പ്രണയം ഓരോരുത്തരിലും ഓരോ തരത്തിലാണ് വന്നു ചേരുക. ചിലര്‍ക്ക് ആദ്യ കാഴ്ചയില്‍, ആദ്യ സംഭാഷണത്തില്‍, ദീര്‍ഘ നാളായുള്ള സൗഹൃദങ്ങളില്‍ അങ്ങനെ പലവിധത്തിലാണ് തങ്ങളുടെ പ്രണയം ഓരോരുത്തരും കണ്ടെത്തുന്നത്. തുടക്കത്തിലെ പ്രണയം കാലം ചെല്ലുമ്പോള്‍ അതേ തീവ്രതയോടെ നിലനില്‍ക്കുന്നതു ചിലരില്‍ മാത്രം. തുടക്കം മുതല്‍ അവസാനം വരെ പ്രണയത്തെ അതേ ആവേശത്തില്‍ കൊണ്ട് നടക്കുന്നവര്‍ വളരെ വിരളം. പ്രണയത്തില്‍ വീഴുക എന്നത് മാത്രമല്ല പ്രണയത്തില്‍ നിന്നും വീഴുക എന്നതും ലോകത്തു സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ആരും തുറന്നു പറയാറില്ല എന്ന് മാത്രം.

തുടക്കത്തിലെ അഗ്‌നി കെട്ട് പോകാതെ അവസാനം വരെ കൊണ്ട് പോകുന്നതിലാണ് ഏതൊരു ബന്ധത്തിന്റെയും വിജയം. പങ്കാളിയില്‍ നിന്നും അകന്നു പോകുന്നുവെന്നോ പണ്ടത്തെ പ്രണയം എവിടെയോ നഷ്ടപെട്ടുവെന്നോ തോന്നാറുണ്ടോ ? ഈ കാര്യങ്ങള്‍ ആ ഭയം സത്യമാണോ എന്ന് പറയും. 

ഒന്നും പഴയത് പോലെയല്ല എന്ന തോന്നല്‍ ഉള്ളില്‍ നിറയും. നിങ്ങളുടേത് മാത്രമായ നിമിഷങ്ങളെ ഒഴിവാക്കാന്‍ തുടങ്ങും. കൂട്ടുകാരുടെയും വീട്ടുകാരുടെയും ഒപ്പം സമയം ചിലവഴിക്കുന്നതിന്റെ കാല്‍ ഭാഗം പോലും പങ്കാളിയോടൊത്തു കഴിയാന്‍ നിങ്ങള്‍ ഇഷ്ടപെടുന്നുണ്ടാകില്ല. 

പങ്കാളിയുടെ കോളുകളോ മെസ്സേജുകളോ നിങ്ങളെ പഴയ പോലെ ആവേശം കൊള്ളിക്കില്ല. അതിനു വേണ്ടി കാത്തിരുന്ന നിങ്ങള്‍ ഇപ്പോഴത്തെ നിങ്ങളില്‍ നിന്നും വളരെ ദൂരെയാണെന്നു മനസിലാക്കാന്‍ തുടങ്ങും.

കുറച്ച് നാളുകള്‍ തമ്മില്‍ കാണാതിരുന്നാലോ സംസാരിക്കാതിരുന്നാലോ വലിയ മാറ്റമൊന്നും നിങ്ങള്‍ക്കനുഭവപ്പെടില്ല.
 
പങ്കാളിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കാര്യവും നിങ്ങള്‍ അറിയാന്‍ ശ്രമിക്കില്ല. പങ്കാളി അത് തുറന്നു പറഞ്ഞില്ലെങ്കിലും നിങ്ങളെ ബാധിക്കില്ല. 

ഭാവിയെ പറ്റിയുള്ള സ്വപ്നങ്ങളോ , സംസാരങ്ങളോ നിങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങും. മുന്‍പോട്ട് ഒരുമിച്ചുള്ള ജീവിതം നിങ്ങളുടെ വിദൂര ആഗ്രഹങ്ങളില്‍ നിന്ന് പോലും മാഞ്ഞ് തുടങ്ങും.

മറ്റ് ദമ്പതികളെ കാണുന്നത് നിങ്ങള്‍ക്ക് വേദന സമ്മാനിക്കാന്‍ തുടങ്ങും. മറ്റുള്ളവരുടെ ജീവിതത്തെ അസൂയയോടെയും സ്വന്തം ജീവിതത്തെ പുച്ഛത്തോടെയും നോക്കിക്കാണാന്‍ തുടങ്ങും. 

എത്ര സമയമുണ്ടായാലും പങ്കാളിക്ക് വേണ്ടി അല്‍പ സമയം പോലും നീക്കി വെക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ലാതെയായി തുടങ്ങും.
 
അതുപോലെ സ്വന്തം സന്തോഷങ്ങളും സങ്കടങ്ങളും പങ്കാളിയുമായി പങ്കു വെയ്ക്കാനും, അവരോടും കൂടി ആലോചിച്ച് എന്തെങ്കിലും തീരുമാനങ്ങളെടുക്കാനും നിങ്ങള്‍ ആഗ്രഹിക്കാതെയാകും. 

കിടപ്പറയില്‍  പോലും രണ്ടു ധ്രുവങ്ങളായി മാറാന്‍ തുടങ്ങും

ഒരുമിച്ച് ചെയ്ത പല രസകരമായ കാര്യങ്ങള്‍ പോലും ഇന്ന്  നിങ്ങള്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളായി മാറും.
 
ഒരുമിച്ചിരിക്കുമ്പോള്‍ പോലും നിങ്ങള്‍ക്കുള്ളില്‍ എന്തോ നഷ്ടപെടുന്നുവെന്ന തോന്നല്‍ ശക്തമായിക്കാണ്ടിരിക്കും 

ഇതെല്ലം നിങ്ങള്‍ക്കുള്ളില്‍ നിന്നും പ്രണയം അകന്നു പോകുന്നതിന്റെ ചില സൂചനകള്‍ മാത്രമാണ്. ഈ കാര്യങ്ങള്‍ ഇവിടെ ഓര്‍മിപ്പിക്കുന്നത് തമ്മില്‍ പിരിയാന്‍ വേണ്ടിയല്ല. മറിച്ച് ഇതില്‍ ഏതെങ്കിലും നിങ്ങള്‍ക്കനുഭവപ്പെടുന്നെങ്കില്‍ ആ സത്യം മനസ്സിലാക്കി നിങ്ങളുടെ ബന്ധത്തിനും അതിന്റെ കെട്ടുറപ്പിനുമായി അവ തിരുത്തുക. എല്ലായ്പോഴും ഒരു പോലെയിരിക്കാന്‍ മനുഷ്യനെന്ന നിലയ്ക്ക് സാധിച്ചെന്ന് വരില്ല. പക്ഷെ അത് കണ്ടറിഞ്ഞ് തിരുത്തുവാന്‍ നമുക്ക് കഴിയുന്നതും മനുഷ്യരായതു കൊണ്ട് തന്നെ. പ്രണയത്തേക്കാള്‍ മഹത്തരമായ മറ്റെന്തുണ്ട്.