ദാമ്പത്യത്തിന്റെ സ്‌നേഹത്തിനും ഊഷ്മളതക്കും മൂന്നു വര്‍ഷത്തെ ആയുസ്സേയുളളൂ എന്നാണല്ലോ പൊതുവേയുളള പറച്ചില്‍. എന്നാല്‍ ചില ദമ്പതികളെ കണ്ടിട്ടില്ലേ കല്യാണത്തിന്റെ ആദ്യ ദിനങ്ങളിലുണ്ടായിരുന്ന അതേ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നവര്‍. അവരുടെ ജീവിതത്തെ നോക്കി അസൂയപ്പെട്ടിരിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ അവരുടെ ജീവിതത്തില്‍ മാത്രം എന്താണ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതെന്ന് ? അവര്‍ക്കിടയിലെ ഈ കെട്ടുറപ്പിന്റെ രഹസ്യമെന്താണെന്ന് ?

അവരുടെ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ട്. പക്ഷേ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയാണ് അവരുടെ ജീവിതത്തെ കെട്ടുറപ്പുളളതാക്കുന്നത്. പരസ്പരം മനസ്സിലാക്കാനും സ്‌നേഹിക്കാനും ക്ഷമിക്കാനും കഴിയുന്നത് കൊണ്ടാണ് അവര്‍ക്ക് ജീവിതത്തിന്റെ ആസ്വാദ്യത ഇനിയും നഷ്ടപ്പെടാത്തത്. ബന്ധങ്ങളെ കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തുന്ന സൈക്കോളജിസ്റ്റുകള്‍ സ്ത്രീ പുരുഷ ബന്ധങ്ങള്‍ കടന്നു പോകുന്ന വിവിധ ഘട്ടങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

പ്രിയയും രാഹുലും ഒരേ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. കോളേജ് ഫെസ്റ്റിന്റെ അണിയറയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പല വിഷയങ്ങളിലും താല്പര്യങ്ങള്‍ ഒരുപോലെയാണെന്ന് തിരിച്ചറിഞ്ഞതോടെ പരസ്പരമുളള അകലം കുറഞ്ഞു. സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. പ്രിയയുടെ സൗന്ദര്യത്തേക്കാളും അവളുടെ സ്വഭാവമായിരുന്നു രാഹുലിനെ പ്രിയയിലേക്ക് അടുപ്പിച്ചത്. അതുപോലെ തന്നെ പ്രിയയേയും. പരസ്പരം യാതൊരു തെറ്റു കുറ്റങ്ങളും കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. പരസ്പരം പ്രണയിക്കാന്‍ ഇരുവരും മത്സരിക്കുകയായിരുന്നു. പ്രിയയിലും രാഹുലിലും പ്രണയം മാത്രം നിറച്ച ഈ സമയത്തെയാണ് സൈക്കോളജിസ്റ്റുകള്‍ സ്ത്രീ പരുഷബന്ധത്തിന്റെ ആദ്യഘട്ടമായ റൊമാന്‍സ് സ്റ്റേജ് എന്നു പറയുന്നത്.

പ്രണയം ദാമ്പത്യത്തിലേക്കു വഴിമാറിയപ്പോള്‍ പ്രിയയില്‍ രാഹുല്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പണ്ടത്തെ സ്‌നേഹമൊന്നും പ്രിയയില്‍ കാണാനായില്ല രാഹുലിന്. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം പറയുന്നതിനു വേണ്ടി മാത്രമാണ് പ്രിയ വാ തുറക്കുന്നതെന്ന് തന്നെ എന്ന് രാഹുലിന് തോന്നി തുടങ്ങി. ഇതേ ചിന്തയില്‍ തന്നെയായിരുന്നു പ്രിയയും. രാഹുലിന് പ്രിയയുടെ കാര്യത്തില്‍ പണ്ടുണ്ടായിരുന്ന കരുതലോ സ്‌നേഹമോ ഇല്ലെന്ന് പ്രിയ കണ്ടു പിടിച്ചു. ഓരോ ദിവസവും വഴക്കുണ്ടാക്കാനായി രാഹുല്‍ ഓരോ കാരണങ്ങള്‍ മന:പൂര്‍വ്വം കണ്ടെത്തുകയാണോ എന്നു പോലും പ്രിയ സംശയിച്ചു. പ്രണയിക്കുമ്പോള്‍ ഒരേ താല്പര്യങ്ങളുണ്ടായിരുന്നവര്‍ വിവാഹശേഷം വിരുദ്ധാഭിപ്രായങ്ങളുമായി പോരടിക്കാന്‍ തുടങ്ങി. ഒരു വിട്ടുവീഴ്ച്ചക്ക് ഇരുവരും തയ്യാറായില്ല. 

പരസ്പരം കുറ്റങ്ങള്‍ മാത്രം ചികയുന്ന ഈ ഘട്ടമാണ് പവര്‍ സ്ട്രഗിള്‍ സ്റ്റേജ്. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിയുന്നതോടെ സ്ട്രഗിളിംഗ് പിരീഡ് ആരംഭിക്കും. വിവാഹമോചനങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് ഈ സമയത്താണ്. ബന്ധത്തില്‍ ആര് ആധിപത്യം സ്ഥാപിക്കണം എന്നതിനെ ചൊല്ലിയുളള അറിഞ്ഞും അറിയാതെയുമുളള മത്സരങ്ങളാണ് പലപ്പോഴും ഇത്തരമൊരവസ്ഥയിലേക്ക് ദമ്പതികളെ നയിക്കുന്നത്.

പ്രിയയേയും രാഹുലിനേയും സംബന്ധിച്ച് ഇൗ ഘട്ടത്തില്‍ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമായിരുന്നില്ല. ബന്ധങ്ങളുടെ വിലയറിയുന്ന ബന്ധുക്കളും മാതാപിതാക്കളുമാണ് ഏറ്റവും ദുര്‍ഘടമായ ഈ ഘട്ടം മറികടക്കാന്‍ അവരെ സഹായിച്ചത്. തുടര്‍ന്ന് സ്റ്റബിലിറ്റി സ്റ്റേജിലേക്ക് കടന്നതോടെ പങ്കാളികളെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മനസ്സ് ഇരുവര്‍ക്കും കൈവന്നു. ഇരുവരുടേയും അഭിപ്രായങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കിത്തുടങ്ങി. റൊമാന്‍സ് സ്റ്റേജില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഊഷ്മളതയും ദൃഢതയും അവരുടെ ബന്ധത്തിന് മെല്ലെ കൈവന്നു.ഇവര്‍ക്കിടയില്‍ പ്രതിബദ്ധയുടെ കെട്ടുകള്‍ മുറുകി. സിനിമകളില്‍ കണ്ടതോ പ്രണയ നോവലുകളില്‍ വായിച്ചതോ അല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞു.

പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും പോരയ്മകളും ഗുണങ്ങളും ഒരേ മനസ്സോടെ സ്വീകരിക്കാന്‍ തയ്യാറാകുന്നതോടെ പരസ്പരമുള്ള പ്രതിബദ്ധതയേക്കാള്‍ ദാമ്പത്യത്തിന്റെ പരമാനന്ദം അനുഭവിച്ചു തുടങ്ങും. പ്രിയയും രാഹുലും അതു തിരിച്ചറിഞ്ഞു കഴിഞ്ഞു.

ദമ്പതികള്‍ക്കിടയില്‍ ആദ്യം വേണ്ടത് പരസ്പരമുളള ബഹുമാനമാണ്. ഇരുവരും പരസ്പരം വ്യക്തികളാണെന്ന് അംഗീകരിക്കണം. പങ്കാളികളുടെ വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. നിങ്ങളുടെ ചൊല്ലുവിളികള്‍ക്കനുസരിച്ച് ആടാനുളള പാവയാണ് അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് പങ്കാളിയെന്ന കാഴ്ചപ്പാട് തിരുത്തണം. ഇതിനെല്ലാം വേണ്ടത് പരസ്പരമുളള ബഹുമാനമാണ്. പരസ്പരമുളള ബഹുമാനത്തില്‍ നിന്നും ശ്രദ്ധ കൊടുക്കലില്‍ നിന്നുമാണ് സ്‌നേഹം ഉടലെടുക്കേണ്ടത്. അപ്പോള്‍ സ്‌നേഹത്തിന് ആഴം കൂടും.