ഫീസില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒരു കപ്പ് കാപ്പിക്കൊപ്പം ഭാര്യയുടെ സ്‌നേഹപൂര്‍വ്വമായ കുശലാന്വേഷണം കൂടി ആഗ്രഹിക്കുന്നവരാണ് ഭര്‍ത്താക്കന്മാര്‍. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ചാകും വന്നുകേറുമ്പോള്‍ ഒരു കപ്പ് കാപ്പിക്കൊപ്പം പരാതികളുടെ ഒരു നീണ്ട ലിസ്റ്റാകും ഭാര്യ നിരത്തുക. വന്നുകേറിയപ്പോഴേക്കും തുടങ്ങി അവളുടെ പരാതി എന്ന മനോഗതത്തില്‍ നിന്നും ചിലപ്പോള്‍ അയല്‍ക്കാര്‍ കേള്‍ക്കുന്ന വഴക്കിലേക്ക് വരെ കാര്യങ്ങള്‍ ചെന്നെത്തും.

നിന്നെ വിവാഹം ചെയ്തതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് രണ്ടുപേരും മാറി മാറി കുറ്റപ്പെടുത്തും. സ്വന്തം ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് നിഷേധാത്മകത പടര്‍ത്തും. നിഷേധാത്മകത പങ്കാളികളുടെ കുറ്റം കണ്ടുപിടിക്കുക, അവരെ അനാവശ്യമായി വിലയിരുത്തുക എന്നിവയിലേക്ക് എത്തിക്കും ഫലമോ വിവാഹമോചനവും.

നിഷേധാത്മകത എങ്ങനെ ഒഴിവാക്കാം.

 

നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നവരാണെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ നിഷേധാത്മകത ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അത്തരക്കാര്‍ നിങ്ങളുടെ പങ്കാളികളുടെ ദോഷവശങ്ങളേക്കാള്‍ ഗുണവശങ്ങളായിരിക്കും നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. അല്ലാത്തവര്‍ നിങ്ങളുടെ പങ്കാളികളുടെ കുറ്റങ്ങള്‍ ഒന്നൊഴിയാതെ നിങ്ങള്‍ക്ക് പറഞ്ഞ് തരും. എത്ര വലിയ അടുപ്പമുള്ളവരായാലും നിങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള മറ്റുള്ളവരുടെ എത്തിനോട്ടം കുറക്കുന്നത് തന്നെയാണ് നല്ലത്. അത്തരക്കാരുടെ അഭിപ്രായത്തിനനുസരിച്ച് തീരുമാനങ്ങളെടുക്കുന്ന ഒരാളായി മാറിയാല്‍ ജീവിതം കൈപ്പിടില്‍ നിന്ന വഴുതിപ്പോയേക്കാം.

ജീവിതത്തിന് നെഗറ്റീവ് ഛായ വരുന്ന മറ്റൊരു സന്ദര്‍ഭം നിങ്ങളുടെ ജീവിതം മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോഴാണ്. മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതം താരതമ്യം ചെയ്യുമ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ നല്ല വശങ്ങള്‍ പലതും നിങ്ങള്‍ കാണാതെ പോകും. മറ്റുള്ളവരുടെ ജീവിതത്തിലെ സുഖസൗകര്യങ്ങളോ ഭാഗ്യമോ തനിക്കില്ലെന്നും തോന്നിത്തുടങ്ങും. മറ്റുള്ളവരുടെ ജീവിതത്തിലെ വര്‍ണ്ണശബളിമകള്‍ മാത്രം അനുകരിക്കുന്നതിന് പകരം അവരുടെ ജീവിതത്തില്‍ നിന്നും നല്ല മൂല്യങ്ങളായിരിക്കണം സ്വാംശീകരിക്കേണടത്. അവനവന്റെ പോക്കറ്റിന്റെ വലിപ്പമനുസരിച്ചുള്ള അനുകരണമല്ല നിങ്ങള്‍ നടത്തുന്നതെങ്കില്‍ വലിയ ദുരന്തമായിരിക്കും നിങ്ങളെ തേടിയെത്തുക.

മറ്റൊന്ന് നിങ്ങളുടെ പങ്കാളിയിലുള്ള വിശ്വാസമാണ്. പങ്കാളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ സംശയത്തിന്റെ പേരിലുളള വഴക്കുകള്‍ പതിവാകും. സ്വന്തം പങ്കാളിയെ ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മൂന്നാമതൊരാള്‍ പറയുന്ന ഇല്ലാവചനങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കില്ല.

ദാമ്പത്യത്തിന്റെ ഊഷ്മളതയെ തകര്‍ക്കുന്ന മറ്റൊന്നാണ് ജോലിത്തിരക്കുകള്‍. രണ്ടു പേരുടേയും രണ്ടുസമയങ്ങളിലുള്ള ഫിഫ്റ്റുകള്‍ ദമ്പതികള്‍ പരസ്പരം കാണാതിരിക്കാനുള്ള സാഹചര്യം അവര്‍ തമ്മിലുള്ള അകല്‍ച്ചയിലേക്ക് എത്തിച്ചേക്കാം. വൈകാരികബന്ധനം നഷ്ടപ്പെട്ടേക്കാം. പകരം മറ്റൊരു പുതിയ ബന്ധത്തിലേക്ക് അത് എത്തിച്ചുകൂടാ എന്നുമില്ല. അതുകൊണ്ട് ഒന്നിച്ചിരുന്ന് ചെലവഴിക്കാനുള്ള സമയം കണ്ടെത്തേണ്ടത് അനിവാര്യം തന്നെയാണ്. പരസ്പരം അഥവാ എന്തെങ്കിലും തെറ്റിദ്ധാരണകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.