vidya

ഒരു സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കാറ്?

സാധാരണ ഒരു സ്‌ക്രിപ്റ്റ് കേട്ടാല്‍ ചെയ്യണോ വെണ്ടയോ എന്ന് സമയമെടുത്താണ് ഞാന്‍ തീരുമാനിക്കുക. കഥ കേട്ടോണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ എന്നെ നായികയാക്കി ആ സിനിമ സങ്കല്‍പ്പിക്കും. അതില്‍ത്തന്നെ മനസ്സിലാക്കാം അത് പ്രേക്ഷകരുമായി ഒരു വൈകാരികബന്ധം സ്ഥാപിക്കുമോ ഇല്ലയോ എന്ന്. ചിലപ്പോള്‍ എല്ലാം കറക്ടായിരിക്കും. പക്ഷെ ആ വൈകാരികബന്ധം ഉണ്ടാവില്ല. 

സുരേഷ് ത്രിവേണി 'സുലു'വിന്റെ കഥ കേള്‍പ്പിച്ചപ്പോള്‍ ഞാനുടനെത്തന്നെ ചെയ്യാമെന്ന് സമ്മതിച്ചു. സുരേഷ് വിശ്വസിച്ചില്ല.'എന്റെ സ്‌ക്രിപ്റ്റില്‍ത്തന്നെ ഒരു സമ്മതിപത്രം എഴുതിത്തരൂ' എന്നായി. ഞാനെഴുതുകയും ചെയ്തു.(ചിരിക്കുന്നു) പലയിടത്തും എന്റെ അമ്മയായിരുന്നു സുലു. വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്ന ഒരു യാഥാസ്ഥിതിക മിഡില്‍കഌസ് ഫാമിലിയിലെ സ്ത്രീ. പറയാന്‍ ഉദ്യോഗസ്ഥയല്ല. പക്ഷെ പണി ഒഴിഞ്ഞ നേരവുമില്ല. എന്നേയും ചേച്ചിയേയും സ്‌കൂളില്‍ വിടണം. വീട്ടുജോലികള്‍ ചെയ്യണം. പനി വന്നാല്‍ പോലും വിശ്രമിക്കാന്‍ പറ്റില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും ഓഫീസില്‍ പോകുന്ന അച്ഛനെ പറ്റി അഭിമാനത്തോടെ സംസാരിച്ചു. പക്ഷെ അമ്മയെ ഞങ്ങളൊരിക്കലും കണ്ടില്ല. ഇതൊക്കെ എത്ര സുന്ദരമായാണ് സുരേഷ് പ്രതിപാദിച്ചിരിക്കുന്നത്! 

Vidya
ലേഖിക വിദ്യക്കൊപ്പം

 

കമലിന്റെ മാധവിക്കുട്ടിയുടെ കഥപറയുന്ന ചിത്രം വേണ്ടെന്ന് വച്ചത് വലിയ വിവാദമായല്ലോ. വേണ്ടായിരുന്നെങ്കില്‍ എന്തിനായിരുന്നു ആദ്യം സ്വീകരിച്ചത്?

കമല്‍ സാറിന്റെ മലയാളം പടത്തിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. ആ പടം നടന്നില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഒരുപാട് പടങ്ങളില്‍ നിന്ന് ഞാനൊഴിവാക്കപ്പെട്ടു. രാശിയില്ലാത്തവള്‍ എന്ന പേരും വീണു. ആ സങ്കടം മാറിക്കിട്ടാന്‍ സമയമെടുത്തു. വീണ്ടുമൊരു മലയാളം പടം ചെയ്യാന്‍ സമയമായി എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴാണ് കമല്‍ സാര്‍ മാധവിക്കുട്ടിയുടെ ആത്മകഥ ചെയ്യാനായി വിളിക്കുന്നത്.

ഞാന്‍ ചെയ്യുമെങ്കില്‍ അഞ്ച് വര്‍ഷം വരെ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കമലാദാസിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ അധികമൊന്നും അവരെക്കുറിച്ച് എനിക്കറിയില്ല. അവരെക്കുറിച്ച് വായിച്ചും അവരുമായി അടുപ്പമുള്ളവരോട് സംസാരിച്ചും ഞാന്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസിലാക്കാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അവര്‍ എന്ന് മനസ്സിലായി. അങ്ങനെ എന്റെ അടുത്ത മലയാളം പടവും കമല്‍സാറിന്റെ കൂടെത്തന്നെയാവട്ടെ എന്ന് തീരുമാനിച്ചു. 

പിന്നെ എന്തിനാണ് അവസാനനിമിഷം വേണ്ടെന്ന് വെച്ചത്?

കഴിഞ്ഞത് കഴിഞ്ഞു. ഇനി അതും പറഞ്ഞിട്ട് കാര്യമില്ലല്ലോ. പടം വേണ്ട എന്ന് വെച്ചതിന്  ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റുന്ന ഉത്തരമല്ല എനിക്കുള്ളത്. ഞാന്‍ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. 

കമലാദാസിനെക്കുറിച്ച് കുറച്ചൊന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും അവര്‍ എത്രത്തോളം ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു. അത്രയും ശക്തമായ വ്യക്തിത്വമുള്ള ഒരാളായി അഭിനയിക്കണമെങ്കില്‍ എനിക്കും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അവരെക്കുറിച്ച് വളരെ ഗാഢമായി അറിയണം. ഇവിടെ എന്റെയും കമല്‍ സാറിന്റെയും വീക്ഷണങ്ങള്‍ രണ്ടായിപ്പോയി. ഞാനഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടെ ഒരുപാട് സമയം ചെലവഴിക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെ ചെയ്യുന്ന പടത്തെക്കുറിച്ചുള്ള സംവിധായകന്റെ വീക്ഷണം എന്താണെന്നതും ശരിക്കറിഞ്ഞേ പറ്റൂ. പക്ഷേ ഇതൊന്നും ഞാനുദ്ദേശിച്ച മാതിരി നടന്നില്ല. 'ക്രിയേറ്റീവ് ഡിഫറന്‍സ്' എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ പടത്തില്‍ നിന്നും പിന്‍മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാന്‍ എനിക്കാവില്ല. അതിനുള്ള സഹകരണം എനിക്ക് കിട്ടിയതുമില്ല. 

Vidya
അച്ഛന്‍ ബാലന്‍, അമ്മ സരസ്വതി, ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പം വിദ്യ

 

വിദ്യ ആമി ചെയ്യാഞ്ഞത് നന്നായി. പടത്തില്‍ സെക്ഷ്വാലിറ്റി കടന്നുകൂടിയേനെ എന്ന് കമല്‍ ഈയിടെ പറഞ്ഞല്ലോ?

ഒരു പ്രതികരണം പോലും ആ കമന്റ് അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെക്കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടുമുതലേ നടക്കുന്നതാണ്. ഇതിലധികം ഇതേക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. 

ഈ അനുഭവങ്ങള്‍ സ്വല്‍പം കയ്പ് തരുന്നില്ലേ?

ഒട്ടുമില്ല. പക്ഷേ ഇനി ഞാന്‍ മലയാളം സിനിമ ചെയ്യില്ല. നെവര്‍ സെ നോ എന്നാണ് പറയാറ്. പക്ഷേ എനിക്ക് തോന്നുന്നില്ല, ഇനി ഞാന്‍ മലയാളം ചെയ്യുമെന്ന്. രണ്ട് തവണയായി ഇത് സംഭവിക്കുന്നു. 

Coverകൂടുതല്‍ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Content Highlights: Vidya Balan, Malayalam Movie Aami