പ്രണയത്തിന് മുന്നില്‍ ജീവന്‍ കളയാന്‍ പോലും മടിയ്ക്കാത്തവരാണ് പലരും പിന്നെയല്ലേ രാജകീയ പദവി. സാധാരണക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ജപ്പാന്‍ രാജകുമാരി മാക്കോയ്ക്ക് രാജകീയ പദവി നഷ്ടപ്പെടും.

ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകള്‍ മാക്കോയും  കാമുകന്‍ കെയ് കുമേറൊയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചുകഴിഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ടോക്കിയോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

25 കാരനായ കെയ് കുമേറൊ ലീഗല്‍ അസിസ്റ്റന്റാണ്. അകിഹിതോയുടെ രണ്ടാമത്തെ മകന്‍ അക്കിഷിനോയുടെ മൂത്തമകളാണ് മാക്കോ. 

1

മാക്കോയുടെ മാതാപിതാക്കളും മുത്തച്ഛനും വിവാഹത്തിനു അനുമതി നല്‍കിയതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹം ഉറപ്പിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തോടെ വിവാഹം നടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ജൂലൈയില്‍ വിവാഹ വിവരം പുറത്തുവിടാന്‍ ആലോചിച്ചിരുന്നുവെങ്കിലും ജപ്പാന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍  പ്രഖ്യാപനം ഇരുവരും മാറ്റിവയ്ക്കുകയായിരുന്നു. 

പുരുഷ കേന്ദ്രീകൃതമാണ് ജപ്പാന്‍ രാജവംശത്തിന്റെ അധികാരകൈമാറ്റം. സ്ത്രീകള്‍ക്ക് അധികാരം ലഭിക്കില്ല. പക്ഷേ രാജകീയ പദവികളെല്ലാം ഉണ്ടായിരിക്കും. ജപ്പാനിലെ പരമ്പരാഗതമായ നിയമം അനുസരിച്ച് രാജവംശത്തില്‍ നിന്നും പുറത്തുനിന്നുള്ളയാളെ വിവാഹം കഴിക്കുന്നതോടെ രാജകീയ പദവികളെല്ലാം സ്ത്രീകള്‍ക്ക് നഷ്ടപ്പെടും.

mokko

രാജവംശത്തിലെ ഈ നിയമം തനിക്ക് അറിയാമെന്നും, രാജകീയ പദവി നഷ്ടമായാലും താന്‍ തിരഞ്ഞെടുത്ത ജീവിതത്തില്‍ സന്തോഷവതിയാണെന്നും മാക്കോ വ്യക്തമാക്കി.