കുട്ടികള്‍ക്ക് മുമ്പില്‍ അച്ചടക്കത്തോടെ നിന്ന് സ്‌കേറ്റിംഗ് പഠിക്കുന്ന പോലീസുകാരുടെ വാര്‍ത്തയും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ വൈറലായത് ഈയിടെയാണ്. മധ്യപ്രദേശിലെ പന്നാ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് വലിപ്പചെറുപ്പം നോക്കാതെ സ്‌കേറ്റിംഗ് പഠിക്കാന്‍ കുട്ടികള്‍ക്ക് ശിഷ്യപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കേറ്റ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ജാന്‍വാര്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു ഗുരുക്കന്മാരായ ആ  കുട്ടികള്‍.

2020 ഒളിമ്പിക്‌സില്‍ മത്സര ഇനമായി സ്‌കേറ്റ്‌ബോര്‍ഡിംഗ് ഉള്‍പ്പെടുത്തിയ വാര്‍ത്ത ജാന്‍വര്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത് വലിയൊരു വാതിലാണ്. പോലീസുകാരെ വയറില്‍ പിടിച്ചും കൈയില്‍ പിടിച്ചും സ്‌കേറ്റിംഗ് പഠിപ്പിച്ച് വാര്‍ത്തയില്‍ നിറഞ്ഞ ഈ കുരുന്നുകള്‍ ഒരുപക്ഷേ നാളെ വാര്‍ത്തയാകുന്നത് ഒളിമ്പ്യന്‍ എന്ന പേരിലായിരിക്കും.

ഇന്ത്യയിലെ  ഉള്‍ഗ്രാമമായ ജാന്‍വറിലെ കുട്ടികളെ മുഴുവന്‍ സ്‌കേറ്റിംഗ് പഠിപ്പിക്കാനിറങ്ങിയത് ഒരു ജര്‍മന്‍ വനിതയാണ്; യുള്‍റിക്ക് റെയ്ന്‍ഹാര്‍ഡ്.  ഇതിനായി മധ്യപ്രദേശില്‍ ജാന്‍വര്‍ കാസില്‍ എന്ന ഒരു സംഘടനക്കും ഇവര്‍ തുടക്കമിട്ടു. 

 എന്താണ് ജാന്‍വര്‍ കാസില്‍? പരിചയപ്പെടുത്താമോ? 

ജാന്‍വര്‍ കാസില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ജനിച്ചിട്ട് വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ, 2016 ജനവരിയില്‍. 2014-ല്‍ ജാന്‍വര്‍ കാസില്‍ എന്ന പേരില്‍ ഈ ആശയത്തിന് ഒരു സ്വകാര്യ പ്രാരംഭം എന്ന നിലയില്‍ ഞാന്‍ തുടക്കം കുറിച്ചിരുന്നു. ഇതൊരു എന്‍.ജി.ഒ ഒന്നുമല്ല.

സ്‌കേറ്റ് പാര്‍ക്കിനെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കായി ഒരു പഠനസാഹചര്യം ഒരുക്കിയിരിക്കുകയാണ് ഈ പദ്ധതിയിലൂടെ. ജാന്‍വര്‍ ഗ്രാമവാസികളുടെ, പ്രത്യേകിച്ച് അവിടെയുളള കുട്ടികളുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുള്ളത്. 

മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനേക്കാള്‍ എന്താണോ തൊട്ടടുത്ത നിമിഷം മുന്നില്‍ വരുന്നത് അതിനെ അഭിമുഖീകരിക്കുക എന്ന ഒരു രീതിയാണ് ഞാന്‍ പിന്തുടരുന്നത്. അതിനുദാഹരണാണ് കാസിലിലെ കുട്ടികള്‍ പോലീസുകാര്‍ക്ക് നല്‍കിയ ട്രെയിനിംഗ്. 

Ulrick

പോലീസുകാരെ കുട്ടികള്‍ സ്‌കേറ്റിംഗ് പഠിപ്പിക്കുക, അത്തരമൊരു ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്? 

ജാന്‍വര്‍ കാസിലിനെ സംബന്ധിക്കുന്ന ഫോട്ടോഷൂട്ടിന് അനുയോജ്യമായ ഒരു സ്ഥലം നോക്കി പന്നാ മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു ഞാന്‍. ജാന്‍വറിലെ രണ്ടുകുട്ടികളും എനിക്കൊപ്പം ഉണ്ടായിരുന്നു. സ്ഥലം നോക്കുന്നതിനിടയില്‍ ഒരു പതിനാലുകാരനായ പയ്യന്‍ എന്നോട് അപമര്യാദയായി പെരുമാറി. അതുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ പോകേണ്ടിയും വന്നു. പക്ഷേ അവന്റെ നിലപാടുകള്‍ കണ്ടപ്പോള്‍ ശിക്ഷ വാങ്ങി നല്‍കുക എന്നതിലുപരിയായി അവനെയും പന്നായിലെ ജനങ്ങളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തിങ്ങുമ്പോഴാണ് കൂടെ വന്ന കുട്ടികളുടെ സ്‌കേറ്റിംഗ് താല്പര്യത്തോടെ നോക്കി നില്‍ക്കുന്ന പോലീസുകാരെ കണ്ടത്. 

അതില്‍ ചിലര്‍ ഒന്നു ശ്രമിച്ച് നോക്കാനും തയ്യാറായി. പിന്നീടൊരിക്കല്‍ കൂടുതല്‍ കുട്ടികളുമായി ഞാന്‍ സ്റ്റേഷനിലെത്തുകയും പോലീസുകാരോട്‌ ശ്രമിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ എന്നെപോലും വിസ്മയപ്പെടുത്തിക്കൊണ്ട് അവര്‍ അതിന് തയ്യാറാവുകയുമായിരുന്നു. സത്യത്തില്‍ ഈ പരിശീലനത്തിലൂടെ പോലീസ് ബാലന്‍സ് നേടുന്നു എന്നതിനല്ല പ്രധാനം കുട്ടികളുമായി അവര്‍ ഒരു പാരസ്പര്യത്തില്‍ എത്തുന്നു എന്നുള്ളതിനാണ്. സാധാരണ നിയമത്തിന് ഉപരിയായി മറ്റൊരു സംഭാഷണത്തിന് താല്പര്യപ്പെടാത്തവരാണ് അവര്‍. 

Janwaar Boys

ജര്‍മനിയില്‍ നിന്ന് ഇന്ത്യയില്‍  വന്ന് ഇവിടുത്തെ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക , എന്തായിരുന്നു പ്രചോദനം? 

സത്യത്തില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഇന്ത്യയില്‍ എത്തിയതായിരുന്നു ഞാന്‍. ഇത്തരം ഒരു ഓര്‍ഗനൈസേഷന്‍ തുടങ്ങുമെന്നോ ഇന്ത്യയില്‍ തുടരുമെന്നോ സ്വപ്‌നത്തില്‍ ഞാന്‍ കരുതിയതല്ല. എല്ലാം നാലരവര്‍ഷത്തിനുള്ളില്‍ എങ്ങനെയൊക്കെയോ സംഭവിച്ച് പോയതാണ്. ആരുടെയോ മാസ്റ്റര്‍ പ്ലാന്‍ പോലെ. 

ജര്‍മനിയെ അപേക്ഷിച്ച് യുള്‍റിക്ക് ഇന്ത്യയില്‍ ദര്‍ശിച്ച പ്രത്യേകതകള്‍ എന്തായിരുന്നു? 

സമയം എന്ന ഒരാശയം ഇന്ത്യയില്‍ ഇല്ല എന്ന് തന്നെ പറയാം. അതിന്റെ എല്ലാ നന്മകളും തിന്മകളും ഉള്‍ക്കൊണ്ടു തന്നെ. മറ്റൊന്ന് ഇവിടുത്തെ സോഷ്യല്‍ ഫാബ്രിക്, ജര്‍മനിയെ അപേക്ഷിച്ച് കൂടുതല്‍ സങ്കീര്‍ണവും ചലനാത്മകവുമാണ് അത്; അതിന്റെ എല്ലാ നന്മകളോടും തിന്മകളോടും കൂടി തന്നെ. 

Janwaar Boys

എന്താണ് ഭാവി പരിപാടികള്‍? 

2020-ലെ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കുറച്ച് കുട്ടികള്‍ക്ക്‌ ജാന്‍വര്‍ കാസിലില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് അവരെ സ്‌കേറ്റ് ബോര്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണം എന്ന് കരുതുന്നു. സ്‌കേറ്റ്‌ബോര്‍ഡിംഗ് 2020 ഒളിമ്പിക്‌സില്‍ മത്സരഇനമായി ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അറിയിപ്പ് വന്നിട്ട് വളരെ കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ. 

നവംബറില്‍ ജാന്‍വര്‍ കാസില്‍ സ്‌കേറ്റ്‌ബോര്‍ഡിംഗ് ചാലഞ്ചിംഗ് സംഘടിപ്പിക്കണം. അതിലേക്കായി കുട്ടികളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കണം. 6-16നും ഇടയില്‍ പ്രായമുള്ള ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ജാന്‍വറില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇവിടെ എത്തണം. ഇന്ത്യയുടെ സ്‌കേറ്റിംഗ്‌ബോര്‍ഡ് കമ്മ്യൂണിറ്റി അതൊരു ഫെസ്റ്റിവല്‍ പോലെ കൊണ്ടാടും എന്നാണ് പ്രതീക്ഷ.