മിതമായി മദ്യപിച്ച് വിവാഹമണ്ഡപത്തില്‍ 'പാമ്പാട്ടം' നടത്തിയ പ്രതിശ്രുതവരനുമായുള്ള വിവാഹത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രിയങ്കാ ത്രിപാഠിയെന്ന 21 കാരിയാണ് അനുഭവ് മിശ്ര എന്ന യുവാവുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയത്. പാമ്പുകള്‍ പത്തി ചലിപ്പിക്കുന്നതിനെ അനുകരിച്ച് ആളുകള്‍ നൃത്തം ചെയ്യുന്നത് ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ സാധാരണമാണ്. 'നാഗിന്‍ ഡാന്‍സ്' എന്നാണ് ഇത് അറിയപ്പെടുന്നത്.

എന്നാല്‍ വരന്‍ ശരിക്കും 'പാമ്പാ'യതാണ് പ്രിയങ്കയെ വിവാഹം വേണ്ടന്നു വയ്ക്കാന്‍ പ്രേരിപ്പിച്ചത്. അമിതമായി മദ്യപിച്ചതു മൂലം ചുവടുറയ്ക്കാത്ത അവസ്ഥയിലാണത്രെ അനുഭവ് മണ്ഡപത്തിലെത്തിയത്.

മണ്ഡപത്തില്‍ പാട്ടു കൂടി വച്ചതോടെ അനുഭവ് നൃത്തം തുടങ്ങി. പാമ്പുകള്‍ പുറപ്പെടുവിക്കുന്ന തരം ശ്... ശ്.... ശബ്ദവും പുറപ്പെടുവിച്ചായിരുന്നു നൃത്തം- ദൃക്‌സാക്ഷികള്‍ പറഞ്ഞു. തറയില്‍ ഇഴഞ്ഞും നൃത്തം മുന്നേറി. വിവാഹത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുമ്പുള്ള പ്രകടനം കണ്ട വധു വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു.