വിവാഹം എന്നത് മഹത്തരമായൊരു പ്രക്രിയയാണ്. രണ്ട് വഴികളിലൂടെ സഞ്ചരിച്ചിരുന്നവര്‍ ഒന്നായി ഒരു ജീവിതകാലം മുഴുവന്‍ ഒഴുകാന്‍ തുടങ്ങുന്നതിന്റെ ആരംഭം. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോരുത്തരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പ്രതീക്ഷകൾക്കൊപ്പം ഇത്തിരി മുൻകരുതൽ കൂടിയുണ്ടെങ്കിൽ ദാമ്പത്യം സുഖകരമാകും. അതിനായി അറിഞ്ഞിരിക്കേണ്ട ചില പ്രശ്നങ്ങളുണ്ട്. ചില കുഞ്ഞുകുഞ്ഞു പ്രതിസന്ധികൾ.

പലപ്പോഴും പ്രതീക്ഷയ്ക്കു വിപരീതമായ കാര്യങ്ങളാണ് വിവാഹജീവിതത്തിൽ കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹത്തിന് വലിയ പ്രാധാന്യമുണ്ടെന്നിരിക്കേ ഇന്ത്യന്‍ ദമ്പതികള്‍ക്കിടയിലാണ് വിവാഹത്തോടെ ജീവിതം അപ്പാടെ മാറി എന്ന തോന്നല്‍ കൂടുതലായി കണ്ടു വരുന്നത്.
പ്രണയ വിവാഹമായാലും ശരി അറേഞ്ച്ഡ് മാര്യേജ് ആയാലും ശരി ഇന്ത്യന്‍ ദമ്പതികള്‍ കടന്നു പോകുന്ന മാറ്റങ്ങള്‍, അല്ലെങ്കില്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ എല്ലാ സംസ്ഥാനത്തും ഏതാണ്ട് ഒരുപോലെയൊക്കെ തന്നെയാണ്. പൊതുവായ ചില സങ്കീര്‍ണതകള്‍ ഇതെല്ലാമാണ് 

  • ഇന്ത്യക്കാരുടെ ആഭരണഭ്രമം ചെറുതൊന്നുമല്ല. ദേഹം നിറയെ ആഭരങ്ങളുമായാണ് ഓരോ നവവധുവും പന്തലിലേക്കിറങ്ങുന്നത്. ഇഷ്ടമല്ലെങ്കില്‍ പോലും പലപ്പോഴും വിവാഹത്തിന്റെ അന്നും അതിനു ശേഷവും ആഭരങ്ങളണിയാന്‍ മിക്ക പെണ്‍കുട്ടികളും നിര്‍ബന്ധിതരാകാറുണ്ട്. ബന്ധുവീടുകളില്‍ വിരുന്നു പോകുമ്പോഴും ബന്ധുക്കള്‍ കാണാന്‍ വരുമ്പോഴും വീട്ടിലെ വിശേഷാവസരങ്ങളിലും സര്‍വാഭരണവിഭൂഷിതയായി നിന്നില്ലെങ്കില്‍ അമ്മായിഅമ്മയുടെ മുഖം കറുക്കുന്നത് കാണേണ്ടി വരും. 
  • അസ്ഥിത്വ പ്രതിസന്ധിയാണ് മിക്ക പെണ്‍കുട്ടികളും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. കല്യാണത്തിന് ശേഷം അവളുടെ പേര് തന്നെ ഭര്‍ത്താവിന്റേതാണ്. തന്റെ പേരിന് പിന്നില്‍ ചേര്‍ക്കുന്ന ഭര്‍ത്താവിന്റെ പേരിലാണ് പിന്നീട് അവളെ ലോകം കാണുന്നത്. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് പോകുന്നു എന്ന് പല പെണ്‍കുട്ടികള്‍ക്കും തോന്നുന്നതും അത് കൊണ്ട് തന്നെ 
  • സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം ചെന്ന് കയറിയ വീട്ടില്‍ കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. എല്ലാത്തിനും എല്ലാവരോടും സമാധാനം പറയേണ്ടി വരുന്ന അവസ്ഥ ചില്ലറ മാനസിക പ്രയാസങ്ങളൊന്നുമല്ല പെണ്‍കുട്ടികള്‍ക്കുണ്ടാക്കുന്നത്. അമ്മയെയും അമ്മായി അമ്മയെയും വേര്‍തിരിച്ച് കാണാതെ മരുമകള്‍ നോക്കിയാലും അമ്മായിഅമ്മയും അങ്ങനെ തന്നെ കണ്ടാലും ആ വേര്‍തിരിവ് കാണിക്കുന്നിടത്ത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാറുണ്ട്.
  • പരസ്പരം പ്രണിയിച്ചിരുന്നവര്‍ ആണെങ്കില്‍ പോലും വിവാഹശേഷം കാമുകനില്‍ നിന്നും കാമുകിയില്‍ നിന്നും ഭര്‍ത്താവും ഭാര്യയുമായി പ്രൊമോഷന്‍ കിട്ടുന്നതോടെ ഇരുവരിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കളിച്ചു ചിരിച്ചു നടന്നിടത്ത് നിന്ന് പക്വതയും ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വരുമ്പോള്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് ഇരുവര്‍ക്കുമിടയില്‍ സംഭവിക്കുക . പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹത്തില്‍. ആ  മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നതും ദമ്പതികള്‍ക്കിടയില്‍ കണ്ടു വരുന്ന പ്രശ്‌നങ്ങളാണ്.
  • രണ്ടു പേര്‍ക്കും ജോലിയുണ്ടെങ്കിലും വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ ആരുടെ ഉത്തരവാദിത്വമാണ് എന്നതിന്റെ പേരിലും പലപ്പോഴും പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഒരു കുടുംബമായി കഴിഞ്ഞാല്‍ അവിടുത്തെ കാര്യങ്ങള്‍ നോക്കേണ്ടത് രണ്ടു പേരുടെയും ഉത്തരവാദിത്തമായി കണ്ടു സന്തോഷത്തോടെ സ്വീകരിച്ചാല്‍ തീരാവുന്നതേ ഉള്ളു ആ പ്രശ്‌നം.
  • അമ്മായിഅമ്മ-മരുമകള്‍ പോരാട്ടം മിക്ക ഇന്ത്യന്‍ കുടുംബങ്ങളിലും സംഭവിക്കുന്നതാണ്. ഇതിന്റെ ഇടയില്‍ കുടുങ്ങി ആരുടെ ഭാഗം നില്‍ക്കണമെന്ന് അറിയാത്ത ആശയക്കുഴപ്പമാണ് പുരുഷന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി .
  • സ്വന്തം വീടിനേയും വീട്ടുകാരെയും മിസ് ചെയ്യുന്നതാണ് പെണ്‍കുട്ടികളെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്‌നം. കാണണമെന്ന് തോന്നുമ്പോഴൊക്കെ അവരുടെ അടുത്തേക്ക് ഓടി ചെല്ലാന്‍ കഴിയാത്തത് കുറച്ചൊന്നുമല്ല അവളെ മനഃസംഘര്‍ഷത്തിലാക്കുന്നത്.