കാമുകി ബ്യൂട്ടിപാര്‍ലറില്‍ പോവുകയാണെന്ന് പറയുമ്പോള്‍ പുച്ഛിക്കുന്ന കാമുകനാണോ നിങ്ങള്‍? അതോ അവള്‍ക്കൊപ്പം അവിടെപ്പോയി കാത്തിരിക്കാന്‍ ക്ഷമയുള്ള ആളോ? ആദ്യത്തെ വിഭാഗത്തിലാണ് നിങ്ങളെങ്കില്‍ ഓര്‍ത്തോളൂ അവള്‍ അതൊക്കെ ആഗ്രഹിക്കുന്നുണ്ടെന്ന്!

ലിയാ ആദം എന്ന പത്തൊമ്പതുകാരിയും ഒരു കാമുകിയാണ്. പക്ഷേ, അവള്‍ക്കൊപ്പം ബ്യൂട്ടിപാര്‍ലറില്‍ വരണമെന്ന് സ്വപ്‌നത്തില്‍ പോലും ആഗ്രഹിക്കാത്ത ഒരു കാമുകനാണ് അവള്‍ക്കുള്ളത് എന്ന് മാത്രം. തന്നെ പാര്‍ലറില്‍ കൊണ്ടുവിടാന്‍ പോലും മനസ്സിലാത്ത കാമുകനോട് പരിഭവിച്ചാണ് ആ ദിസവും അവള്‍ അവിടേക്ക് പോയത്. പക്ഷേ, ബ്യൂട്ടിപാര്‍ലറില്‍ അവളെ കാത്തിരുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.

മാനിക്യൂര്‍ ചെയ്തുകൊണ്ടിരുന്ന ലിയയുടെ കാതുകളിലേക്ക് യാദൃശ്ചികമായാണ് അടുത്ത ടേബിളില്‍ നിന്നുള്ള സംഭാഷണം കയറിക്കൂടിയത്. കേട്ടത് ഒരു ആണ്‍ശബ്ദമായിരുന്നു, പറയുന്നതാവട്ടെ ആരെയോ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും! സംഗതി എന്താണെന്നറിയാന്‍ തിരിഞ്ഞുനോക്കിയപ്പോഴാണ് ലിയ അവരെ കണ്ടത്. ഒരു അമ്മയും മകനും കൂടെയൊരു പെണ്‍കുട്ടിയും!

parlour lovers

പെണ്‍കുട്ടിയ്ക്ക് മാനിക്യൂര്‍ ചെയ്യുകയാണ് കൂടെയുള്ള സ്ത്രീ. അവരുടെ മകന്റെ കാമുകിയാണ് ആ പെണ്‍കുട്ടി. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് അത്. ആദ്യം കാണുമ്പോള്‍ തന്നെ മാനിക്യൂര്‍ ചെയ്തുതരുന്ന അമ്മായിയമ്മ, ആഹാ എന്ത് മനോഹരമായ കാര്യം എന്നത് മാത്രമല്ല കഥയിലെ ട്വിസ്റ്റ്.

കാമുകന്‍ അവള്‍ക്ക് ചിക്കന്‍ നഗറ്റുകള്‍ വായില്‍വച്ച് കൊടുക്കുകയാണ്. അവള്‍ക്ക് വിശപ്പുണ്ടെന്ന് പറഞ്ഞിരുന്നു പോലും. മാനിക്യൂര്‍ ചെയ്യുകയായതിനാല്‍ അവള്‍ക്ക് തന്നെ കഴിക്കാനാവില്ലല്ലോ. കാമുകന്റെ സ്‌നേഹവായ്പിനു മുന്നില്‍ സ്വയം മറന്നിരിക്കുകയാണ് പെണ്‍കുട്ടി. ഇവരുടെ ഫോട്ടോയെടുത്ത് അപ്പോള്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു ലിയ.

ഇങ്ങനെയും ആണുങ്ങളുണ്ടെന്ന് കാമുകന്‍ മനസ്സിലാക്കട്ടെ എന്നായിരുന്നു വിചാരം. പക്ഷേ,ട്വിറ്ററിലൂടെ സംഗതി വൈറലായി. നിരവധി പെണ്‍കുട്ടികളാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്, തങ്ങളുടെ കാമുകനും ഇത്ര സ്‌നേഹനിധിയായിരുന്നെങ്കിലെന്ന്!