കുടുംബത്തിന്റെയും സമൂഹത്തിന്റെയും എതിര്‍പ്പുകളെ മറികടന്നാണ് ജയ്പൂര്‍ സ്വദേശിനി സന്‍ഹിത തന്റെ അമ്മയുടെ വിവാഹം നടത്തിയത്. അമ്മ ഗീത ഇനിയും കരഞ്ഞിരിക്കരുത്. ചിരിക്കണം, ജീവിതവുമായി മുന്നോട്ട് പോകണം. അത്രമാത്രമായിരുന്നു സന്‍ഹിതയുടെ ആഗ്രഹം. 

2016 മെയ് മാസത്തിലാണ് ഗീതയുടെ ഭര്‍ത്താവ് മുകേഷ് ഗുപ്ത കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരണമടയുന്നത്. ഭര്‍ത്താവിന്റെ പെട്ടന്നുള്ള വേര്‍പാട് ഗീതയെ എത്തിച്ചത് വിഷാദരോഗത്തിലേക്കാണ്. സ്‌കൂള്‍ അധ്യാപികയായിരുന്ന ഗീത(53) പുറംലോകത്തോട് ഇടപെടാന്‍ തന്നെ മടിച്ചു. 

ആയിടക്കാണ് സന്‍ഹിതക്ക് ജോലി ലഭിക്കുന്നത്. ജോലിക്കായി മകള്‍ ഗുഡ്ഗാവിലേക്ക് പോയതോടെ ഗീതയുടെ അവസ്ഥ കുറേക്കൂടി പരിതാപകരമായി. അമ്മയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ആഴ്ചാവസനാമാകുമ്പോള്‍ സന്‍ഹിത ഓടിയെത്തും. രണ്ടു രാത്രികളെങ്കിലും അമ്മ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയട്ടെ എന്ന് കരുതി. 

Geetha
Image: Facebook/Geeta Gupta

'അമ്മയെ ഇട്ട് ജോലിക്ക് പോകേണ്ടി വന്നതില്‍ ഞാന്‍ എന്നെത്തന്നെ ശപിച്ചു. അമ്മയെ കാണാന്‍ ആഴ്ചാവസാനം വീട്ടിലേക്ക് വരുമായിരുന്നെങ്കിലും അമ്മയേക്കാള്‍ കരിയറിനാണോ ഞാന്‍ പ്രാധാന്യം കൊടുക്കന്നതെന്ന ചിന്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു.'  സന്‍ഹിത പറയുന്നു. അങ്ങനെയാണ് അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് മകള്‍ ചിന്തിക്കുന്നത്. 

Sanhita
Image: Facebook/Sanhita Agarwal

അങ്ങനെ 2017 ആഗ്‌സറ്റില്‍ മാട്രിമോണിയലില്‍ സന്‍ഹിത അമ്മയുടെ പേര് രജിസ്റ്റര്‍ ചെയ്തു. അമ്മയുടെ അനുവാദം ചോദിക്കാതെയായിരുന്നു സന്‍ഹിതയുടെ നീക്കം. ഒടുവില്‍ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയതോടെ അവള്‍ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. സംഗതി കേട്ട് ഞെട്ടിയത് ഗീത മാത്രമല്ല, ഗീതയുടെ വീട്ടുകാരും കൂടിായിരുന്നു. അടുത്ത ബന്ധുക്കള്‍ പലരും സന്‍ഹിതയുടെ തീരുമാനത്തോട് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ഒരു വിധവയുടെ അതും ഇത്രയും പ്രായമായ ഒരു സ്ത്രീയെ പുനര്‍വിവാഹം ചെയ്യിപ്പിക്കുന്നതിനെ കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ തോറ്റ് പിന്‍മാറാന്‍ സന്‍ഹിതയും തയ്യാറായിരുന്നില്ല. 

ബാംസ്‌വാഡയില്‍ നിന്നും റവന്യൂ ഇന്‍സ്‌പെക്ടറായ കെ.ജി.ഗുപ്ത ഗീതയെ വിവാഹം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് സന്‍ഹിതയെ ബന്ധപ്പെട്ടു.രണ്ടുമക്കളുടെ പിതാവാണ് ഗുപ്ത. കാന്‍സറിനെ തുടര്‍ന്ന് 2010-ലാണ് ഗുപ്തയുടെ ഭാര്യ മരണപ്പെടുന്നത്. പക്ഷേ ഗീത നിസ്സഹകരണം തുടര്‍ന്നു. 

നവംബറില്‍ ഗീതക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു. അന്ന് സന്‍ഹിതയ്ക്കും ഗീതക്കും സഹായമായി ഗുപ്ത ജയ്പൂരിലെത്തി. മൂന്ന് ദിവസം അവര്‍ക്കൊപ്പം ചെലവഴിച്ചു. അതോടെ തന്റെ തീരുമാനത്തെ കുറിച്ച് പുനരാലോചിക്കാന്‍ ഗീത തയ്യാറായി. ഒടുവില്‍ മകള്‍ കണ്ടെത്തിയ പുതിയ പങ്കാളിയെ വിവാഹം ചെയ്യാന്‍ തന്നെ ആ അമ്മ തീരുമാനിച്ചു. സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെ തന്നെയും ചോദ്യങ്ങളെ അവഗണിച്ച് ഡിസംബറില്‍ ഗുപ്തയും ഗീതയും വിവാഹിതിരായി. 

അമ്മയുടെ മുഖത്ത് വീണ്ടും സന്തോഷം കാണാന്‍ തുടങ്ങിയ സന്തോഷത്തിലാണ് മകള്‍ സന്‍ഹിത. 'അമ്മയെ വീണ്ടും സുന്ദരിയായി കാണാന്‍ തുടങ്ങിയിരിക്കുന്നു.' സന്‍ഹിതയുടെ വാക്കുകളില്‍ ആനന്ദം നിറയുന്നു. 

Courtesy: Hindusthan Times