കല്യാണത്തെ കുറിച്ചുള്ള നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വീട്ടുകാരും കൂട്ടുകാരുമായി പങ്കു വെക്കുക.നിങ്ങളുടെ സന്തോഷത്തിനു വേണ്ടി അവരും നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാനും കണ്ടുപിടിക്കാനും കൂടെ നില്‍ക്കും.

ഇനി സ്വപ്നം കണ്ടോളു രാജകീയ വിവാഹവും കഴിഞ്ഞു രാജകുമാരനുമൊത്തു മണിയറയില്‍ കയറുന്നത്...