rathnasri iyerകൈവിരലുകളിലെ മാന്ത്രികത താളമായി ഒഴുകിയിറങ്ങുമ്പോൾ അടുത്തിരുന്ന് ഓടക്കുഴലിലും സിത്താറിലും നാദം തീർക്കുന്ന പ്രശസ്തരിൽ പലരും ആ കൈകളെ വാഴ്ത്തി. സ്ത്രീകൾ അധികം കൈവെക്കാത്ത തബലയിൽ വൈക്കംകാരി രത്നശ്രീ അയ്യർ താളത്തിന്റെ പെരുമഴ തീർത്തുകൊണ്ടേയിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ തബലവാദക, ഇന്ത്യയിലെ ആദ്യത്തെ വനിതാ തബലിസ്റ്റ് ഡോ. അബാൻ മിസ്രിയുടെ പേരിലുള്ള അവാർഡ് 2014 -ൽ കേരളത്തിലെത്തിച്ച പെൺകുട്ടി...രത്നശ്രീ അയ്യര്‍ സംസാരിക്കുന്നു

രസതന്ത്രത്തിൽ ബിരുദാനന്തരബിരുദമുള്ള രത്നശ്രീയിൽനിന്ന്  മുഴുവൻസമയ തബലവാദികയിലേക്കുള്ള യാത്ര...അതെങ്ങനെ ആസ്വദിക്കുന്നു?

അപ്രതീക്ഷിതമായി എത്തിയതാണ് ഈ വഴിയിൽ. തീർത്തും വ്യത്യസ്തമായ യാത്ര. രസതന്ത്രത്തിൽനിന്ന് വഴിമാറി താളത്തിനൊപ്പം ഒരു സഞ്ചാരം. കയ്പുംമധുരവും നിറഞ്ഞ വഴികളിലൂടെയാണ് ഇതുവരെയെത്തിയത്. ഇപ്പോൾ ഞാനിത് ആസ്വദിക്കുകയാണ്. 

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിത ക്ലാസിക്കൽ തബലിസ്റ്റ്, തബലയിൽ കേരളത്തിലെ ആദ്യ ബിരുദാനന്തരബിരുദത്തിനുടമ... എങ്ങനെ എത്തിപ്പെട്ടു ഈ വഴിയിൽ?

തകിൽവാദകൻ കൂടിയായിരുന്ന അച്ഛൻ രാമചന്ദ്ര അയ്യരും വീണയിലും സംഗീതത്തിലും അറിവുള്ള അമ്മ സരോജയും എന്നും പ്രചോദനമായിരുന്നു. അഞ്ചു ചേട്ടൻമാരും ഒരു ചേച്ചിയുമാണുള്ളത്. മൂത്തചേട്ടൻ തബലവായിക്കും. ചേച്ചി പാടും. ഒരു ചേട്ടൻ നർത്തകനായിരുന്നു. ആ ചേട്ടനും അച്ഛനും ഇന്ന് ഞങ്ങൾക്കൊപ്പമില്ല. കുട്ടിക്കാലത്ത് വീട്ടിൽ ചേട്ടനുവേണ്ടി നാടോടിനൃത്തപരിശീലനം നടക്കാറുണ്ട്. അതിൽ തബലയായിരുന്നു പ്രധാന വാദ്യം.

എന്നെ നൃത്തത്തെക്കാൾ ആകർഷിച്ചത് തബലയുടെ താളങ്ങളായിരുന്നു. ചേട്ടന്റെ പ്രാക്ടീസ് കഴിഞ്ഞ് ഒഴിവുനേരങ്ങളിൽ ആരുമില്ലാത്തപ്പോൾ എട്ടുവയസ്സുകാരിയായ ഞാൻ തബലയെടുത്ത് വായിക്കാൻ തുടങ്ങി. അതായിരുന്നു എന്റെ തുടക്കം. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻതന്നെ തബല മത്സരത്തിനുചേർന്നു. സ്കൂളിൽ ഒന്നാംസ്ഥാനം കിട്ടി. അതോടെ എന്നെ പഠിപ്പിക്കാൻ അച്ഛൻ തയ്യാറായി. കാരിക്കോട് ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു ആദ്യ ഗുരു. 

തബലപഠനം ഗൗരവമായി കാണാൻ തുടങ്ങിയത് ഏതുകാലത്താണ് ?

ആദ്യമെല്ലാം യുവജനോത്സവങ്ങൾക്കുവേണ്ടി മാത്രമുള്ളതായാണ് വീട്ടുകാർ തബലപഠനത്തെ കണ്ടത്. വെച്ചൂർ ഗവ. സ്കൂളിലായിരുന്നു പഠനം. പിന്നീട് സെന്റ് സേവിയേഴ്‌സ് കോളേജിലും ദേവസ്വം ബോർഡ് കോളേജിലുമായി പ്രീഡിഗ്രി, ബിരുദ, ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കി. 

ബിരുദകാലത്താണ് തബലയെ ഞാൻ ഗൗരവമായി കാണാൻ തുടങ്ങിയത്. സർവകലാശാല മത്സരങ്ങളിലെല്ലാം വിജയിച്ചിരുന്നു. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കൂടുതൽ ഗൗരവമായി തബലപഠനം മാറിയത്. കോളേജിൽ ഗസ്റ്റ് ലക്ചറായി ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ ഗുരുനാഥൻ വഴി ഹൈദരാബാദിൽ കൂടുതൽപഠിക്കാൻ അവസരമൊരുങ്ങുന്നത്. 

തുടർപഠനം എങ്ങനെയായിരുന്നു?

ചെല്ലപ്പൻമാസ്റ്ററുടെ ഒരു സുഹൃത്ത് വഴിയാണ് ഹൈദരാബാദിൽ പഠിക്കാൻ പോകുന്നത്. ആന്ധ്ര സ്വദേശിയായിരുന്ന അദ്ദേഹം  വെള്ളൂരിൽ സംഗീതസ്ഥാപനത്തിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഹൈദരാബാദിലെ പോട്ടി ശ്രീരാമലു തെലുഗു സർവകലാശാലയിൽ ഡിപ്ലോമകോഴ്സിനു ചേർന്നു. ജയകാന്ത് സാർ ആയിരുന്നു അവിടെ ഗുരു. അവിടെനിന്ന് തിരിച്ചുവന്നശേഷം കൂടുതൽ പഠനങ്ങൾക്കായി തൃപ്പൂണിത്തുറ ഭാരതീയ സംഗീതവിദ്യാലയത്തിൽ ചേർന്നു.

അവിടെ ഉസ്താദ് ഫയാസ് ഖാൻ അധ്യാപകനായിരുന്നു. എല്ലാ മാസവും അദ്ദേഹം വന്ന് ക്ലാസെടുക്കും. അങ്ങനെയാണ് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. പിന്നീട് തബലയിൽ വിശാരദ് പഠനത്തിനായിനടന്ന അന്വേഷണം തിരുവനന്തപുരത്ത്  താമസിക്കുന്ന മഹാരാഷ്ട്രക്കാരനായ പ്രൊഫ. മനോഹർ കേഷ്‌കറിലെത്തി. വിശാരദ് കോഴ്സ് മുഴുവൻ അദ്ദേഹത്തിന്റെ കീഴിലായിരുന്നു പഠനം.

അതിനുശേഷം കോലാപുർ ശിവാജി സർവകലാശാലയിൽനിന്ന് തബലയിൽ ഒന്നാം റാങ്കോടെ വിജയിച്ചു. ആറ്‌ ഘരാനകളിലായുള്ള തബലവാദനത്തിൽ എല്ലാ മേഖലകളിലും എനിക്ക് ഇനിയും കൂടുതൽപഠനങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഹൈദരാബാദിലെ ജയകാന്ത് സാറിന്റെ ഗുരുനാഥൻകൂടിയായ അരവിന്ദ് മുൾഗോൾക്കറിനു കീഴിലാണ് ഇപ്പോൾ പഠിക്കുന്നത്.

ഈ യാത്രയിൽ വേറിട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

തബല ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഭാഗമായുള്ള ഉപകരണമാണ്. കേരളത്തിൽ ശാസ്ത്രീയസംഗീതത്തിൽ ഇതിനു വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ല. കർണാടക സംഗീതത്തിന്റെ ഭാഗമായി കടന്നുവരുന്നില്ല എന്നതുതന്നെയാണ് കാരണം. 2010-ലാണ് ഒറ്റയ്ക്കുള്ള ആദ്യത്തെ തബലവാദനം നടന്നത്. തൃശ്ശൂരിലെ റീജണൽ തീയറ്ററിൽ ഫിലിപ് ഫ്രാൻസിസിന്റെ ഓർമയ്ക്കായി നടത്തുന്ന പിയാനോ ഫെസ്റ്റിവലിലായിരുന്നു അത്. 

പിറ്റെദിവസത്തെ പത്രങ്ങളിൽ വാർത്തകണ്ട് പ്രശസ്തകർണാടക സംഗീതജ്ഞൻ ടി.വി. ഗോപാലകൃഷ്ണൻ ‍എന്നെ പരിപാടിക്കു ക്ഷണിച്ചു. ചെന്നൈയിൽ അദ്ദേഹത്തിനൊപ്പവും ഒറ്റക്കും ഞാൻ തബല വായിച്ചു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്.  

2017 ജനുവരിയിൽ കുതിരമാളിക ഫെസ്റ്റിവലിനായി അശ്വതിതിരുനാൾ രാമവർമ ക്ഷണിച്ചതും മറ്റൊരു അനുഭവമാണ്. 2008-ൽ തൃപ്പൂണിത്തുറവെച്ച് അശ്വതി തിരുനാളിന്റെ ക്ലാസ് ഞാൻ കേട്ടിരുന്നു. തബലയുടെ സാഹിത്യം പഠിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ക്ലാസാണ്. അങ്ങനെയൊരാൾ വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. 
സൂര്യ ഫെസ്റ്റിവൽ, അബ്ദുൾ കരീം ഖാൻ ഫെസ്റ്റിവൽ, തുരീയം ഫെസ്റ്റിവൽ, അംബ ബായ് നവരാത്രി ഫെസ്റ്റിവൽ തുടങ്ങി ഇന്ത്യയുടെ അകത്തും പുറത്തും പലവേദികളിലും അവസരം ലഭിച്ചു. 

ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് ഫയാസ് ഖാൻ, ദത്താത്രേയ വലൻകർ, അരുൺ കശാൽകർ, ഷൈലേഷ് ഭഗവത്, റഫീഖ് ഖാൻ, വർഷ നാനേ, സാവ്നി ഷിൻഡേ തുടങ്ങിയ ഹിന്ദുസ്ഥാനി പ്രതിഭകൾക്കും ടി.വി. ഗോപാലകൃഷ്ണൻ, ഒ.എസ്. അരുൺ, കന്യാകുമാരി തുടങ്ങിയ കർണാടിക് പ്രതിഭകൾക്കും ഒപ്പമിരുന്ന് വായിക്കാൻ സാധിക്കുന്നതുതന്നെ വലിയകാര്യമായാണ് ഞാൻ കരുതുന്നത്

പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടോ ?

സ്ത്രീയെന്നനിലയിൽ ചില അവഗണനകൾ ഉണ്ടായിട്ടുണ്ട്. പഠനത്തിനായി ഒരുപാട് അലയേണ്ടിവന്നു. അതൊന്നും അത്ര കാര്യമാക്കിയിട്ടില്ല. എന്നാൽ പുരുഷാധിപത്യമുള്ള രംഗം ആയതിനാൽ നന്നായി പണിപ്പെടേണ്ടിവന്നിട്ടുണ്ട്. നന്നായിവായിക്കുന്നതിലും മുന്നോട്ടുവരുന്നതിലുമുള്ള ഈഗോ ഈ രംഗത്തുണ്ട്.  അതുവഴി അവസരങ്ങളും നഷ്ടമായിട്ടുണ്ട്. എന്നാൽ എല്ലാത്തിനും മീതെയാണ് കലയെന്ന്‌ ഞാൻ വിശ്വസിക്കുന്നു. കല സത്യമായതിനാൽ അത് നിലനിൽക്കുമെന്നും ഉറപ്പുണ്ട്.